23 April Tuesday

വിദേശപഠനം കരുതലോടെ

ഡോ. ടി പി സേതുമാധവൻUpdated: Tuesday Aug 13, 2019


വിദേശ പഠനത്തിന്  താൽപര്യപ്പെടുന്നവർ  ചതിക്കുഴികൾ ഏറെയുണ്ടെന്ന കാര്യം  വിസ്മരിക്കരുത്. ഇത് എല്ലാ രാജ്യങ്ങളിലുമുണ്ട്. നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കേവലം ആകർഷകമായ  വെബ്സൈറ്റ്  സന്ദർശിച്ച് വിദ്യാഭ്യാസ സ്ഥാപനത്തെ വിലയിരുത്തരുത്.

ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യാജ ഏജൻസികളും വ്യക്തികളുമുണ്ടെന്ന് തിരിച്ചറിയണം.  അടുത്തിടെ അമേരിക്കയിൽ 129  ഇന്ത്യൻ വിദ്യാർഥികളെ  അറസ്റ്റ് ചെയ്തത് വ്യാജ വിസ സർട്ടിഫിക്കറ്റുകൾ നൽകിയതുമായി ബന്ധപ്പെട്ടാണ്. ഇവർ യൂണിവേഴ്സിറ്റി ഓഫ്  ഫാമിംഗ്ടൺ എന്ന വ്യാജ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റുണ്ടാക്കി വിസ തട്ടിപ്പു നടത്തുകയായിരുന്നു. വ്യാജ സർവകലാശാലയിലേക്കെത്താൻ വിസ ശരിയാക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ കണ്ടെത്തിയാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗം  അറസ്റ്റ് ചെയ്തത്.

വിദേശ പഠനം താൽപര്യപ്പെടുന്നവർ ഏത് രാജ്യത്ത്  പോകണമെന്ന് ആദ്യം തീരുമാനിക്കണം. ഉപരിപഠന മേഖലയ്ക്കനുസരിച്ച് രാജ്യങ്ങളും  പ്രശസ്തമായ  സർവകലാശാലകളും തെരഞ്ഞെടുക്കാം. കുറഞ്ഞത് അഞ്ച് സർവകലാശാലകൾ തെരഞ്ഞെടുക്കാം. അഞ്ച് സർവകലാശാലകളിലേയ്ക്കെങ്കിലും  ഗ്രാഡ്വേറ്റ് പഠനത്തിന് അപേക്ഷിക്കണം. ഇന്ത്യയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവർ  വിദേശത്ത് ഗ്രാഡ്വേറ്റ്പഠനത്തിനാണെത്തുന്നത് (ഇന്ത്യയിൽ ബിരുദാനന്ത ബിരുദം).
പ്ലസ് ടു കഴിഞ്ഞവർ എസ്എടി പരീക്ഷയെഴുതി അണ്ടർ ഗ്രാഡ്വേറ്റ്  കോഴ്സിനു പഠിയ്ക്കാം. അമേരിക്ക, യുകെ, ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ  ഇംഗ്ലീഷ്  സംസാരിക്കുന്ന  രാജ്യങ്ങൾ  കൂടാതെ മറ്റെല്ലാ  യൂറോപ്യൻ  രാജ്യങ്ങളിലും  ഉപരിപഠന സാധ്യതയുണ്ട്.

വിദ്യാർഥികളെ ആകർഷിക്കുന്ന ചതിക്കെണികൾ
നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ  TOEFL/IELTS  ഒഴിവാക്കി അഡ്മിഷൻ നൽകാൻ തയ്യാറാകും.
സാമ്പത്തിക സഹായമായി  സ്കോളർഷിപ്പ് അസിസ്റ്റന്റ് ഷിപ്പ്, ഫെല്ലോഷിപ്പ്  എന്നിവ ലഭിയ്ക്കുമെന്ന വാഗ്ദാനം.
റാങ്കിംഗ് നിലവാരം  തെറ്റായി രേഖപ്പെടുത്തും.

ഒരേ പേരിൽ നിലവിലുള്ള സ്ഥാപനങ്ങളുമായി സാമ്യമുള്ള സർവകലാശാലകളുടെ വെബ്സൈറ്റ് സൃഷ്ടിക്കും.വ്യാജ അഡ്മിഷൻ അറിയിപ്പും വിസയ്ക്കുള്ള അപേക്ഷയും  അയച്ചുതരും.കോഴ്സ് പൂർത്തിയാക്കിയ ഉടനെ തൊഴിൽ ചെയ്യാനുതകുന്ന  പോസ്റ്റ് സ്റ്റഡി വർക്ക് വിസയെക്കുറിച്ച്  തെറ്റായ വിവരം നൽകുക.
ജീവിതച്ചെലവ് കുറവാണെന്ന്  തെറ്റിദ്ധരിപ്പിക്കുകപാർട് ടൈം തൊഴിൽ ഉടൻ ലഭിക്കുമെന്നും ഇതിലൂടെ തുക  മിച്ചംവെയ്ക്കാമെന്നുള്ള  പ്രലോഭനം
അംഗീകാരമുള്ള  ബിരുദ സർട്ടിഫിക്കറ്റുകൾ വിലയിരുത്ത് അഡ്മിഷൻ ശരിയാക്കുകവ്യാജ മേൽവിലാസങ്ങളും, ഇ‐മെയിൽ വിലാസങ്ങളും നൽകുക

മുൻകൂർ വിസ ഫീസ് വാങ്ങൽ
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി  നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതേയുള്ളൂ. അക്കാദമിക്  നിലവാരം, പരീക്ഷാ സ്കോറുകൾ  (TOEFL/IELTS, GRE, SAT) Statement of purpose    റഫറൻസ് കത്തുകൾ, പ്രവൃത്തി പരിചയം മുതലായവ അഡ്മിഷന് വിലയിരുത്തും. 

ബയോഡാറ്റ വസ്തുനിഷ്ഠമായ രീതിയിൽ  തയ്യാറാക്കണം. വ്യാജ ഏജൻസികളുടെ പ്രലോഭനത്തിൽ വീഴരുത്. എല്ലാ രാജ്യങ്ങളിലെയും  ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ  അതത് രാജ്യത്തിന്റെ ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രമോഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. അമേരിക്കയിലെ വിവരങ്ങൾ USIEF, യുകെയിലേക്ക് ബ്രിട്ടീഷ് കൗൺസിൽ, ഫ്രാൻസിലേക്ക് താൽപര്യപ്പെടുന്നവർ ക്യാമ്പസ് ഫ്രാൻസ്, ജർമ്മനിയ്ക്ക് ഡിഎഎഡി തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. ഇന്ത്യൻ എംബസി എല്ലാ രാജ്യങ്ങളിലുമുണ്ട്. അതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും കരുതലോടെ  മാത്രമെ വിദേശ പഠനത്തെ സമീപിക്കാവൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top