20 April Saturday

കീം, നീറ്റ്, ജെഇഇ മെയിന്‍ :
 അപേക്ഷ ശ്രദ്ധയോടെ

ഡോ. ടി പി സേതുമാധവൻUpdated: Thursday Apr 14, 2022


ഏറ്റവും കൂടുതൽ പേർ എഴുതുന്ന കേരള എൻജിനിയറിങ്‌ പ്രവേശന പരീക്ഷ (KEAM 2022), നീറ്റ് യുജി (NEET 2022),  കേന്ദ്ര സർവകലാശാലകളിലേക്കുള്ള സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ (CUET 2022) എന്നിവയുടെ അപേക്ഷാ നടപടികൾ പുരോഗമിക്കുകയാണ്‌. ഓൺലൈൻ അപേക്ഷ സമർപ്പണം ഏറെ ശ്രദ്ധയോടെ വേണം. പ്രോസ്‌പെക്ടസ്‌ കൃത്യമായി വായിച്ച്‌ മനസ്സിലാക്കണം. വെബ്‌സൈറ്റുകൾ പതിവായി നോക്കുകയും നിർദേശങ്ങളിലും  മറ്റുമുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും വേണം. ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. തെറ്റായ വിവരങ്ങൾ നൽകിയാൽ പിന്നീട് തിരുത്തൽ ബുദ്ധിമുട്ടാണ്‌. പ്രവേശനപരീക്ഷകൾക്ക്‌ ചിട്ടയോടെ തയ്യാറെടുക്കണം. പ്ലസ് ടു ബോർഡ് പരീക്ഷ കഴി ഞ്ഞാൽ മുഴുവൻ സമയവും പ്രവേശനപരീക്ഷാ തയ്യാറെടുപ്പിന് നീക്കിവയ്ക്കണം. പരമാവധി മാതൃകാ ചോദ്യപേപ്പറുകൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. സമയക്രമം ക്ലിപ്‌തപ്പെടുത്തണം. അകാരണമായ ടെൻഷൻ ഒഴിവാക്കണം.

പ്ലസ്‌ടു സയൻസ് വിദ്യാർഥികൾക്ക് എൻജിനിയറിങ്‌, മെഡിക്കൽ, മെഡിക്കൽ അനുബന്ധ, കാർഷിക കോഴ്സുകൾക്ക് അപേക്ഷിക്കാം.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പ്ലസ്‌ ടു തലത്തിൽ ബയോളജി പഠിച്ചിരിക്കണം. കേരളത്തിൽ നീറ്റ് വഴി പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം  ലഭിക്കാൻ കീമിൽ  നിർബന്ധമായും  രജിസ്റ്റർ ചെയ്യണം. കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനം പരീക്ഷാ കമീഷണർ നടത്തുന്ന കീമിൽ കൂടിയാണ്‌. രാജ്യത്തെ എൻഐടി, ഐഐഐടികൾ എന്നിവിടങ്ങളിൽ എൻജിനിയറിങ്‌, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്ക് ജെഇഇ മെയിനിലും ഐഐടികളിലേക്ക് ജെഇഇ അഡ്വാൻസ്ഡ്ലും മികച്ച റാങ്ക് ആവശ്യമാണ്. ഐഐഎസ്‌ടി, ഐസറുകൾ  തുടങ്ങിയവയിലേക്കുള്ള  പ്രവേശന നടപടികളും പ്രത്യേകം ശ്രദ്ധിക്കണം.

കീം 2022
സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ബിഫാം, എംബിബിഎസ് ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, കാർഷിക, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്കായുള്ള പ്രവേശനപരീക്ഷയാണിത്‌. മെഡിക്കൽ അനുബന്ധ കോഴ്സുകൾ, കാർഷിക കോഴ്സുകൾ എന്നിവയ്ക്ക് നീറ്റ് റാങ്കിനനുസരിച്ചാണ് പ്രവേശനമെങ്കിലും കീമിന്‌  അപേക്ഷിച്ചിരിക്കണം. ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കുന്നവർ നാറ്റാ സ്‌കോർ നേടിയിരിക്കണം. 

ബിഫാമിന്‌  പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷാ സ്കോറാണ് മാനദണ്ഡം. എൻജിനിയറിങ്‌, ആർക്കിടെക്ചർ, മെഡിക്കൽ/അനുബന്ധ കോഴ്സുകൾ, ആയുർവേദം, ബിഫാം എന്നീ കോഴ്സുകൾക്കായി അഞ്ച് റാങ്ക് ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും.

പ്രവേശന പരീക്ഷ ജൂൺ 26 നാണ്. അപേക്ഷ ഏപ്രിൽ 30നകവും, ആവശ്യമായ രേഖകൾ മെയ് 10 നകവും സമർപ്പിക്കണം. വിവരങ്ങൾക്ക്‌:  www.cee. kerala.gov.in

നീറ്റ് യുജി 2022
ദേശീയ മെഡിക്കൽ, ഡെന്റൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ  ജൂലൈ 17 നാണ്‌. ഇക്കറു പരീക്ഷാ സമയം 20 മിനിറ്റ് കൂടി വർധിപ്പിച്ചിട്ടുണ്ട്. നീറ്റ് റാങ്കിനനുസരിച്ചാണ് എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള പ്രവേശനം.
അപേക്ഷകർ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോകെമിസ്ട്രി പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി സുവോളജി, ബോട്ടണി എന്നിവയിൽ നിന്നായി 45 വീതം മൊത്തം 180 ചോദ്യമുണ്ടാകും. ഒരു ചോദ്യത്തിന് 4 മാർക്ക് വീതം 720 ആണ് മൊത്തം മാർക്ക്. നെഗറ്റീവ് മാർക്കിങ്‌ നിലവിലുണ്ട്,

അപേക്ഷകർ 2005 ഡിസംബർ 31 നോ, മുമ്പോ ജനിച്ചവരായിരിക്കണം. 17 വയസ്സാണ് കുറഞ്ഞ പ്രായം. ഉയർന്ന പ്രായപരിധിയില്ല. നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷ  മെയ് 6 വരെ സമർപ്പിക്കാം.
എയിംസ്, ജിപ്മർ കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം. വിവരങ്ങൾക്ക്: neet.nta.nic.in

ജെഇഇ (മെയിൻ)2022
ജോയിന്റ് എൻജിനിയറിങ്‌ എൻട്രൻസ് പരീക്ഷ (മെയിൻ)2022 രണ്ടുതവണ നടക്കും. ആദ്യ പരീക്ഷാ സെഷൻ ജൂൺ 20  മുതൽ 29 വരെയാണ്‌. ഈ സെഷനായുള്ള അപേക്ഷ നൽകാനുള്ള സമയം അവസാനിച്ചു. രണ്ടാമത്തെ പരീഷാ സെഷൻ ജൂലൈ 21 മുതൽ 30 വരെയാണ്‌.  ഇതിനായി ഉടൻ അപേക്ഷ ക്ഷണിക്കും.

പ്ലസ്‌ ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ എൻഐടികൾ, ഐഐഐടികൾ, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കുള്ള ബിടെക് ബിരുദ പ്രോഗ്രാം ജെഇഇ(മെയിൻ) റാങ്ക് ലിസ്റ്റിൽനിന്നാണ്. ജെഇഇ മെയിനിൽ യോഗ്യത നേടിയാൽ ഐഐടികളിലെ ബിരുദ പ്രോഗ്രാമിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാം. ജെഇഇ മെയിനിലൂടെ ബിഇ/ബിടെക്, ബിപ്ലാൻ, ബിആർക്ക് കോഴ്സുകൾക്ക് അഡ്മിഷൻ നേടാം. വിവരങ്ങൾക്ക്: jeemain.nta.nic. in

കേന്ദ്രസർവകലാശാല
കേന്ദ്രസർവകലാശാലകളിലെ യുജി പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷയ്‌ക്കുള്ള (CUET2022) - പ്രോസ്‌പെക്ടസും മറ്റ്‌ മാർഗനിർദേശങ്ങളും നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ മെയ്‌ ആറുവരെ സ്വീകരിക്കും. പ്രവേശന പരീക്ഷ ജൂലെെ ആദ്യവാരം നടക്കും. വിവരങ്ങൾക്ക്‌:   https://cuet.samarth.ac.in/, www.nta.ac.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top