തിരുവനന്തപുരം
കേരള അഡ്‌മിനിസ്ടേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്‌ക്കായുള്ള പിഎസ്‌സിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു. 22ന് നടക്കുന്ന പ്രിലിമിനറി പരീക്ഷയ്‌ക്കായി പിഎസ്‌സി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്
4,00,014 പേരാണ് പരീക്ഷ എഴുതുന്നത്(സ്ട്രീം 1‐ 3.75 ലക്ഷം, സ്ട്രീം 2‐ 22,564, സ്ട്രീം 3‐ 1457). ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത് തിരുവനന്തപുരത്തും കുറവ് വയനാട്ടിലും. ഇവർക്കായി 1534 പരീക്ഷാ സെന്ററുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 261 ഉം വയനാട്ടിൽ 30 ഉം സെന്ററുകളുണ്ട്. കൊല്ലം–-148, പത്തനംതിട്ട–-52, ആലപ്പുഴ–-111, കോട്ടയം–-115, ഇടുക്കി–-50, എറണാകുളം–-172, തൃശൂർ–-133, പാലക്കാട്–-103, മലപ്പുറം–-109, കോഴിക്കോട്–-123, വയനാട്–-30, കണ്ണൂർ–-93, കാസർകോട്–34 ഉം സെന്ററുകൾ അനുവദിച്ചിട്ടുണ്ട്.
വിപുലമായ സംവിധാനങ്ങൾ
പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പരീക്ഷാ സെന്ററുകളിലും പിഎസ്‌സിയിൽനിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും. എല്ലാ സെന്ററുകളിലും പൊലീസ് സംരക്ഷണവും നിരീക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. പിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറിമാർമുതൽ സെക്രട്ടറിമാർ വരെയുള്ളവർ ഒബ്‌സർവർമാരായി പ്രവർത്തിക്കും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സ്‌ക്വാഡുകളും ഉണ്ടാകും.
ആസ്ഥാനത്ത് ഹെൽപ്പ് ലൈൻ
പിഎസ്‌സി ആസ്ഥാനത്തും ജില്ലാ മേഖലാ ഓഫീസുകളിലും പ്രത്യേക കൺട്രോൾ റൂമുകളും പ്രവർത്തിക്കും. ആസ്ഥാനത്ത് ഹെൽപ്‌ലൈനും ഉണ്ടാകും. ഒരു സെന്ററിൽ 200 ഉദ്യോഗാർഥികൾക്ക് പത്തു മുതൽ 15 വരെ ഇൻവിജിലേറ്റർമാരെയാണ് നിയോഗിക്കുക.
പരീക്ഷാകേന്ദ്രത്തിൽ ഉദ്യോഗാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മൈാബെൽ ഫോൺ അടക്കം ഒരുതരത്തിലുമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, ഐഡി കാർഡ്, ബോൾപോയിന്റ് പേന(നീല അല്ലെങ്കിൽ കറുപ്പ്) എന്നിവ മാത്രമേ പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാൻ പാടുള്ളൂ. വിവരങ്ങൾ അഡ്മിഷൻ ടിക്കറ്റിൽ ഉണ്ട്. ഉദ്യോഗാർഥികളുടെ പ്രൊഫൈൽവഴി പിഎസ്‌സി വെബ്‌സൈറ്റിൽനിന്ന് അഡ്‌മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
രണ്ടാം ഘട്ടം ജൂണിലോ ജൂലൈയിലോ
22ന് രാവിലെ 10ന് ഒന്നാം പേപ്പറും ഉച്ചകഴിഞ്ഞ് 1.30ന് രണ്ടാം പേപ്പർ പരീക്ഷയും ആരംഭിക്കും. പരീക്ഷയ്‌ക്ക് അരമണിക്കൂർമുമ്പ് ഉദ്യോഗാർഥികൾ സെന്ററിൽ എത്തണം. ഒഎംആർ രീതിയിലുള്ള പരീക്ഷ 1.30 മണിക്കൂറായിരിക്കും. 100 മാർക്ക്. പരീക്ഷ കഴിഞ്ഞാലുടൻ മൂല്യനിർണയം ആരംഭിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. രണ്ടാംഘട്ട പരീക്ഷ ജൂണിലോ ജൂലൈയിലോ നടത്താനാണ് ആലോചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..