24 April Wednesday

നീറ്റ് ഓപ്‌ഷന്‍ നല്‍കുമ്പോള്‍

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jun 29, 2017

നീറ്റ് ഫല്ം വന്നതോടെ രാജ്യത്തെ 65,000 ത്തോളം എംബിബിഎസ്, 25000ത്തോളം ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനം ഇനിയുള്ള ആറാഴ്ചക്കാലയളവില്‍ നടക്കും. റിസള്‍ട്ടിനുശേഷം എന്ത്? രക്ഷിതാക്കളും, വിദ്യാര്‍ഥികളും തുടര്‍നടപടിക്രമങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ്. ഈ വര്‍ഷത്തെ നീറ്റ് എലിജിബിലിറ്റി ഈ Cut off mark പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 130ഉം, ഒബിസി, എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 107ഉം മാര്‍ക്കാണ്. ഈCut off mark മുകളില്‍  ലഭിച്ചവര്‍ എംബിബിഎസ്, ബിഡിഎസ് സീറ്റിന് പ്രവേശനം ലഭിക്കാന്‍ യോഗ്യരാണ്. നീറ്റില്‍ മൊത്തം മാര്‍ക്കില്‍ 720ല്‍ 360ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് അഖിലേന്ത്യാ ക്വോട്ടയിലുള്ള 15% മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്ക് പ്രവേശനം നേടാം. 

ഈ വര്‍ഷം മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെയാണ്. നീറ്റിലൂടെ കേരളത്തില്‍ യോഗ്യത നേടിയവരുടെ മാര്‍ക്കനുസരിച്ച് പ്രവേശനപരീക്ഷാകമീഷണര്‍ www.cee.kerala.gov.in  റാങ്ക്ലിസ്റ്റ്  പ്രസിദ്ധപ്പെടുത്തും. അതിനുശേഷമാകും ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക.
അഖിലേന്ത്യാ ക്വോട്ടയിലെ 15 ശതമാനം സീറ്റുകളിലേക്ക് www.mcc.nic.in ലൂടെ പ്രത്യേക ഓപ്ഷന്‍ നല്‍കണം. മൊത്തം സീറ്റുകളുടെ അഞ്ചിരട്ടിയോളം പേര്‍ റാങ്ക്ലിസ്റ്റിലുണ്ടാകും. അഡ്മിഷന്‍ ആഗ്രഹിക്കുന്ന ഓരോ സംസ്ഥാനങ്ങളിലേക്കും  പ്രത്യേകം ഓപ്ഷനും നല്‍കാം. 

ഒരാള്‍ക്ക് എത്ര ഓപ്ഷനും നല്‍കാം.  സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ എംബിബിഎസ്, ബിഎസ്സി (അഗ്രി), ഫോറസ്ട്രി, ബിവിഎസ്സി ആന്‍ഡ് എഎച്ച്, ബാച്ചിലര്‍ ഓഫ് ഫിഷറീസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്,  ബിയുഎംഎസ് പ്രോഗ്രാമുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം. മാര്‍ക്ക് കുറഞ്ഞവര്‍ സ്വകാര്യ, ഡീംഡ്, മെഡിക്കല്‍ കോളേജുകളിലേക്ക് ഓപ്ഷന്‍ നല്‍കാം.
ബിഡിഎസ് അഡ്മിഷന്‍ ലഭിച്ചാല്‍ സീറ്റ് ഉപേക്ഷിക്കരുത്. ഉപരിപഠന, തൊഴില്‍ സാധ്യതകളുള്ള ഡെന്റിസ്ട്രിക്ക് വിദേശത്തും പ്രിയമേറിവരുന്നു.  ഓപ്ഷന്‍ നല്‍കുമ്പോള്‍ എല്ലാ വിവരങ്ങളും നന്നായി മനസ്സിലാക്കി മാത്രമെ ചെയ്യാവൂ. തെറ്റായ ഓപ്ഷന്‍ നല്‍കി അവസരം പാഴാക്കരുത്. 

മാനേജ്മെന്റ് സീറ്റില്‍ താല്‍പ്പര്യമുള്ളവരും ഓപ്ഷന്‍ നല്‍കണം.എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആവശ്യമായ  രേഖകള്‍ ഹാജരാക്കേണ്ടതാണ്. 
അഞ്ഞൂറില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക് തുടക്കത്തില്‍  ബിഡിഎസ് ലഭിച്ചാലും പിന്നീട് കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് മെറിറ്റ്സീറ്റ് പ്രതീക്ഷിക്കാം. 350ല്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക്  കര്‍ണാടകം, പുതുച്ചേരി, കോളേജുകളില്‍ എംബിബിഎസ് സീറ്റ് ലഭിച്ചേക്കാം.  550 കൂടുതല്‍ മാര്‍ക്കുള്ള ഒബിസി, 600നടുത്ത്  മാര്‍ക്കുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എംബിബിഎസ് മെറിറ്റ് സീറ്റ് പ്രതീക്ഷിക്കാം. 600നുമേല്‍ മാര്‍ക്കുള്ളവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം പ്രതീക്ഷിക്കാം. മാര്‍ക്ക് കുറഞ്ഞവര്‍ ഓപ്ഷന്‍ നല്‍കാന്‍ മറക്കരുത്. ബിഡിഎസ് കോഴ്സ് ലഭിക്കാന്‍ സാധ്യത ഏറെയാണ്.
സംസ്ഥാനതലത്തില്‍ ഓരോ സംസ്ഥാനത്തെയും പ്രവേശന പരീക്ഷാ അധികൃതരുടെ വെബ്സൈറ്റിലൂടെ ഓപ്ഷന്‍ നല്‍കണം. കേരളത്തില്‍ അറിയിപ്പുവരുമ്പോള്‍ പ്രവേശനപരീക്ഷാകമീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

വിദ്യാര്‍ഥികള്‍ ഓപ്ഷന്‍ നല്‍കുന്നതിനുമുമ്പ് താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍, കോളേജുകള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കണം. എംബിബിഎസ് ലഭിച്ചില്ലെങ്കില്‍ ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്,ബിയുഎംഎസ്, ബിഎസ്സി അഗ്രികള്‍ചര്‍, ഫോറസ്ട്രി, ബിവിഎസ്സിഎച്ച് ആന്‍ഡ് ബിഎഫ്എസ്സി കോഴ്സുകള്‍ തെരഞ്ഞെടുക്കാം.

മെഡിക്കല്‍ ഇതര കാര്‍ഷിക വെറ്ററിനറി, ഫിഷറീസ് കോഴ്സുകള്‍ക്ക് ഓപ്ഷന്‍ നല്‍കേണ്ടത് സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ക്കാണ്.
പ്രവേശനപരീക്ഷാ കമീഷണര്‍ മേല്‍ സൂചിപ്പിച്ച കോഴ്സുകളിലേക്ക് പ്രത്യേകം റാങ്ക്ലിസ്റ്റ് തയ്യാറാക്കും. ബിഎഎംഎസിന് പ്ളസ്ടു സംസ്കൃതത്തില്‍ ലഭിച്ച മാര്‍ക്ക് പരിഗണിക്കും.

വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യ രാജ്യത്തെ വെറ്ററിനറി കോളേജുകളിലെ 15 ശതമാനത്തോളം അഖിലേന്ത്യാ സീറ്റുകളിലേക്ക് ഓപ്ഷന്‍ സ്വീകരിക്കും.ഇതിനായി www.vci.nic.in  സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top