26 April Friday

ജിഎസ്‌ടി പഥ്യമല്ല; ആയുർവേദ മരുന്നിന്റെ വില കുതിക്കുന്നു

ലെനി ജോസഫ്Updated: Wednesday Feb 14, 2018

ആലപ്പുഴ > ഇന്ത്യയുടെ തനത് ചികിൽസാ സംവിധാനമായ ആയുർവേദത്തിന്റെ ആരോഗ്യം ക്ഷീണിപ്പിച്ച് ജിഎസ്‌ടി. ആയുർവേദ മരുന്നുകളുടെ വില കുത്തനെ ഉയർന്നു. ആദ്യം 12 ശതമാനമായി നിശ്ചയിച്ച ആയുർവേദമരുന്നുകളുടെ ജിഎസ്‌ടി, പ്രതിഷേധത്തെത്തുടർന്ന് അഞ്ചു ശതമാനമായി കുറച്ചെങ്കിലും നിലവിൽ പകുതിയിലേറെ മരുന്നുകൾക്കും 12 മുതൽ 18 വരെ ശതമാനം നികുതിയാണ്. പേറ്റന്റ് മരുന്നുകൾക്കെല്ലാം 12 ശതമാനം. സൗന്ദര്യവർധക മരുന്നുകൾക്ക് 18.

 ഭാവപ്രകാശം, രസരത്‌ന സമുച്ചയം, ചരകസംഹിത, സുശ്രുതസംഹിത തുടങ്ങിയ പുരാതന ആയുർവേദഗ്രന്ഥങ്ങളിൽ പറയുന്ന 'ക്ലാസിക്' മരുന്നുകൾക്കു മാത്രമാണ് പ്രതിഷേധത്തെത്തുടർന്ന് നികുതി കുറച്ചത്. 'ചികിൽസാമഞ്ജരി', 'സഹസ്രയോഗം' എന്നീ കേരളീയ വൈദ്യഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതും കേരളത്തിലെ ആയുർവേദ ഡോക്ടർമാർ വ്യാപകമായി  നിർദേശിക്കുന്നതുമായ മരുന്നുകൾക്ക് 12ശതമാനമാണ് ജിഎസ്‌ടി.

പനിക്ക് പാരമ്പര്യമായി ഉപയോഗിക്കുന്ന മരുന്നാണ് 'വെട്ടുമാറാൻ' ഗുളിക. അതു 'ക്ലാസിക്കൽ' മരുന്നല്ലാത്തതിനാൽ 12 ശതമാനമാണ് ജിഎസ്ടി. മുറിവെണ്ണ ഒരു ഗ്രന്ഥത്തിലും ഇല്ലാത്തതിനാൽ ഇതുതന്നെ സ്ഥിതി. മൃതസഞ്ജീവിനി അരിഷ്ടത്തിനും സഹസ്രയോഗത്തിൽ പറഞ്ഞിട്ടുള്ള വലിയങ്ങാടി കഷായത്തിനും 12 ശതമാനമാണ് ജിഎസ്ടി. ക്ലാസിക്കൽ മരുന്നുകളായ ദശമൂലാരിഷ്ടത്തിനും ജീരകാരിഷ്ടത്തിനും അഞ്ചുശതമാനമാണ് ജിഎസ്ടിയെങ്കിലും ഇവ രണ്ടും ചേർത്തുള്ള ദശമൂലജീരകാരിഷ്ടമാകുമ്പോൾ 12 ശതമാനമാകും. ഗുൽഗുലുതിക്തകം ഘൃതമായാണ് പുരാതനഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ ഗുണകരമെന്നുകണ്ട് കേരളത്തിൽ ഡോക്ടർമാർ അത് കഷായമായാണ് നിർദേശിക്കുന്നത്.

എല്ലാ കമ്പനികൾക്കുമുള്ള ഈ കഷായത്തിന് 12 ശതമാനമാണ് ജിഎസ്ടി. ച്യവനപ്രാശം ഉള്ളടക്കത്തിൽ എന്തെങ്കിലും കൂടി ചേർത്ത് സ്‌പെഷൽ ച്യവനപ്രാശമായാൽ അതിനും 12 ശതമാനം. കഷായം മിക്കയിടത്തും സൗകര്യപ്രദമായി ഗുളികകളായി നൽകുന്നുണ്ട്്. ഇത് പുരാതനഗ്രന്ഥത്തിൽ ഇല്ലാത്തിനാൽ നികുതി 12 ശതമാനമാണ്.
ആയുർവേദിക് ടൂത്ത് പേസ്റ്റ്, ഫെയ്‌സ്‌വാഷ്, ആയുർവേദ ഹെയർ ഓയിലുകൾ എന്നിവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി. നീലിഭൃംഗാദി, കൈയുണ്യാതി എണ്ണകളുടെ ജിഎസ്ടി 18ലേക്ക് ഉയർന്നു. ആയുർവേദത്തിൽ വളരെ പ്രധാനമായ എണ്ണ, തൈലം എന്നിവയൊക്കെ സൗന്ദര്യവർധക വിഭാഗത്തിൽപ്പെടുത്താവുന്ന സാഹചര്യമാണുള്ളതെന്നും അത് ദോഷകരമാണെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ വർക്കിങ് ചെയർമാൻ ഡോ. വി വിഷ്ണു നമ്പൂതിരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top