02 July Wednesday

എംജി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക‌് 2019–20 മുതൽ പുതിയ സിലബസ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 30, 2018

കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌ക്കരിക്കുന്നു. 2019–20 അഡ്മിഷൻമുതൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ പിജി കോഴ്‌സുകൾക്ക് പുതിയ സിലബസ് നിലവിൽവരും. 45 വിഷയങ്ങളിലായി 80 കോഴ്‌സുകളുടെ സിലബസാണ് പരിഷ്‌ക്കരിക്കുന്നത്.

ഡയറക്ട‌് ഗ്രേഡിങ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്‌കെയിൽ ഗ്രേഡിങ് രീതിയിൽനിന്ന് ഏഴുപോയിന്റ് സ്‌കെയിൽ ഗ്രേഡിങ് രീതിയിലേക്ക് മാറും. 1.99 വരെ ഡി ഗ്രേഡ്, 2.002.49 സി, 2.502.99 സി പ്ലസ്, 3.003.49 ബി, 3.503.99 ബി പ്ലസ്, 4.004.49 എ, 4.505.00 എ പ്ലസ് ഗ്രേഡ് എന്ന നിലയിലേക്ക് ജിപിഎ/എസ്ജിപിഎ/സിജിപിഎ ഗ്രേഡിങ് രീതി മാറും. കോഴ്‌സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജർ നിർബന്ധമാണ്. പ്രൊജക്ട‌്/ഡിസർട്ടേഷൻ എന്നിവയുടെ ഭാഗമായി വിദ്യാർഥികൾ സെമിനാറുകളിലോ വിദഗ്ധ സമിതിക്കുമുമ്പിലോ പ്രബന്ധം അവതരിപ്പിക്കണം. പിജി കോഴ്‌സിന് 80 ക്രെഡിറ്റാണ് ഉണ്ടാവുക. ഒരു സെമസ്റ്ററിൽ 16 മുതൽ 25 ക്രെഡിറ്റ് നിർബന്ധമാണ്. ഒരു കോഴ്‌സിന് രണ്ടു മുതൽ അഞ്ചു ക്രെഡിറ്റ് വരെ നൽകാം. ഓരോ കോഴ്‌സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നമ്പരും നൽകും.

2012 നുശേഷം ഇതാദ്യമായാണ് പിജി കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരണം നടക്കുന്നത്. വിവിധ വിഷയങ്ങളിലായി 367 വിദഗ്ധരടങ്ങുന്ന 45 സമിതികളാണ് പുതിയ സിലബസ് തയ്യാറാക്കുക. സിലബസ് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള 14 ബോർഡ് ഓഫ് സ്റ്റഡീസിന്റെയും 31 വിദഗ്ധസമിതിയുടെയും നേതൃത്വത്തിൽ മൂന്നുദിവസം നീളുന്ന ശിൽപശാലകൾ സംഘടിപ്പിക്കും. നവംബറിൽ കൊമേഴ്‌സിന്റെ ശിൽപശാലയോടെ ശിൽപശാലകൾക്ക‌് തുടക്കമാകും.

ഇതുമായി ബന്ധപ്പെട്ട് സർവകലാശാല അസംബ്ലി ഹാളിൽ ചേർന്ന ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാരുടെയും വിദഗ്ധസമിതിയംഗങ്ങളുടെയും യോഗം സിൻഡിക്കറ്റംഗം അഡ്വ. പി കെ  ഹരികുമാർ ഉദ്ഘാടനംചെയ്തു.  സിൻഡിക്കറ്റംഗം പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷനായി. സിൻഡിക്കറ്റംഗങ്ങളായ പ്രൊഫ. വി എസ് പ്രവീൺകുമാർ, ഡോ. ആർ പ്രഗാഷ്, ഡോ. കെ ജയചന്ദ്രൻ, ഡോ. എ ജോസ്, ഡോ. എം എസ് മുരളി, ഡോ. അജി സി പണിക്കർ, ഡോ. സന്തോഷ് പി തമ്പി, അസിസ്റ്റന്റ് രജിസ്ട്രാർ ആർ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top