25 April Thursday

മെഡിക്കല്‍/ എന്‍ജിനിയറിങ് പ്രവേശനപരീക്ഷ ഇന്നുമുതല്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2016

തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല്‍/  എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള 2016ലെ പ്രവേശനത്തിന് അര്‍ഹത നേടാനുള്ള പരീക്ഷയ്ക്കായി ഞായറാഴ്ചമുതല്‍ www.cee.kerala.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷാസമര്‍പ്പണത്തിന് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്പെക്ടസും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 168 പോസ്റ്റ് ഓഫീസുകള്‍വഴി വിതരണമാരംഭിച്ചു. ജനുവരി 29വരെ അപേക്ഷിക്കാം.

പ്രോസ്പെക്ടസ് വിദ്യാര്‍ഥിയും രക്ഷിതാവും പൂര്‍ണമായും വായിച്ചശേഷമേ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണ പ്രക്രിയയിലേക്ക് കടക്കാവൂ. അപേക്ഷകരില്‍ ഭൂരിഭാഗംപേരും സാധാരണക്കാരും പാവപ്പെട്ടവരുമാകയാല്‍ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം വീട്ടിലിരുന്ന് സാധ്യമല്ല. ഗ്രാമീണമേഖലകളില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭിക്കണമെന്നുമില്ല. ഇന്റര്‍നെറ്റ് കഫേകളിലും അക്ഷയ കേന്ദ്രങ്ങളിലും പോയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രക്ഷിതാവും കൂടെ ഉണ്ടാകുന്നതാണ് നന്ന്. അവിടെ വിവരങ്ങള്‍ നല്‍കിയശേഷം മടങ്ങരുത്. ഓണ്‍ലൈന്‍ അപേക്ഷാനടപടി പ്രക്രിയ പൂര്‍ണമാക്കി 'ലോഗ് ഔട്ട് ' ചെയ്യുംവരെ ഒപ്പമുണ്ടാകണം. പ്രോസ്പെക്ട്സ് മുഴുവന്‍ വായിച്ചശേഷം ഉടലെടുക്കുന്ന സംശയങ്ങള്‍ ആ രംഗത്തുള്ളവരോട് ചോദിച്ച് പരിഹരിച്ചശേഷമേ അപേക്ഷ സമര്‍പ്പണ പ്രക്രിയക്കായി കംപ്യൂട്ടറിന് മുന്നിലിരിക്കാവൂ.

എന്‍ട്രന്‍സ് കമീഷണറുടെ പ്രവേശനപ്രക്രിയകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളേജുകളില്‍ അഖിലേന്ത്യാ ക്വോട്ട, നാമനിര്‍ദേശവിഭാഗം, മാനേജ്മെന്റ് സീറ്റുകള്‍ എന്നിവ ഒഴികെയുള്ള സീറ്റുകളിലേക്ക് അലോട്ട് നടത്താനാണ് കീം (KEAM) റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനത്തിന് ഈ പരീക്ഷ ബാധകമാകില്ലെങ്കിലും മുന്‍വര്‍ഷങ്ങളിലെ അനുഭവവും ഓര്‍ക്കുന്നത് നന്ന്. മാനേജുമെന്റുകളുടെ പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തുകയോ കൃത്യസമയം പരീക്ഷ നടത്താന്‍ കഴിയാതെവരികയോ ചെയ്താന്‍ പിന്നെ മാനേജ്മെന്റ് സീറ്റിലേക്ക് കീം റാങ്ക് ലിസ്റ്റ് ബാധകമാകും. മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം മുന്‍കൂര്‍ ഉറപ്പിച്ചവരും കീം– 2016 എഴുതിയിരിക്കണം. അപേക്ഷയുടെ പ്രിന്റൌട്ട് 30നുമുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ എത്തിക്കണം.

ഇവ  ഉറപ്പാക്കണം

കീം– 2016ന്റെ എല്ലാ കോഴ്സുകളിലേക്കും ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ * അപേക്ഷയുടെ പ്രിന്റൌട്ട് പ്രവേശന കമീഷണറുടെ ഓഫീസില്‍ ജനുവരി 30നകം എത്തുമെന്ന് ഉറപ്പാക്കണം * അപേക്ഷയുടെ ഒരു പകര്‍പ്പ് അപേക്ഷകന്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം *  വിദ്യാര്‍ഥിയുടെ രക്ഷിതാവും അപേക്ഷയില്‍ ഒപ്പിടേണ്ടതാണ്* അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും പൂരിപ്പിച്ച് യഥാസ്ഥാനങ്ങളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പും സീലും പതിപ്പിച്ചിട്ടുണ്ടായിരിക്കണം * അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ 'അപ്ലോഡ്' ചെയ്ത ഫോട്ടോയുടെതന്നെ പകര്‍പ്പ് അപേക്ഷയുടെ പ്രിന്റൌട്ടില്‍ യഥാസ്ഥാനത്ത് ഒട്ടിച്ച് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനമേധാവിയോ ഒരു സര്‍ക്കാര്‍ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഒപ്പും സീലും പതിച്ചിരിക്കണം * അപേക്ഷകന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സോ കോഴ്സുകളോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സെലക്ട് ചെയ്യണം * അപേക്ഷകന്‍ കീ നമ്പറിന്റെ രഹസ്യസ്വഭാവം വെളിപ്പെടുത്താന്‍ പാടില്ല *  അലോട്ട് പ്രക്രിയ അവസാനിക്കുന്നതുവരെ സൂക്ഷിക്കുകയുംവേണം * അപേക്ഷാര്‍ഥി അപേക്ഷയുടെ പ്രിന്റൌട്ടില്‍ നിശ്ചിതസ്ഥാനത്ത് വിരലടയാളം പതിക്കണം *  അലോട്ട്മെന്റിന്റെ ഓരോ ഘട്ടത്തിനുംമുമ്പായി ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോള്‍
മെഡിക്കല്‍/എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി വിവിധ അധികാരികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
സര്‍ട്ടിഫിക്കറ്റിലെ എല്ലാ വരികളും കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്നും അധികാരിയുടെ ഒപ്പ്, ഉദ്യോഗപ്പേരുള്ള സീല്‍, ഓഫീസ് സീല്‍ എന്നിവ പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. നിശ്ചിത മാതൃകയില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ആണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പമല്ലാതെ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ പരിഗണിക്കില്ല. 

സംവരണം/ഫീസ് ആനുകൂല്യം
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കംനില്‍ക്കുന്ന എസ്ഇബിസി വിഭാഗക്കാര്‍ നിശ്ചിതമാതൃകയിലുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍നിന്ന് വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

എസ്സി/എസ്ടി വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തഹസില്‍ദാറില്‍നിന്ന് വാങ്ങി അപേക്ഷയോടൊപ്പം വയ്ക്കണം. മറ്റര്‍ഹ സമുദായത്തില്‍പെട്ട (ഒഇസി) വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഒഇസി അപേക്ഷകര്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

എസ്സി/എസ്ടി/ഒഇസി വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ (ജനറല്‍ കാറ്റഗറി) കുടുംബ വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങള്‍, സ്കോളര്‍ഷിപ്പ്  തുടങ്ങിയവ ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

* മിശ്രവിവാഹിതരുടെ മക്കള്‍ *
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് എസ്ഇബിസി/ഒഇസി സംവരണം ആവശ്യമുള്ളപക്ഷം അവര്‍ വില്ലേജ് ഓഫീസില്‍നിന്ന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
എന്നാല്‍, മിശ്രവിവാഹിതരില്‍ ഒരാള്‍ എസ്സി/എസ്ടി വിഭാഗത്തില്‍പെട്ടയാളാണെങ്കില്‍ അവരുടെ മക്കള്‍ക്ക് എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

 * ഭിന്നശേഷിക്കാര്‍ *
ശാരീരികവൈകല്യമുള്ളവര്‍ക്കുള്ള സംവരണം ആവശ്യമുള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികവൈകല്യത്തിന്റെ തോത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഹെല്‍പ്ലൈന്‍
പ്രവേശനപരീക്ഷാകമീഷണറുടെ ഓഫീസില്‍ ഓഫീസ് സമയങ്ങളില്‍ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിളിച്ചാല്‍ സംശയങ്ങള്‍ ദുരീകരിക്കാം. ഫോണ്‍ നമ്പറുകള്‍ 0471 2339101, 2339102, 2339103, 2339104. കൂടുതല്‍ വിവരത്തിന് വെബ്സൈറ്റ് www.cee-kerala.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top