19 April Friday
ആരോഗ്യ സർവകലാശാല അക്കാദമിക് കൗൺസിൽ

പുതിയ കോഴ്‌സുകളുടെ അംഗീകാരം;പഠനറിപ്പോർട്ട് അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 2, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോഴ്‌സുകളും മെഡിക്കൽ സീറ്റുകളും അനുവദിക്കുന്നത് സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹരിഹരൻ കമ്മിറ്റി റിപ്പോർട്ട് ആരോഗ്യ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. റിപ്പോർട്ട് ഗവേണിങ് കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടു. പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കാൻസർക്കാരിന്റെ എൻഒസിക്ക് കാത്തുനിൽക്കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനെതുടർന്നാണ് മാനദണ്ഡങ്ങൾക്ക് രൂപംനൽകാൻ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ഹരിഹരന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത്.

ഹരിഹരൻ കമ്മിറ്റി നിർദേശിച്ച പെഴ്‌സ്‌പെക്ടീവ് പ്ലാൻ അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. നിലവിലെ ചട്ടമനുസരിച്ച് സർക്കാരിന്റെ എൻഒസി ഇല്ലാതെ പുതിയ കോഴ്‌സുകളും സീറ്റുകളും അനുവദിക്കാനാകില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ, സാധ്യതകൾ തുടങ്ങിയവ പരിഗണിച്ചുവേണം പുതിയ കോഴ്‌സുകളും സീറ്റുകളും അനുവദിക്കാനെന്നാണ് ഹരിഹരൻ കമ്മിറ്റിയുടെ പ്രധാന ശുപാർശ.

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബിരുദ കോഴ്‌സിന്റെ പുതിയ ചട്ടങ്ങൾക്കും അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. ആരോഗ്യ സർവകലാശാലയ്ക്കുകീഴിലെ സ്ഥാപനങ്ങളിലെ പഠനനിലവാരം ഉയർത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾക്ക് അംഗീകാരം നൽകി. അക്കാദമിക് മോണിറ്ററിങ് സെൽ, അക്കാദമിക് ക്രെഡിറ്റ് സമ്പ്രദായം എന്നിവയ്ക്കും അംഗീകാരം നൽകി. നേഴ്‌സിങ് കോഴ്‌സിന് ചേർന്ന്, വിവിധ കാരണങ്ങളാൽ കോഴ്‌സ് കാലാവധിയുടെ ഇരട്ടിയിലധികം കഴിഞ്ഞിട്ടും പഠനം പൂർത്തിയാക്കാത്ത വിദ്യാർഥികൾക്ക് മെഴ്‌സിചാൻസിനായി നേഴ്‌സിങ് കൗൺസിലിനെ സമീപിക്കാൻ അനുമതി നൽകി.
ഇക്കാര്യത്തിൽ സർവകലാശാലയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top