29 March Friday

കാർഷിക, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നേടാം ; പ്രവേശന പരീക്ഷ ജൂൺ ഒന്നിന്

വെബ് ഡെസ്‌ക്‌Updated: Monday Mar 2, 2020


തിരുവനന്തപുരം
രാജ്യത്തെ കാർഷിക സർവകലാശാലകളിൽ കാർഷിക, കാർഷിക അനുബന്ധ ബിരുദ, പിജി, പിഎച്ച്‌ഡി കോഴ്‌സുകളിൽ അഖിലേന്ത്യാ  ക്വോട്ട പ്രവേശനത്തിനുള്ള പരീക്ഷയ‌്ക്ക‌് അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിങ്‌ ഏജൻസിക്കാണ് പരീക്ഷാ ചുമതല. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ കൗൺസിൽ (ഐസിഎആർ)–- എഐഇഇഎ (യുജി), ഐസിഎആർ–- എഐഇഇഎ (പിജി), ഐസിഎആർ–- എഐഇഇഎ–-ജെആർഎഫ‌്/ എസ‌്ആർഎഫ‌് (പിഎച്ച്‌ഡി) പരീക്ഷകൾക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്. കേരളത്തിൽ  മണ്ണുത്തി കാർഷിക സർവകലാശാല, വയനാട് വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ്‌ എന്നിവിടങ്ങളിലെ അഖിലേന്ത്യാ ക്വോട്ട സീറ്റുകളും ഐസിഎആർ എഐഇഇഎ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്‌.

ഐസിഎആർ–- എഐഇഇഎ (യുജി)
രാജ്യത്തെ 42 കാർഷിക, അനുബന്ധ സർവകലാശാലകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലാണ്‌ പ്രവേശനം. ബി‌എസ‌്സി അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ‌്ട്രി/ കമ്യൂണിറ്റി സയൻസ‌്/ സെറികൾച്ചർ, ബാച്ചിലർ ഓഫ‌് ഫിഷറീസ‌് സയൻസ‌് (ബിഎഫ‌്എസ‌്സി), ബിടെക‌് അഗ്രികൾച്ചറൽ എൻജിനിയറിങ‌്, ഡെയ്‌റി ടെക‌്നോളജി, ബയോടെക‌്നോളജി, ഫുഡ‌് ടെക‌്നോളജി,  ബാച്ചിലർ ഓഫ‌് ഫുഡ‌് ന്യൂട്രീഷ്യൻ തുടങ്ങിയ കോഴ്‌സുകളുണ്ട്‌. അപേക്ഷിക്കുന്ന കോഴ‌്സനുസരിച്ച‌് ഫിസിക‌്സ‌്, കെമിസ‌്ട്രി, ബയോളജി/ മാത്തമാറ്റിക‌്സ‌്/ അഗ്രികൾച്ചർ എന്നിവയിൽ മൂന്ന‌് വിഷയങ്ങൾ പഠിച്ച‌് പ്ലസ‌്ടു പാസായിരിക്കണം. അല്ലെങ്കിൽ അവസാനവർഷ പരീക്ഷ എഴുതുന്നവരായിരിക്കണം. കുറഞ്ഞത്‌ 50 ശതമാനം മാർക്ക്‌ വേണം. എസ‌്സി/ എസ‌്ടി, ഭിന്നശേഷി വിഭാഗത്തിന‌് 40 ശതമാനം മാർക്ക‌് മതി.

മാർച്ച്‌ 31ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം. ഈ സമയത്തിനകംതന്നെ അപേക്ഷാ ഫീസും ഒടുക്കണം. ജനറൽ വിഭാഗത്തിൽ 750 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി, ട്രൻസ്‌ ജൻഡർ വിഭാഗങ്ങൾക്ക്‌ 375 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌. ഓൺലൈൻ അപേക്ഷയിലെ തെറ്റുതിരുത്താൻ ഏപ്രിൽ 25 മുതൽ മെയ്‌ രണ്ടുവരെ അവസരം ലഭിക്കും. അഡ്‌മിറ്റ്‌ കാർഡ്‌ മെയ്‌ അഞ്ചിന്‌ ലഭിക്കും. ജൂൺ ഒന്നിനാണ്‌ രണ്ടര മണിക്കൂർ പരീക്ഷ. ജൂൺ 15ന്‌ ഫലം പ്രസിദ്ധീകരിക്കും.
ഐസിഎആർ–-എഐഇഇഎ (പിജി)

രാജ്യത്തെ കാർഷിക, അനുബന്ധ സർവകലാശാലകളിലെ 25 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കും ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, ഇന്ത്യൻ വെറ്ററിനറി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, നാഷണൽ ഡെയ്‌റി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ മുഴുവൻ പിജി സീറ്റുകളിലേക്കുമാണ്‌ പ്രവേശനം. യോഗ്യതാ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. മാർച്ച്‌ 31 വരെയാണ്‌ അപേക്ഷാ സമയം.

ഫീസും ഈ സമയത്തിനകം ഒടുക്കണം. ജനറൽവിഭാഗത്തിന്‌ 1100 രൂപയും സംവരണ വിഭാഗങ്ങൾക്ക്‌ 550 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌. അഡ്‌മിറ്റ്‌ കാർഡ്‌ മെയ്‌ എട്ടിന്‌ ലഭിക്കും. ജൂൺ ഒന്നിന്‌ പകൽ 2.30 മുതൽ 4.30വരെയാണ്‌ പരീക്ഷ. ജൂൺ 15ന്‌ ഫലമറിയാം. 

പിഎച്ച്‌ഡി
കാർഷിക അനുബന്ധ സർവകലാശാലകളിലെ 25 ശതമാനം ക്വോട്ട സീറ്റുകളിലേക്കും അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മുഴുവൻ സീറ്റുകളിലേക്കും ജെആർഎഫ‌്/എസ‌്ആർഎഫ‌് പിഎച്ച്‌ഡി പ്രവേശനത്തിനും മുകളിൽ സൂചിപ്പിച്ച തീയതികളിൽത്തന്നെ അപേക്ഷിക്കണം. 73 വിഷയത്തിലാണ്‌ പ്രവേശന പരീക്ഷ. അപേക്ഷാ ഫീസ്‌ ജനറൽവിഭാഗത്തിൽ 1800 രൂപയും സംവരണവിഭാഗങ്ങൾക്ക്‌ 900 രൂപയുമാണ്‌. രണ്ടുമണിക്കൂർ പരീക്ഷ ജൂൺ ഒന്നിന്‌ നടക്കും. മൂന്ന്‌ വിഭാഗത്തിലെയും പ്രവേശനത്തിന്‌ യോഗ്യത, പരീക്ഷാ കേന്ദ്രങ്ങൾ, സിലബസ്‌, ഓൺലൈൻ അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ എന്നിവ വെവ്വേറെ ഇൻഫർമേഷൻ ബുള്ളറ്റിനുകളായി  https://icar.nta.nic.in ൽ ഞായറാഴ്‌ച പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ വെബ്‌സൈറ്റിലൂടെതന്നെ ഓൺലൈൻ അപേക്ഷയും സമർപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top