27 April Saturday

ഹോട്ടൽ മാനേജ്‌മെന്റ്‌ ജെഇഇക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020


തിരുവനന്തപുരം
സങ്കീർണ പഠനവിഷയങ്ങളില്ലാതെ മികച്ച തൊഴിലവസരത്തിന്‌ വഴിയൊരുക്കുന്ന ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സുകളിൽ പ്രവേശനം നേടാനുള്ള പരീക്ഷയ്‌ക്ക്‌ പ്ലസ്‌ ടുക്കാർക്ക്‌ ഇപ്പോൾ അപേക്‌ഷിക്കാം. വിനോദസഞ്ചാര, അതിഥി സൽക്കാരമേഖലകളിൽ തൊഴിലവസരം ലഭിക്കുന്ന ബിഎസ്‌സി ഹോസ്‌പിറ്റാലിറ്റി ആൻഡ്‌ ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിനുള്ള സംയുക്ത പ്രവേശനപരീക്ഷയ്‌ക്ക്‌  ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.

രാജ്യത്തെ 73 അംഗീകൃത ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന 2020ലെ ‘ബിഎസ്‌സി എച്ച്എച്ച്എ' കോഴ്‌സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശനപരീക്ഷ (എൻസിഎച്ച്എം–-ജെഇഇ 2020) നാഷണൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 25ന് ദേശീയ തലത്തിൽ നടത്തും. മാർച്ച്‌ 20 വരെ അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും. ആറ് സെമസ്റ്ററുകളായുള്ള മൂന്നു വർഷത്തെ ഈ റഗുലർ കോഴ്‌സിലൂടെ അതിഥി സൽക്കാരവും ഹോട്ടൽ ഭരണനിർവഹണവും പഠിക്കാം.

ഹോസ്പിറ്റാലിറ്റി, ഹോട്ടൽ വ്യവസായ മേഖലയ്ക്കാവശ്യമായ മികച്ച എക്‌സിക്യൂട്ടീവ്/മാനേജർമാരെ വാർത്തെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ന്യൂമെറിക്കൽ എബിലിറ്റി ആൻഡ്‌ അനലിറ്റിക്കൽ ആപ്ടിട്യൂഡ്, റീസണിങ് ആൻഡ്‌ ലോജിക്കൽ ഡിഡക്‌ഷൻ, ജനറൽ നോളഡ്ജ് ആൻഡ്‌ കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് ലാംഗ്വോജ് ആപ്ടിട്യൂഡ് ഫോർ സർവീസ് സെക്ടർ എന്നിവയിൽ അറിവ് പരിശോധിക്കുന്ന ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാകും. മൂന്നു മണിക്കൂർ  അനുവദിക്കും. കോഴ്‌സിന്റെ നിയന്ത്രണം നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റിനാണ്.കേന്ദ്ര സർക്കാരിന് കീഴിൽ 21 ഉം വിവിധ സംസ്ഥാന സർക്കാരുകളുടെ കീഴിൽ 26ഉം പൊതുമേഖലയിൽ ഒന്നും സ്വകാര്യമേഖലയിൽ 25ഉം ഇൻസ്റ്റിറ്റ്യൂട്ടാണുള്ളത്. ആകെ ഒമ്പതിനായിരത്തോളം സീറ്റിലാണ് പ്രവേശനം.

യോഗ്യത
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും  2020ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

പഠനവിഷയങ്ങൾ
ഫുഡ് പ്രൊഡക്‌ഷൻ മാനേജ്‌മെന്റ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, അക്കോമഡേഷൻ മാനേജ്‌മെന്റ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.  ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹൗസ് കീപ്പിങ്, ഹോട്ടൽ അക്കൗണ്ടൻസി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി, ഹ്യൂമെൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ടൂറിസം മാർക്കറ്റിങ്, ടൂറിസം മാനേജ്‌മെന്റ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും. തിയറിയും പ്രാക്ടിക്കലുമുണ്ടാകും. ആറ് സെമസ്റ്ററായുള്ള മൂന്നു വർഷത്തെ റഗുലർ കോഴ്‌സാണിത്. നിലവിൽ മൂന്നു ലക്ഷത്തോളമാണ് കോഴ്‌സ് ഫീസ്. നിരക്കിൽ മാറ്റങ്ങളുണ്ടാകാം.

തൊഴിൽസാധ്യത
പഠിച്ചിറങ്ങുന്നവർക്ക് വിപുലമായ തൊഴിൽ മേഖലകളാണുള്ളത്. നക്ഷത്ര ഹോട്ടലുകൾ/അനുബന്ധ ഹോസ്പിറ്റാലിറ്റി വ്യവസായമേഖലയിൽ മാനേജ്‌മെന്റ്/എക്‌സിക്യൂട്ടീവ് ട്രെയ്‌നിയായും ആശുപത്രികൾ, കപ്പലുകൾ, എയർലൈനുകൾ, വൻകിട വ്യവസായസ്ഥാപനങ്ങൾ തുടങ്ങിയവയിലും അവസരങ്ങൾ ലഭിക്കും. തിയറി പഠനത്തേക്കാൾ മുൻതൂക്കം പ്രാക്ടിക്കലിനാണ്. ഫ്രണ്ട് ഓ‌ഫിസ്, ഫുഡ് പ്രൊഡക്‌ഷൻ, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ്‌ ബവ്‌റിജസ് സർവീസ്, പ്രിസർവേഷൻ, ഹൈജീൻ ആൻഡ്‌ സാനിറ്റേഷൻ എന്നിവയ്ക്കു പുറമെ ഈ പ്രൊഫഷന് അത്യാവശ്യം വേണ്ട അതിലളിതമായ എൻജിനിയറിങ്, അക്കൗണ്ടിങ്, മാനേജ്മെന്റ് എന്നിവയും പഠിക്കാനുണ്ട്.

ആശയവിനിമയശേഷിയടക്കമുള്ള വ്യക്തിത്വവികസന പാഠങ്ങളുമുണ്ടാകും. വെബ്‌സൈറ്റിലൂടെ മാർച്ച്‌ 20നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ്‌ 21വരെ
അടയ്‌ക്കാം. അപേക്ഷിക്കാനും വിവരങ്ങൾക്കും http://nchm.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top