27 April Saturday

നീറ്റിനുശേഷം

ഡോ. ടി പി സേതുമാധവൻUpdated: Tuesday Jul 19, 2022


നീറ്റ് യുജി 2022നുശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഉത്തരം വിലയിരുത്തി ലഭിക്കുന്ന സ്കോറിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചുമുള്ള ആകാംക്ഷയിലാണ്.  17നു നടന്ന പരീക്ഷയിൽ ദേശീയതലത്തിൽ 17 ലക്ഷത്തിലധികം പേർ പരീക്ഷയെഴുതി. ഈ വർഷം കട്ട് ഓഫ് മാർക്ക് 140ൽ എത്താൻ സാധ്യതയുണ്ട്. ഇതിന്‌ ആനുപാതികമായി പ്രവേശനത്തിനുള്ള മാർക്കിലും കുറഞ്ഞത് മൂന്നുമുതൽ അഞ്ചു ശതമാനത്തിന്റെ വർധന പ്രതീക്ഷിക്കാം.

91,415 എംബിബിഎസ്‌ സീറ്റ്‌
രാജ്യത്തെ 91,415 എംബിബിഎസ്‌, 27,285 ബിഡിഎസ്‌ സീറ്റിലേക്കുള്ള പൊതു പരീക്ഷയാണ് ഇത്‌. നീറ്റ് റാങ്ക് ലിസ്റ്റിൽനിന്നാണ് ജിപ്മെർ പോണ്ടിച്ചേരിയുടെ 200 സീറ്റിലേക്കും എയിംസിലെ 1500ഓളം സീറ്റിലേക്കും അഡ്മിഷൻ നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ആയുർവേദ, യോഗ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ തയ്യാറാക്കുന്ന  റാങ്ക്‌ ലിസ്റ്റിന്റെ  അടിസ്ഥാനത്തിലാണ്. ദേശീയതലത്തിൽ ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട മെഡിക്കൽ പ്രവേശനം നീറ്റ് വഴിയാണ്.

സംസ്ഥാനതലത്തിൽ നീറ്റ് മാർക്കനുസരിച്ച് അതത് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന  റാങ്ക്‌ലിസ്‌റ്റിൽ നിന്നാണ് 100 ശതമാനവും പ്രവേശനം. അതിനാലാണ്  നീറ്റിന് അപേക്ഷിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കീമി(KEAM) ലേക്കും അപേക്ഷിക്കാൻ നിഷ്കർഷിക്കുന്നത്. അഖിലേന്ത്യാ ക്വോട്ടയിൽ 15 ശതമാനം ഐക്കർ( ICAR) കാർഷിക കോഴ്സുകളിലേക്ക് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി  പ്രത്യേക പരീക്ഷ നടത്തും. എന്നാൽ, വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന്  വെറ്ററിനറി കൗൺസിൽ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്ക് പരീക്ഷയില്ല.   നീറ്റ് റാങ്കിനനുസരിച്ചാണ് സീറ്റുകൾ അനുവദിക്കുക.

ഓപ്‌ഷൻ ശ്രദ്ധയോടെ
മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റിയാണ് ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിങ്‌ പ്രക്രിയ നടത്തുന്നത്.  കേരളത്തിൽ 100 ശതമാനം സർക്കാർ, സ്വാശ്രയ, എൻആർഐ സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മെന്റ് നടത്തും. മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ അഖിലേന്ത്യാ 15 ശതമാനം സീറ്റുകൾ, ഡീംഡ്, സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള സീറ്റുകൾ, ഇ എസ്ഐ മെഡിക്കൽ കോളേജ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള അലോട്ട്മെന്റ് നടക്കും.  ആദ്യം ലഭിക്കുന്ന സീറ്റെന്ന് കരുതി ഡീംഡ് മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ സീറ്റെടുത്താൽ രണ്ടാം കൗൺസലിങ്ങിനുശേഷം കോളേജുകൾ മാറുന്നതിന് തടസ്സങ്ങളുണ്ട്. സർക്കാർ കോളേജുകളിൽ സീറ്റ് ലഭിക്കാൻ ആദ്യം മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകണം.

അഖിലേന്ത്യാ ക്വോട്ടയിലും കേരളത്തിലും കുറഞ്ഞ ഫീസിൽ സർക്കാർ സീറ്റുകളിൽ പഠിക്കാൻ നീറ്റിൽ ഓപ്പൺ മെറിറ്റിൽ  630നു മുകളിൽ മാർക്ക് നേടേണ്ടി വരും.  സ്വാശ്രയ സീറ്റിൽ 520 മുതൽ 600 മാർക്ക് വേണ്ടിവരും. സ്വകാര്യ, ഡീംഡ് മെഡിക്കൽ കോളേജിൽ 420നു മുകളിൽ മാർക്ക് ലഭിക്കേണ്ടിവരും. എൻആർഐ സീറ്റുകളിലേക്ക് 350നു മുകളിൽ മാർക്ക് വേണ്ടിവരും.  490 മാർക്കിന് മുകളിൽ ലഭിച്ചവർക്ക് സർക്കാർ ഡെന്റൽ കോളേജുകളിൽ അഡ്മിഷന് സാധ്യതയുണ്ട്. ചെറിയവ്യത്യാസങ്ങൾ ഇതിൽ വരാനിടയുണ്ട്‌.   എന്നാൽ, മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന്‌ ശതമാനം മാർക്ക് സീറ്റ്അലോട്ട്മെന്റിൽ കൂടുതലായി വേണ്ടിവരും. മെഡിക്കൽ, അനുബന്ധ കാർഷിക കോഴ്സുകളിലും ഈ പ്രവണത ദൃശ്യമാകും.   
നീറ്റ് ഫലം വരുന്ന മുറയ്ക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ വിജ്ഞാപനത്തിനനുസരിച്ച്‌ വിദ്യാർഥികൾ അവരുടെ നീറ്റ് മാർക്കും റാങ്കും www.cee .kerala .gov.inൽ അപ്‌ലോഡ് ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top