25 April Thursday

കീം 2020: ഫീസ് ഘടനയും ആനുകൂല്യങ്ങളും അറിഞ്ഞിരിക്കണം

ആർ സുരേഷ് കുമാർUpdated: Monday Feb 3, 2020


സംസ്ഥാനത്ത്‌ പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിന്‌ അപേക്ഷിക്കുമ്പോൾ വിജ്‌ഞാപനം വായിച്ച്‌ ഫീസ്‌ ആനുകൂല്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നത്‌ ഉചിതമായിരിക്കും.

എസ്‌സി, -എസ്ടി, ആറ് ലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനമുള്ള ഒഇസി വിഭാഗക്കാർക്ക് സർക്കാർ, എയിഡഡ്, സ്വാശ്രയ കോളേജുകളിലെ മെരിറ്റ്, സംവരണസീറ്റുകളിൽ അഡ്മിഷൻ ലഭിച്ചാൽ ഫീസടയ്‌ക്കേണ്ടതില്ല. എന്നാൽ, ഈ വിഭാഗക്കാർക്ക് സ്വാശ്രയമാനേജ്‌മെന്റ് സീറ്റുകളിലോ കമ്യൂണിറ്റികൾക്കായി നീക്കിവച്ചിരിക്കുന്ന മാനേജ്മെന്റ് സീറ്റുകളിലോ എൻആർഐ സീറ്റുകളിലോ അഡ്മിഷൻ ലഭിച്ചാൽ ഫീസ് സൗജന്യമുണ്ടാകുന്നതല്ല. എൻജിനിയറിങ്‌ കോളേജുകളിൽ എഐസിടി മാർഗനിർദേശമനുസരിച്ച് ട്യൂഷൻ ഫീ വെയ്‌വർ സ്കീം നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ലോവർ ഇൻകം ഗ്രൂപ്പിന് ഫീസ് സൗജന്യവുമനുവദിക്കുന്നു. വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കോളേജിലും അഡ്മിഷൻ നേടിയവരിൽ ഏറ്റവും വരുമാനം കുറഞ്ഞ അഞ്ചുശതമാനം പേർക്കുവീതമാണ് രണ്ട് വിഭാഗത്തിലുമായി ഫീസ് സൗജന്യം നൽകുന്നത്. നിശ്ചിത ശതമാനം ആകെ അഡ്മിഷൻ നടന്നിട്ടുള്ള കോളേജുകളെ മാത്രമേ ഈ സ്കീമിൽ പരിഗണിക്കുകയുള്ളു.

അതുപോലെ സ്വാശ്രയമെഡിക്കൽ കോളേജുകളിൽ എംബിബിഎസ് അഡ്മിഷൻ ലഭിക്കുന്ന ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക് ജില്ലാകലക്ടർ നൽകുന്ന വെയിറ്റേജ് സ്കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ബിപിഎൽ സ്കോളർഷിപ് നടപ്പിലാക്കിയിട്ടുണ്ട്. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട്മാത്രം ഈ സ്കോളർഷിപ് ലഭിക്കുന്നതല്ല. ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീയുടെ 90 ശതമാനമാണ് ബിപിഎൽ സ്കോളർഷിപ്പായി ലഭിക്കുക. ഇത്തരം ഫീസാനുകൂല്യങ്ങൾക്കെല്ലാം അപേക്ഷ ക്ഷണിക്കുന്നത് കോഴ്സ് ആരംഭിച്ച് കഴിഞ്ഞ ശേഷമായതിനാൽ അഡ്മിഷൻ സമയത്ത് ആദ്യവർഷത്തെ ഫീസ്‌ അടയ്‌ക്കേണ്ടതുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി അർഹതയുള്ളവർക്ക് മാത്രമേ ഫീസാനുകൂല്യം ലഭിക്കുകയുള്ളൂവെന്നകാര്യം അത് പ്രതീക്ഷിക്കുന്നവർ അറിഞ്ഞിരിക്കണം. ബിഡിഎസ് കോഴ്സിന് ഇപ്പോൾ ഇത്തരം പ്രത്യേകം ഫീസാനുകൂല്യങ്ങൾ നിലവിലില്ല.

ഫീസ്‌ ഘടന
കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോഴും അഡ്മിഷനെടുക്കുമ്പോഴും നിലവിലുള്ള ഫീസ് ഘടന നന്നായി അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും സ്വാശ്രയകോളേജുകളിൽ അഡ്മിഷൻ നേടുന്നവർ. ഓരോ വർഷവും സർക്കാർ ഉത്തരവിലൂടെ കോഴ്സ്‌ അടിസ്ഥാനത്തിൽ ഫീസ് ഘടന തീരുമാനിക്കുന്നതാണ് പ്രവേശന പരീക്ഷാകമീഷണർ പ്രസിദ്ധീകരിക്കുന്നത്. അതിൽ ട്യൂഷൻ ഫീസാണ് പ്രധാനമായി ഉൾപ്പെടുത്തുക. കൂടാതെ ഓരോ കോളേജിലും സ്പെഷ്യൽ ഫീ, ഹോസ്റ്റൽ ഫീ, കോഷൻ ഡെപ്പോസിറ്റ് തുടങ്ങിയവ പ്രത്യേകം നൽകേണ്ടിവരാം. രണ്ടാംവർഷം ആകുമ്പോൾ ഫീസടയ്‌ക്കാൻ മാർഗമില്ലെന്നും പ്രവേശനപരീക്ഷാ കമീഷണർ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും പറഞ്ഞ് നിവേദനങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, സർക്കാർ ഉത്തരവനുസരിച്ച് പ്രവർത്തിക്കുക എന്നതിനപ്പുറം ഇത്തരം ആനുകൂല്യങ്ങൾ അനുവദിക്കാൻ കമീഷണർക്ക് കഴിയുന്നതല്ലെന്ന്  അറിയേണ്ടതാണ്. അതുപോലെ ഒരു പ്രൊഫഷണൽ കോഴ്സിൽ ചേർന്ന് കഴിഞ്ഞാൽ കോളേജിലെ കോഴ്സ് പൂർത്തിയാക്കാതെ ടിസി വാങ്ങിപ്പോകുന്നത് സർക്കാരിനും മാനേജ്മെന്റിനും സീറ്റ് നഷ്ടവും സാമ്പത്തികനഷ്ടവും വരുത്തുമെന്നതിനാൽ ലിക്വിഡേറ്റഡ് ഡാമേജസ് എന്ന പേരിൽ വലിയ തുക നഷ്ടപരിഹാരമായി അടയ്‌ക്കേണ്ടിവരാം. തുകയടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലൂടെ ഈടാക്കാൻ നടപടി സ്വീകരിക്കാമെന്നാണ് സമാനകേസുകളിൽ കോടതിപോലും പറഞ്ഞിട്ടുള്ളത്. അത്തരം നിബന്ധനകളില്ലാത്ത കോഴ്സുകളിൽ അതുവരെയടച്ച ഫീസ് നഷ്ടമാകുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ നിലവിലുള്ള സർക്കാർ ഉത്തരവുകൾ പാലിക്കുകയെന്നതല്ലാതെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി നോക്കി ഇളവുകൾ നൽകാൻ പ്രവേശനപരീക്ഷാകമീഷണർക്ക് കഴിയുന്നതല്ല. അതിനാൽ കൃത്യമായ ധാരണകളുടെ അടിസ്ഥാനത്തിലാകണം ഓരോ കോഴ്സും തെരഞ്ഞെടുക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top