25 April Thursday

ആത്മവിശ്വാസം ഉയർത്തി മലയാളം രണ്ടാം പേപ്പർ

അജേഷ്‌ കടന്നപ്പള്ളിUpdated: Thursday Mar 12, 2020


ശ്രദ്ധാപൂർവ്വം പാഠഭാഗങ്ങൾ മനസ്സിലാക്കുകയും പാഠഭാഗങ്ങളിലൂടെ, സൂക്ഷ്‌മതയോടെ പുനഃസന്ദർശനം നടത്തുകയും ചെയ്ത കുട്ടികൾക്ക് ആഹ്ലാദകരമായിത്തീരുന്ന പരീക്ഷയായിരുന്നു എസ്‌എസ്‌എൽസി  മലയാളം രണ്ടാം പേപ്പർ. എല്ലാ പാഠഭാഗങ്ങളും മികച്ച നിലയിൽ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ വിശകലനം ചെയ്‌തിട്ടുള്ളതിനാൽ  പരീക്ഷാർഥികൾക്ക്‌  അവരവരുടേതായ രീതിയിൽ ഉത്തരങ്ങളിലേക്കെത്തിച്ചേരാനാകും. ഒന്നു മുതൽ അഞ്ചു വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക എന്ന ചോദ്യ വിഭാഗം  പാഠഭാഗത്തെ നന്നായി മനസ്സിലാക്കിയ കുട്ടികൾക്ക്‌ ലളിതമായി. 

ചോദ്യങ്ങൾ പാഠ്യപദ്ധതി, പഠനരീതി എന്നിവയോട് നീതി പുലർത്തി എന്നു പറയാം. ഒന്നു മുതൽ 5 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരം  യഥാക്രമം, പുത്രൻ എന്ന നിലയിൽ കടമ നിർവഹിച്ചതിന്റെ  സംതൃപ്തി, കന്നിയിലെ നെല്ല്, മാവിനോടുള്ള പ്രേമം കവികളിലും ഉള്ളതുകൊണ്ട്, പത്രമുണ്ടായാൽ എല്ലാമായി, അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അടർത്തിക്കളഞ്ഞത് എന്നിങ്ങനെയാണ്.

ഇവയിൽ "പോയകാലത്തിൻ മധുരങ്ങളിൽ കൊതിയൂറുന്ന ശീലം മറന്നു തുടങ്ങി ഞാൻ’ -  മാനസികാവസ്ഥയിൽ വന്ന ഈ മാറ്റത്തിന്റെ  സാഹചര്യമായി കവി കാണുന്നതെന്ത്? എന്ന അഞ്ചാമത്തെ ചോദ്യം ശരിയായി വായിച്ചില്ലെങ്കിൽ ഉത്തരത്തിലെത്താനാകില്ല. രണ്ട് സ്കോറിനുള്ള ആറു മുതൽ എട്ടുവരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതുക എന്ന വിഭാഗം ചോദ്യങ്ങൾ ഏറെ പ്രയാസകരമല്ലെങ്കിലും കുട്ടികളെ അൽപ്പം കുഴച്ചേക്കും. അർഥവ്യത്യാസം വരാതെ ഒറ്റ വാക്യമാക്കുക എന്ന ചോദ്യത്തിനു മുന്നിൽ കുട്ടികൾ അൽപ്പസമയം ചെലവഴിക്കാനിടയുണ്ട്. ‘മത്തായിയുടെ വീട്ടിൽ ആരും ഒരക്ഷരം മിണ്ടാതെ സകല വായും അടച്ചു പൂട്ടി മുദ്രവച്ചിരിക്കുകയാണ് ' എന്ന രീതിയിലോ ‘മത്തായിയുടെ വീട്ടിൽ സകല വായും അടച്ചുപൂട്ടി മുദ്രവച്ചിരിക്കുന്നതിനാൽ ഒരക്ഷരം ആരും മിണ്ടുന്നില്ല' എന്ന രീതിയിലോ അർഥവ്യത്യാസം വരാതെ ഒറ്റ വാക്യമാക്കി എഴുതാവുന്നതാണ്.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക എന്ന 4 സ്കോറിനുള്ള ചോദ്യ വിഭാഗത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ, പാഠഭാഗങ്ങളിലൂടെ പലതവണ കയറിയിറങ്ങിയ ഒരു കുട്ടിക്ക് നിഷ്പ്രയാസം കഴിയും. പ്ലാവിലക്കഞ്ഞിയിലെ ഉചിതമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി പ്രസ്താവന വിശകലനം ചെയ്യാനുള്ള എട്ടാം ചോദ്യം പൊതുവെ ലളിതമായിരുന്നു.

പ്രതികരണക്കുറിപ്പ് തയ്യാറാക്കുക എന്ന പതിനൊന്നാം ചോദ്യം സമകാലികവും അവസരോചിതവുമായി.15 മുതൽ 17 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതുക എന്ന 6 സ്കോറിനുള്ള ചോദ്യ വിഭാഗത്തിൽ വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത്, ഇ സന്തോഷ് കുമാറിന്റെ പണയം, കുറ്റിപ്പുഴയുടെ ശ്രീനാരായണ ഗുരു എന്നീ പാഠഭാഗങ്ങളെയാണ് പ്രയോജനപ്പെടുത്തിയത്. ഉപന്യാസം തയ്യാറാക്കുക, കഥാപാത്രങ്ങളെ താരതമ്യം ചെയ്യുക, പ്രഭാഷണം തയ്യാറാക്കുക എന്നിങ്ങനെയുള്ള വ്യത്യസ്തത പുലർത്തുന്ന ചോദ്യങ്ങൾ കുട്ടികളെ ആഹ്ലാദിപ്പിക്കും. ആറ് സ്കോറിന് കഥാപാത്രങ്ങളെ താരതമ്യം ചെയ്യുവാനുള്ള ചോദ്യം ആകർഷകമായി.  

ആകെയുള്ള 17 ചോദ്യങ്ങളും മികച്ച നിലവാരമുള്ള ചോദ്യങ്ങളായിരുന്നു. നിരന്തരവും വൈവിധ്യപൂർണവുമായ ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെ കടന്നുപോയ ഏതൊരു കുട്ടിക്കും മലയാളം രണ്ടാം പേപ്പർ നല്ല അനുഭവമാകും പകർന്നിട്ടുണ്ടാവുക.  കുട്ടിയുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നതായി രണ്ടാം ദിവസത്തെ മലയാളം രണ്ടാം പേപ്പർ പരീക്ഷ.

(കണ്ണൂർ തടിക്കടവ് ഗവ.ഹൈസ്കൂൾ അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top