27 April Saturday

എസ്‌എസ്‌എൽസിക്കുശേഷം എന്ത്‌ പഠിക്കണം; എഴുതാം ഓൺലൈൻ അഭിരുചി പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Apr 13, 2020


തിരുവനന്തപുരം
എസ്‌എസ്‌എൽസി കഴിഞ്ഞ്‌ ഹയർ സെക്കൻഡറിക്ക്‌ ഏത്‌ കോംബിനേഷൻ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പുമുണ്ടെങ്കിൽ അവ മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അഭിരുചി പരീക്ഷ എഴുതാൻ അവസരം. ജയപരാജയങ്ങളില്ലാത്ത പരീക്ഷയിൽ കുട്ടിക്ക്‌ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ പ്ലസ്‌ ടുവിന്‌ ഏത്‌ കോഴ്‌സ്‌ തെരഞ്ഞെടുക്കുന്നതാകും അഭികാമ്യമെന്ന്‌ ബോധ്യമാകും. കുട്ടികളുടെ അഭിരുചി മനസ്സിലാക്കിയേ ഹയർ സെക്കൻഡറിക്ക്‌ വിഷയങ്ങൾ തെരഞ്ഞെടുക്കാവൂ. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി -വിഭാഗത്തിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് -സെൽ ആണ്‌ കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്  –- കെ ഡാറ്റ്‌ സൗജന്യമായി സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്ത്‌  വിവിധ ജില്ലകളിലായി ആയിരത്തോളം പേർ ഇതിനകം പരീക്ഷ എഴുതി. വിദഗ്ധ പരിശീലനം ലഭിച്ച ഹയർ സെക്കൻഡറിയിലെ 200 ഓളം നോഡൽ അധ്യാപകരാണ് ഓൺലൈൻ പരീക്ഷയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌.

വീട്ടിൽ ഇന്റർനെറ്റ് സൗകര്യത്തോടൊപ്പം ടാബ് -അല്ലെങ്കിൽ കംപ്യൂട്ടർ ഉള്ളവർക്ക് പങ്കെടുക്കാം. മൊബൈൽ ഫോൺ വഴിയോ വാട്സാപ് വഴിയോ വിദ്യാർഥികൾക്ക് നിർദേശം നൽകും. പരീക്ഷാ ഫലം അറിഞ്ഞശേഷം കൗൺസലിങ്, അഭിരുചിക്കനുസരിച്ച കോഴ്സ്, പ്രവേശന പരീക്ഷകൾ, പുതിയ -തൊഴിൽ മേഖലകൾ, പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, സ്കോളർഷിപ്പിനുള്ള സാധ്യതകൾ -എന്നിവയെപ്പറ്റി മനസ്സിലാക്കാനും കഴിയും. പരീക്ഷയിൽ കുട്ടിയുടെ അബ്‌സ്‌ട്രാക്ട്‌ റീസണിങ്‌, ന്യൂമെറിക്കൽ എബിലിറ്റി, മെക്കാനിക്കൽ റീസണിങ്‌, സ്‌പേസ്‌ റിലേഷൻസ്‌, വെർബൽ റിലേഷൻസ്‌, -വെർബൽ എബിലിറ്റി തുടങ്ങിയ കഴിവുകളാണ്‌ പരിശോധിക്കുന്നത്‌. 

-കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും ജില്ലാ ഹെൽപ് ഡെസ്കുകളെ ബന്ധിപ്പിക്കുന്നതിനും സംസ്ഥാന ടോൾഫ്രീ നമ്പറായ 18004252843 ൽ വിളിക്കാം. പകൽ 10 മുതൽ നാലുവരെ അധ്യാപകരെ -ബന്ധപ്പെടാനുള്ള സൗകര്യവും ഈ നമ്പറിൽ ലഭിക്കും. ഫോൺ: 9633480244, email : latheefcmmanoor@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top