29 March Friday

എന്‍ജിനിയറിങ് ബിരുദത്തിനുശേഷം തുടര്‍പഠനം

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jun 15, 2017

പ്രതിവര്‍ഷം എട്ടുലക്ഷത്തോളം എന്‍ജിനിയറിങ് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. ഇവരില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ മികച്ച തൊഴില്‍ ലഭിക്കുന്നവര്‍ ഏറെയുണ്ട്. ഗെയിറ്റ് പരീക്ഷ എഴുതി എംടെക്കിന് പഠിക്കാനും, ക്യാറ്റ് എഴുതി ഐഐഎമ്മില്‍ ചേരുന്നവരുമുണ്ട്.  കൂടാതെ മികച്ച ബിസിനസ് സ്കൂളില്‍ എംബിഎക്കു ചേരുന്നവരുമുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവരും ഇംഗ്ളീഷ്  പ്രാവീണ്യ പരീക്ഷയെഴുതി വിദേശത്ത് എംഎസിന് ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തിറക്കിയ നാസ്കോമിന്റെ റിപ്പോര്‍ട്ടില്‍ എന്‍ജിനിയറിങ്  ബിരുദം മാത്രമുള്ളവരുടെ തൊഴില്‍ലഭ്യതാ മികവ് 33 ശതമാനം മാത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്‍ജിനിയറിങ് ബിരുദത്തിനുശേഷം ബ്രിഡ്ജ് കോഴ്സുകളും മൂല്യവര്‍ധിത കോഴ്സുകളും മറ്റു തുടര്‍പഠനങ്ങളും ഉണ്ടെങ്കില്‍ തൊഴില്‍ലഭ്യത ഇരട്ടിയാക്കാം.

തൊഴില്‍നൈപുണ്യം, ആശയവിനിമയം, ഇംഗ്ളീഷ് പ്രാവീണ്യം, പൊതുവിജ്ഞാനം, ഇന്റര്‍വ്യു എന്നിവയിലാണ് എന്‍ജിനിയറിങ് ബിരുദധാരികള്‍ പിന്നിലാകുന്നത്.  എന്‍ജിനിയറിങ്  ബിരുദധാരികളില്‍ ബാങ്കിങ് പ്രവേശനപരീക്ഷയെഴുതി ബാങ്ക് ഉദ്യോഗസ്ഥരാകുന്നവരും ഗള്‍ഫ്നാടുകളില്‍ തൊഴില്‍നേടുന്നവരുമുണ്ട്.  ഗേറ്റ്, ക്യാറ്റ്, സിവില്‍ സര്‍വീസ്, ബാങ്കിങ് പരീക്ഷകള്‍ക്കപ്പുറം പിഎസ്സി/യുപിഎസ്സി പരീക്ഷകള്‍, എന്‍ജിനിയറിങ് സര്‍വീസ് പരീക്ഷകളുമുണ്ട്. 

എന്നാല്‍ അടുത്തകാലത്ത് നെക്സ്റ്റ്എഡ്യു.ഇന്‍ (nextedu.in) നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് എന്‍ജിനിയറിങ് തൊഴില്‍ലഭ്യത ഉറപ്പുവരുത്താന്‍ മൂല്യവര്‍ധിത കോഴ്സുകള്‍ ആവശ്യമാണെന്നാണ്. അഡ്വാന്‍സ്ഡ് ഐടി, മാനുഫാക്ചറിങ്, ഡിസൈന്‍ തുടങ്ങിയ മേഖലകളിലെ ബിരുദാനന്തര ഡിപ്ളോമാ പ്രോഗ്രാമുകള്‍ മികച്ച തൊഴില്‍ലഭ്യത ഉറപ്പുവരുത്തും.

ന്യൂഡല്‍ഹിയിലെ സ്കൂള്‍ ഓഫ് പ്ളാനിങ് ആന്‍ഡ് ആര്‍കിടെക്ചറിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ചിലെ (NICMAR, Pune) ബിരുദാനന്തര പ്രോഗ്രാമുകള്‍ എന്നിവ മികച്ച തൊഴില്‍സാധ്യതയുള്ളവയാണ്.

ആര്‍കിടെക്ചറല്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് അര്‍ബന്‍ഡിസൈന്‍, എന്‍വയോണ്‍മെന്റല്‍ പ്ളാനിങ്, റീജണല്‍ പ്ളാനിങ് ആന്‍ഡ് അര്‍ബന്‍ പ്ളാനിങ്, ഹൌസിങ്, ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ്, ലാന്‍ഡ്സ്കേപ് ആര്‍കിടെക്ചര്‍, ബില്‍ഡിങ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നിവയിലും, കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റിലും ബിരുദാനന്തരഡിഗ്രി,ഡിപ്ളോമാ പ്രോഗ്രാമുകളുണ്ട്.  ബിടെക് സിവില്‍, ആര്‍കിടെക്ചര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.spa.ac.in, www.nicmar.ac.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

കോഴിക്കോടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ക്ളൌഡ് കംപ്യൂട്ടിങ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, സോഫ്റ്റ്വെയര്‍ ടെക്നോളജി, അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ ബിഗ് ഡാറ്റാ അനലിറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, ആന്‍ഡ്രോയ്ഡ് അപ്ളിക്കേഷന്‍ ഡെവലപ്മെന്റ്, ജാവാ എന്റര്‍പ്രൈസസ് എഡിഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കേറ്റ്  ഡിപ്ളോമാ പ്രോഗ്രാമുകളുണ്ട്. വിവരങ്ങള്‍ക്ക് www.nielit.in  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇന്ന് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്ക് പ്രാധാന്യമേറുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയില്‍  ഒമ്പതുമാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. വിവരങ്ങള്‍ക്ക് www.iica വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഹൈദരബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ടൂള്‍ ഡിസൈന്‍ മൈക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രൈസസസില്‍ 100 ശതമാനം ക്യാമ്പസ് പ്ളേസ്മെന്റ് ഉറപ്പുവരുത്തുന്ന ബിരുദാനന്തര ഡിപ്ളോമാ പ്രോഗ്രാമുകളുണ്ട്. വിവരങ്ങള്‍ക്ക് www.citdindia.org,  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്റ്റിക്സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പ്ളാസ്റ്റിക്സ് പ്രോസസിങ്, ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റികണ്‍ട്രോള്‍, പ്ളാസ്റ്റിക്സ്മോള്‍ഡ് ഡിസൈന്‍വിത്ത്കാഡ് എന്നീബിരുദനന്തര ഡിപ്ളോമാ പ്രോഗ്രാമുകളുണ്ട്. വിവരങ്ങള്‍ക്ക് www.cipet.gov.in സന്ദര്‍ശിക്കുക.

മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങില്‍ ബിരുദാനന്തര ഡിപ്ളോമാ പ്രോഗ്രാമുണ്ട്. വിവരങ്ങള്‍ക്ക് www.iip.in.com സന്ദര്‍ശിക്കുക.

നോയിഡയിലെ ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് ഫുട്വെയര്‍ മാനജ്മെന്റില്‍ എംബിഎക്ക് പഠിക്കാം.  വിവരങ്ങള്‍ക്ക് www.fddiindia.com സന്ദര്‍ശിക്കുക. ഓരോരുത്തരുടെയും ബിരുദത്തിന്റെ മാര്‍ക്ക്, അഭിരുചി, തെരഞ്ഞെടുത്ത ബ്രാഞ്ച് എന്നിവയും ഭാവിയിലെ തൊഴില്‍സാധ്യതകളും കണക്കിലെടുത്തു വേണം തുടര്‍പഠനവും തെരഞ്ഞെടുക്കാന്‍. 

tpsethu2000@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top