24 April Wednesday

ഉന്നത വിദ്യാഭ്യാസമേഖല പരിവർത്തനഘട്ടത്തിലേക്ക്‌

എം വി പ്രദീപ്‌Updated: Sunday Feb 9, 2020

തിരുവനന്തപുരം > സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പരിവർത്തനഘട്ടത്തിലേക്ക്‌. പുതിയ 60 കോഴ്‌സ്‌ തുടങ്ങുമെന്ന ബജറ്റ്‌ പ്രഖ്യാപനം പുതിയ കാലത്തിന്‌ അനുയോജ്യമായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ജാഗ്രതയ്‌ക്ക്‌ തെളിവുകൂടിയാണ്‌. 

കേരളത്തിലെ സർവകലാശാലകളിലും കലാലയങ്ങളിലും നടത്തിപ്പോരുന്ന പരമ്പരാഗത കോഴ്‌സുകൾ ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും പലതും തൊഴിൽ ലഭ്യതയ്‌ക്ക്‌   പര്യാപ്‌തമല്ല. വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ തൊഴിലില്ലായ്‌മയും വർധിക്കുന്നത്‌ ഫലപ്രാപ്‌തി വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണെന്ന്‌ നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്‌. പകർന്നുകിട്ടുന്ന അറിവുകൾ വിനിയോഗിക്കാൻ സാധ്യതകുറഞ്ഞ കോഴ്‌സുകൾ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം കൂട്ടാൻ മാത്രമേ ഉപകരിക്കൂ.

പരമ്പരാഗതവും കാലഹരണപ്പെട്ടതുമായ സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിച്ചിട്ടും കാര്യമൊന്നുമില്ലെന്ന്‌ വിദ്യാർഥികളും രക്ഷിതാക്കളും ബോധവാന്മാരായിട്ടുണ്ട്‌. പലപ്പോഴും എൻജിനിയറിങ്‌ കോളേജുകളിൽ വലിയ തോതിൽ സീറ്റ്‌ ഒഴിഞ്ഞുകിടക്കാൻ കാരണം ഇതുകൂടിയാണ്‌.  
വിവര സാങ്കേതികവിദ്യയുടെ അനുനിമിഷ വളർച്ചയിൽ പുതിയ വിജ്‌ഞാനശാഖകളും വളർന്നുകൊണ്ടിരിക്കുന്നു. നിർമിതബുദ്ധി, ബ്ലോക്‌ ചെയ്‌ൻ, കൊഗ്‌നിറ്റീവ്‌ സയൻസ്‌, വെർച്വൽ റിയാലിറ്റി, റോബോട്ടിക്‌സ്‌, ക്ലൗഡ്‌ കംപ്യൂട്ടിങ്‌..തുടങ്ങിയ പുതുതലമുറാ കോഴ്‌സുകൾ പഠിച്ച്‌ നൈപുണ്യം നേടുന്നവരെ ലോകത്തെ തൊഴിൽ മേഖലകൾ കാത്തിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ കലാലയങ്ങളിൽ പുതിയ കോഴ്‌സുകൾ പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവർത്തനദിശയിലേക്ക്‌ തിരിക്കുന്നത്‌. പുതിയ തലമുറ ആഗ്രഹിക്കുന്ന കോഴ്‌സുകൾ കേരളത്തിലെ കോളേജുകളിൽ ചെലവ്‌ കുറച്ച്‌ പഠിക്കാനുള്ള സാഹചര്യമൊരുങ്ങുന്നതോടെ വലിയ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാകും. 

സംരക്ഷണയജ്ഞം പ്രഖ്യാപിച്ച്‌ പൊതുവിദ്യാഭ്യാസ മേഖലയിലാകെ വലിയ മാറ്റം സാധ്യമാക്കിയശേഷമാണ്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സൗകര്യവികസനത്തിലേക്കും അക്കാദമിക്‌ നവീകരണത്തിലേക്കും സർക്കാർ കടക്കുന്നതെന്നത്‌ ചിട്ടയോടെയും നിശ്‌ചയ ദാർഢ്യത്തോടെയുമുള്ള ഭരണ നടപടികൾക്ക്‌ തെളിവാണ്‌. ലോകത്തിന്‌ തന്നെ മാതൃകയായ കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക്‌ കൂടുതൽ കരുത്ത്‌ പുതുതലമുറാ കോഴ്‌സുകൾ എത്തുന്നതോടെ സാധ്യമാകും.

പുതിയകാലത്തിന്‌ അനുയോജ്യമായതും പ്രയോജനകരവുമായ പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരു സമിതിയെതന്നെ നിയോഗിച്ചിട്ടുണ്ട്‌. ആധുനിക കാലഘട്ടത്തിലെ നൂതന വിദ്യാഭ്യാസ ശാഖകൾക്ക്‌ നേതൃത്വം നൽകാൻ ഡിജിറ്റൽ സർവകലാശാലയ്‌ക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞു.

പുതിയ കോഴ്‌സുകൾ അക്കാദമിക്‌ മികവ്‌ പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കേ അനുവദിക്കൂവെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽതന്നെ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.  ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സമിതി പുതിയ കോഴ്‌സുകൾക്കുള്ള അപേക്ഷ പരിശോധിക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top