26 April Friday

എം ജി ബിരുദ ഏകജാലക പ്രവേശനം: 26 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 13, 2016

കോട്ടയം > മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ളൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 26ന് ആരംഭിക്കും. ജൂണ്‍ ഒമ്പതു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ 14ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 20നും രണ്ടാം അലോട്ട്മെന്റ് 28നും പ്രസിദ്ധീകരിക്കും.

ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നുള്ളതാണ് ഈ വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രത്യേകത. ഇതിലൂടെ അപേക്ഷകര്‍ക്ക് ബാങ്കുകളില്‍ പോകാതെ തന്നെ ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും നെറ്റ് ബാങ്കിങ് സൌകര്യവും ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് ഒടുക്കാം. ഇത് വഴി അപേക്ഷകന് സമയലാഭമുണ്ടാവുകയും അപേക്ഷ പ്രക്രിയ ലളിതമാവുകയും ചെയ്യും.

കൂടാതെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇത്തവണ തുടര്‍ അലോട്മെന്റുകളുടെ എണ്ണം രണ്ടായിരുന്നത് നാലായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെതന്നെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാത്രമായി നാല് അലോട്മെന്റുകള്‍ നടത്തും. ഇതിനൊക്കെ പുറമെ ഒഴിവ് വരുന്ന മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം അലോട്മെന്റ് വഴി സര്‍വ്വകലാശാല നേരിട്ട് നടത്തും. കോളേജുകളില്‍ നേരിട്ട് പ്രവേശനം നടത്തിയിരുന്ന വിവിധ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഇത്തവണ ഏകജാലകം വഴിയായിരിക്കും. സിബിഎസ്സി വിദ്യാര്‍ഥികളുടെ 12–ാം ക്ളാസ് പരീക്ഷാഫലം വന്നതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കൂ. ഇത്തരത്തില്‍ സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുന്ന രീതിയില്‍ സര്‍വകലാശാല പ്രവേശനപ്രക്രിയ ക്രമീകരിച്ചിരിക്കുന്നു. ക്യാപ് സംബന്ധമായ എല്ലാ വിവരങ്ങളും വരും ദിവസങ്ങളില്‍ www.cap.mgu.ac.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top