19 April Friday

ആരോഗ്യമേഖലയില്‍ പുതുതലമുറ കോഴ്സുകള്‍

ഡോ. നീതു സോണ ഐഐഎസ്Updated: Thursday Mar 16, 2017

വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോര്‍ക്കുമ്പോഴാണ്  ആരോഗ്യമേഖലയില്‍ പല സുപ്രധാന നേട്ടങ്ങളും വിപ്ളവകരമായ മാറ്റങ്ങളും സാധ്യമായിട്ടുള്ളത്. റോബോട്ടിക് സര്‍ജറികളും, കൃത്രിമ ഹൃദയങ്ങളും, നൂതന രോഗനിര്‍ണയ ചികിത്സാമാര്‍ഗങ്ങളുമൊക്കെ ഈ കൂടിച്ചേരലിന്റെ പരിണതഫലമാണ്. ഇതിനായി വൈദ്യശാസ്ത്രരംഗത്ത് ജോലിചെയ്യാന്‍ താല്‍പ്പര്യമുള്ള സാങ്കേതികവൈദഗ്ധ്യമുള്ള തൊഴില്‍സേനയെ സൃഷ്ടിക്കേണ്ടത് അനിവാര്യമാകുന്നു. അങ്ങനെ ഈ രംഗത്ത് പുതിയ തൊഴിലുകളും അതിനു വേണ്ട  പരിശീലനം നല്‍കുന്ന കോഴ്സുകളും പിറവിയെടുത്തു.  അത്തരം ചില കോഴ്സുകളെ പരിചയപ്പെടുത്തുകയാണിവിടെ.

ബയോമെഡിക്കല്‍
എന്‍ജിനിയറിങ്

എന്‍ജിനിയറിങ് സാങ്കേതികവിദ്യയെ വൈദ്യശാസ്ത്രമേഖലയുമായി സംയോജിപ്പിച്ച് രോഗനിര്‍ണയ ചികിത്സാസംവിധാനങ്ങള്‍, പ്രത്യേകിച്ച് ഉപകരണങ്ങള്‍ രൂപകല്‍പ്പനചെയ്യുന്നതും വികസിപ്പിക്കുന്നതുമെല്ലാം ബയോമെഡിക്കല്‍ എന്‍ജിനിയര്‍മാരാണ്. കേരളത്തില്‍  അത്ര പ്രിയമില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്സാണിത്. ഭാവിയില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണരംഗത്തും, ഔഷധവ്യവസായ മേഖലയിലും ഇന്ത്യയിലുണ്ടാകാന്‍ പോകുന്ന വന്‍ കുതിച്ചുചാട്ടം, ബയോമെഡിക്കല്‍ എന്‍ജിനിയര്‍മാരുടെ വര്‍ധിച്ചതോതിലുള്ള ആവശ്യത്തിന് വഴിയൊരുക്കും. രോഗനിര്‍ണയത്തിനും ചികിത്സക്കുമായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കും, പ്രോസ്തെറ്റിക് ഉപകരണങ്ങള്‍ക്കുമെല്ലാം പിന്നില്‍ ഇവരുടെ വൈദഗ്ധ്യമാണ്. കേരളത്തില്‍ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ചില സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളിലും ബിടെക് ബയോമെഡിക്കല്‍ എന്‍ജിനിയറിങ് പഠിക്കാനുള്ള അവസരമുണ്ട്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ളസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. സംസ്ഥാന എന്‍ജിനിയറിങ് എന്‍ട്രന്‍സില്‍ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതുകൂടാതെ ഐഐടി കാണ്‍പുര്‍, എന്‍ഐടി റൂര്‍കല, റായ്പുര്‍ തുടങ്ങിയവയെല്ലാം ഈ കോഴ്സ് നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ ഉപരിപഠനം നടത്താനും കേരളത്തില്‍ സൌകര്യമുണ്ട്. ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും, ഐഐടി ചെന്നൈയും സിഎംസി വെല്ലൂരും സംയുക്തമായി നടത്തുന്ന  കോഴ്സാണ് എംടെക് ക്ളിനിക്കല്‍ എന്‍ജിനിയറിങ്. ബയോ മെഡിക്കല്‍ എന്‍ജിനിയറിങ്ങിന്റെ ഒരു വകഭേദമാണ് ഈ കോഴ്സ്. ഏതെങ്കിലും വിഷയത്തിലുള്ള ബിഇ/ബി.ടെക് ഡിഗ്രിയും ഗെയ്റ്റ് സ്കോറുമാണ് യോഗ്യത. പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ശ്രീചിത്രയില്‍തന്നെ ഈ വിഷയത്തില്‍ ഗവേഷണ കോഴ്സുകളും നടത്തുന്നുണ്ട്.

പെര്‍ഫ്യൂഷന്‍ ടെക്നോളജി  
 
ഹൃദയശസ്ത്രക്രിയപോലുള്ള സങ്കീര്‍ണ ശസ്ത്രക്രിയകളുടെ അവിഭാജ്യഘടകമാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍. ശസ്ത്രക്രിയയുടെ സമയത്ത് ഹാര്‍ട്ട്ലങ് മെഷീന്‍പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് രോഗിയുടെ രക്തചംക്രമണം നിയന്ത്രിക്കുന്നത് ഇവരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ളസ്ടു വിജമാണ് ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ആകെ 50 ശതമാനം മാര്‍ക്കും നേടണം. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ഈ കോഴ്സ് ലഭ്യമാണ്. ജിപ്മെര്‍, ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍എന്നിവിടങ്ങളിലും ഈ കോഴ്സ് നടത്തുന്നുണ്ട്.
പെര്‍ഫ്യൂഷന്‍ ടെക്നോളജിയില്‍ ഉപരിപഠനത്തിനും കേരളത്തില്‍ അവസരമുണ്ട്. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തുന്ന പിജി ഡിപ്ളോമാ ഇന്‍ ക്ളിനിക്കല്‍ പെര്‍ഫ്യൂഷന്‍ കോഴ്സിന് 60 ശതമാനം മാര്‍ക്കോടെ  ബിഎസ്സി സുവോളജി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.     ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പോണ്ടിച്ചേരിയിലെ ജിപ്മെര്‍ തുടങ്ങിയവയാണ് ഈ വിഷയത്തില്‍ ഉപരിപഠനത്തിന് അവസരമൊരുക്കുന്ന മറ്റു പ്രമുഖ സ്ഥാപനങ്ങള്‍.     അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ബിഎസ്സി, എംഎസ്സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്.

ഡയാലിസിസ് ടെക്നോളജി
ഇന്ത്യയില്‍ ഓരോവര്‍ഷവും ഏകദേശം രണ്ടുലക്ഷം പുതിയ രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സ് കൂടുതല്‍ പ്രസക്തമാകുന്നു. ഗുരുതര വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ആവശ്യമായിവരുന്ന രോഗികളില്‍ ഡയാലിസിസ് ചെയ്യുന്നതും ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഡയാലിസിസ് ടെക്നോളജിസ്റ്റുകളാണ്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെയും ഭാഗമാണിവര്‍.

രണ്ടുവര്‍ഷത്തെ ഡിപ്ളോമ ഇന്‍ ഡയാലിസിസ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കണമെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജിയില്‍ 40 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകണം. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ കോളേജുകളിലും ഡിപ്ളോമ, പിജി ഡിപ്ളോമാ കോഴ്സിനുള്ള സൌകര്യമുണ്ട്. കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സിനു കീഴില്‍ ബിഎസ്സി, എംഎസ്.സി ഡയലിസിസ് തെറാപ്പി കോഴ്സും നടത്തുന്നുണ്ട്.  പുതുച്ചേരി ജിപ്മര്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ഡയാലിസിസ് ടെക്നോളജി പഠിക്കാനുള്ള അവസരമുണ്ട്.

ഡോക്ടര്‍മാര്‍ക്കും
എന്‍ജിനിയറാകാം

ഐഐടി ഖൊരഗ്പുര്‍ ഡോക്ടര്‍മാര്‍ക്കായി തുടങ്ങിയ സാങ്കേതിക കോഴ്സാണ് മാസ്റ്റര്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി. മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് ചേരണമെങ്കില്‍ പ്ളസ്ടുതലത്തില്‍ കണക്ക് പഠിക്കുകയും 50 ശതമാനം മാര്‍ക്കോടെ എംബിബിഎസ് പാസാകുകയും വേണം. ക്യാന്‍സര്‍രോഗ നിര്‍ണയം, ജനിറ്റിക്സ്, ടെലി മെഡിസിന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഗവേഷണത്തിന് സഹായകമാകുന്ന സാങ്കേതിക പരിജ്ഞാനം നല്‍കുകയാണ് കോഴ്സിന്റെ ലക്ഷ്യം. പവേശനപരീക്ഷയിലൂടെയാണ് അനുയോജ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top