25 April Thursday

അധ്യാപകരുടെ സഹായവും തേടണം: ബി എസ് മാവോജി

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2016

തിരുവനന്തപുരം > കീം–2016ന് അപേക്ഷിക്കുമ്പോള്‍ കുട്ടികള്‍ ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് കുട്ടികള്‍ പഠിച്ച സ്കൂളുകളിലെ അധ്യാപകരുമായും  രക്ഷിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ ബി എസ് മാവോജി പറഞ്ഞു.

കോഴ്സുകളെക്കുറിച്ച് അപേക്ഷിക്കുംമുമ്പുതന്നെ ധാരണ ഉണ്ടാകണം. കുട്ടികളുടെ അഭിരുചി കുടുംബം ചര്‍ച്ച ചെയ്യണം. അവരെ പഠിപ്പിച്ചിട്ടുള്ള അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് ഏത് മേഖലയിലാണ് വിജയം നേടാനാകുകയെന്ന് വേഗം തിരിച്ചറിയാനാകും. കോഴ്സ് തെരഞ്ഞെടുത്തശേഷമേ അപേക്ഷിക്കാവൂ. വിവിധ മെഡിക്കല്‍/ എന്‍ജിനിയറിങ് കോഴ്സുകളെക്കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കണം. വിദേശത്ത് തൊഴിലവസരം ഉണ്ട് എന്നതുകൊണ്ടുമാത്രം കാര്യമില്ല. വിദേശത്ത് തൊഴില്‍ചെയ്യാനുള്ള സാഹചര്യവും പരിശോധിക്കണം. അഭിരുചി, തൊഴില്‍സാധ്യത, സന്നദ്ധത, സാഹചര്യം എന്നിവ വളരെ പ്രധാനമാണ്.

റാങ്ക് പട്ടികയില്‍ മുന്‍സ്ഥാനങ്ങളില്‍വരുന്ന വിദ്യാര്‍ഥികള്‍പോലും ആ വര്‍ഷം കോഴ്സിന് ചേരാതെ മാറിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്നൊരുക്കം അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തും ദേശീയതലത്തിലും ഉള്‍പ്പെടെ എല്ലാ റാങ്ക് ലിസ്റ്റിലും മുന്‍നിരയില്‍ വന്നശേഷം എവിടെയും പ്രവേശനം ലഭിക്കാത്ത സ്ഥിതിയുണ്ട്. എല്ലായിടത്തും കറങ്ങി ഒടുവില്‍ കേരളത്തില്‍ത്തന്നെ പഠിക്കാമെന്ന് തീരുമാനിക്കുമ്പോഴേക്കും കേരളത്തില്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകില്ല. ഏതു റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും ആദ്യ രണ്ട് ഓപ്ഷനില്‍ സംസ്ഥാനത്ത് പങ്കെടുക്കുന്നത് വൈകി തീരുമാനം എടുക്കുന്നവര്‍ക്ക് ഗുണംചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഹയര്‍ റാങ്ക് നേടിയശേഷം അലോട്ട്മെന്റുകളില്‍ കൃത്യസമയം പങ്കെടുക്കാതെ അവസരം നഷ്ടമായവരുണ്ട്. അപേക്ഷിക്കുമ്പോള്‍ത്തന്നെ ഏവിടെ ഏത് കോഴ്സിന് ചേരണമെന്ന ധാരണ ഉണ്ടാക്കിവച്ചാല്‍ പ്രവേശനം സുഗമമാക്കാം.

പരീക്ഷയ്ക്ക് അപേക്ഷിച്ചാല്‍ കീ നമ്പര്‍ രഹസ്യമാക്കിവയ്ക്കണമെന്നും കോളേജുകളില്‍ പ്രവേശന നടപടി പൂര്‍ത്തിയാകുംവരെ കീ നമ്പര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൈയില്‍ ഭദ്രമായിരിക്കണമെന്നും മാവോജി ദേശാഭിമാനിയോടു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top