20 April Saturday
സുപ്രീംകോടതിയിൽ എംസിഐ‌‌ സത്യവാങ്ങ്‌മൂലം

നീറ്റ്‌ നീട്ടിവയ്‌ക്കാൻ കഴിയില്ലെന്ന്‌ മെഡിക്കൽ കൗൺസിൽ; ഗൾഫിൽ പരീക്ഷാകേന്ദ്രങ്ങളും പറ്റില്ല

സ്വന്തം ലേഖകൻUpdated: Saturday Aug 22, 2020

ന്യൂഡൽഹി > സെപ്‌തംബറിൽ നടത്തേണ്ട നീറ്റ്‌ നീട്ടിവയ്‌ക്കാൻ കഴിയില്ലെന്ന്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യ ‌‌‌‌(എംസിഐ‌‌) സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ഗൾഫ്‌ രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങാൻ പറ്റില്ലെന്നും പരീക്ഷ എഴുതാൻ താൽപ്പര്യമുള്ളവർക്ക്‌ ‘വന്ദേഭാരത്‌ ദൗത്യം’ മുഖേന ഇന്ത്യയിലേക്ക്‌ വരാവുന്നതാണെന്നും എംസിഐ പറഞ്ഞു.

കോവിഡ്‌കാലമായതിനാൽ നീറ്റ്‌ എഴുതാൻ നാട്ടിലേക്ക്‌ വരാൻ പറ്റില്ലെന്നും ഗൾഫ്‌രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ തുറക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട്‌ ദോഹ, ഖത്തർ എന്നിവിടങ്ങളിലെ വിദ്യാർഥികൾ നൽകിയ ഹർജികളിലാണ്‌ എംസിഐ നിലപാട്. ‌വിദേശരാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്‌ പ്രായോഗികമല്ലെന്ന്‌ എംസിഐ ചൂണ്ടിക്കാട്ടി. എല്ലാ പരീക്ഷാകേന്ദ്രത്തിലും ഒറ്റ ഷെഡ്യൂളിലാണ്‌ നീറ്റ്‌ നടത്തേണ്ടത്‌. നിയമം അനുസരിച്ച്‌ ഇന്ത്യയിൽ പരീക്ഷ നടത്താൻമാത്രമേ അധികാരമുള്ളൂവെന്നും എംസിഐ പറഞ്ഞു.

നേരത്തേ സമാന വാദങ്ങൾ ഉന്നയിച്ച്‌ ദേശീയ ടെസ്റ്റിങ്‌ ഏജൻസിയും സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. ഗൾഫ്‌രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ തുറക്കാൻ ഉത്തരവിടണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ്‌ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്‌. സെപ്‌തംബർ 13ന്‌ രാജ്യമുടനീളം നീറ്റ്‌ നടത്തുമെന്നാണ്‌ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top