28 March Thursday

‘നെസ്റ്റ് ’ ജൂൺ 6ന്‌; അപേക്ഷ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 7, 2020


തിരുവനന്തപുരം
ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരമൊരുക്കുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്‌  (നെസ്റ്റ്–-2020) ജൂൺ ആറിന്‌  രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ നടത്തും. ഓൺലൈൻ അപേക്ഷ ചൊവ്വാഴ്‌ചമുതൽ നൽകാം. ഏപ്രിൽ മൂന്നിന്‌ വൈകിട്ട്‌ 6.30 വരെ അപേക്ഷ സ്വീകരിക്കും. ഫലം ജൂൺ 16ന്‌ പ്രസിദ്ധീകരിക്കും.കേന്ദ്ര അണുശക്തിമന്ത്രാലയത്തിനു കീഴിൽ ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻഐഎസ്ഇആർ), യൂണിവേഴ്സിറ്റി ഓഫ് മുംബൈ– ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യുഎൻ–ഡിഎഇ സിബിഎസ്) എന്നീ സ്ഥാപനങ്ങളിൽ പഞ്ചവത്സര എംഎസ് കോഴ്സ് അഡ്മിഷൻ നടത്തുന്നതിനാണ്‌ നെസ്റ്റ്.

ബയോളജി, കെമിസ്ട്രി, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലാണ് എംഎസ് കോഴ്സ്. പ്രവേശനം നേടുന്നവർക്ക് കേന്ദ്ര ശാസ്‌ത്ര, സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ പദ്ധതിയനുസരിച്ചോ ആണവോർജവകുപ്പിന്റെ ദിശ പ്രോഗ്രാം അനുസരിച്ചോ 60,000 രൂപയുടെ വാർഷിക സ്‌കോളർഷിപ്പിന് അർഹതയുണ്ടാകും. കൂടാതെ, സമ്മർ ഇന്റേൺഷിപ്പിനായി വർഷം 20,000 രൂപയും ലഭിക്കും.

പരീക്ഷ രണ്ടു ഷിഫ്റ്റിലായി നടത്തും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭിക്കും. രാജ്യവ്യാപകമായി 90 കേന്ദ്രത്തിൽവച്ചാണ്‌ പരീക്ഷ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 91  സെന്ററിലായാണ്‌ പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കോഴിക്കോട്‌, പാലക്കാട്‌, തൃശൂർ, കാസർകോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട്‌.

2000 ആഗസ്‌ത്‌ ഒന്നിനോ അതിനുശേഷമേ ജനിച്ചവർക്ക്‌ അപേക്ഷിക്കാം. പ്ലസ്‌ ടുവിന്‌ (സയൻസ്‌ സ്‌ട്രീം 10 + 2) 60 ശതമാനം മാർക്ക്‌ വേണം. സംവരണവിഭാഗത്തിന്‌ 55 ശതമാനംമതി. അടുത്ത മാർച്ചിൽ പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. ജനറൽവിഭാഗത്തിന്‌ 1200 രൂപയാണ്‌ അപേക്ഷാ ഫീസ്‌. എസ്‌സി/എസ്‌ടി വിഭാഗത്തിന്‌ 600 രൂപമതി.

അപേക്ഷകർക്ക്‌ ഏപ്രിൽ 24ന്‌ അഡ്‌മിറ്റ്‌ കാർഡ്‌ ലഭിക്കും. പരീക്ഷ ആദ്യ സെഷൻ പരീക്ഷ രാവിലെ ഒമ്പതുമുതൽ 12.30 വരെയും രണ്ടാം സെഷൻ 2.30 മുതൽ ആറുവരെയുമാകും. അഡ്‌മിഷൻ കാർഡ്‌ ഏപ്രിൽ 24 മുതൽ ഡൗൺലോഡ്‌ ചെയ്യാം. ഫലപ്രഖ്യാപനം ജൂൺ 17-ന് ഉണ്ടാകും. ഓൺലൈൻ അപേക്ഷയ്ക്കും മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾക്കും: www.nestexam.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top