26 April Friday

ബിരുദപരീക്ഷകള്‍ക്ക് ഓൺലൈന്‍ ചോദ്യക്കടലാസ്: എംജി സർവകലാശാല ചരിത്രത്തിലേക്ക്‌

സ്വന്തം ലേഖകന്‍Updated: Saturday Dec 1, 2018

കോട്ടയം > ബിരുദ പരീക്ഷകൾക്ക് ഓൺലൈൻ ചോദ്യക്കടലാസ് വിജയകരമായി നടപ്പാക്കിയ രാജ്യത്തെ ആദ്യ സർവകലാശാലയെന്ന നേട്ടത്തിൽ എംജി. മൂന്നാം സെമസ്റ്റർ ബിരുദപരീക്ഷകൾ(സിബിസിഎസ് യുജി) ഓൺലൈൻ ചോദ്യപേപ്പർ സംവിധാനത്തിലൂടെ വിജയകരമായി നടപ്പാക്കിയാണ് എംജി സർവകലാശാല ഈ നേട്ടം കൈവരിച്ചതെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ബിരുദാനന്തരബിരുദ പരീക്ഷകൾക്ക് ഓൺലൈൻ ചോദ്യക്കടലാസ് വിജയകരമായി നടപ്പാക്കിയിരുന്നു. ചോദ്യം തയ്യാറാക്കുന്നതിൽ അധ്യാപകർക്കൊപ്പം വിദ്യാർഥികളെയും പങ്കാളികളാക്കുകയാണിവിടെ. വിദ്യാർഥികൾക്കും ചോദ്യബാങ്കിലേക്ക് ചോദ്യങ്ങൾ നൽകാം. രണ്ടാംഘട്ടത്തിലാണ് വിദ്യാർഥികളിൽനിന്നുള്ള മികച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തുക. ഒരു ദിവസം വിവിധ വിഷയങ്ങളിലുള്ള 70 ചോദ്യപേപ്പറുകളാണ് സർവകലാശാല പരീക്ഷാവിഭാഗം കോളേജുകളിലേക്ക് നൽകുന്നത്. ഒരു കോളേജിന് വിവിധ ബിരുദ കോഴ്സുകളിലായി ശരാശരി 17 ചോദ്യക്കടലാസുകൾ ലഭിക്കും. അധ്യാപകർ നൽകുന്ന ചോദ്യങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസും സർവകലാശാലയ്ക്കു പുറത്തുള്ള വിദഗ്ധസമിതിയും ഗുണനിലവാര പരിശോധന നടത്തിയാണ് ചോദ്യബാങ്കിൽ ഉൾപ്പെടുത്തുന്നത്.

ചോദ്യങ്ങൾ ചോരില്ല; പൂർണ സുരക്ഷിതം


ചോദ്യബാങ്കിൽ ഒരു വിഷയത്തിൽ മാത്രം ശരാശരി 600 ചോദ്യങ്ങൾ ഉണ്ടാകും. വിവിധ വിഷയങ്ങളിലായി പതിനായിരക്കണക്കിന് ചോദ്യങ്ങളുണ്ടാവും. വിദ്യാർഥികളുടെ സൃഷ്ടിപരത, വിശകലനകഴിവ്, വസ്തുനിഷ്ഠത എന്നിവയടക്കം പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് ചോദ്യങ്ങൾ തെരഞ്ഞെടുക്കുക. സെർവറിൽ ചോദ്യക്കടലാസായല്ല, ചോദ്യബാങ്കായാണ് സൂക്ഷിക്കുന്നത്. പ്രത്യേക കംപ്യൂട്ടർ സോഫ്റ്റ്‌വെയർ മുഖേന ആവശ്യാനുസരണം സെക്കൻഡുകൾക്കുള്ളിൽ റാൻഡം സെലക‌്ഷനിലൂടെ ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ചോദ്യക്കടലാസ് തയ്യാറാക്കും. അതിനാൽ ചോദ്യങ്ങൾ ചോരില്ല. ഒരു വിഷയത്തിൽ മൂന്നു ചോദ്യക്കടലാസ് തയ്യാറാക്കും. ഇതിൽനിന്ന് റാൻഡം സെലക്ഷനിലൂടെ കംപ്യൂട്ടർ സിസ്റ്റം തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസാണ് കോളേജുകൾക്ക് നൽകുക.
സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളടങ്ങിയ ചോദ്യക്കടലാസ് എൻക്രിപ്റ്റഡായാണ് (രഹസ്യകോഡ്) തയ്യാറാക്കുന്നത്. ചോദ്യപേപ്പർ ആർക്കും കാണാനും മനസ്സിലാക്കാനും കഴിയില്ല. ചോദ്യം കൈമാറുന്നതിന് രണ്ടുമിനിറ്റുമുമ്പ് മാത്രമേ സെർവറിൽ ഇവ വരൂ എന്നതിനാൽ ഏതു രീതിയിൽ ശ്രമിച്ചാലും ചോദ്യപേപ്പർ ചോർത്തി ഉപയോഗിക്കാനാകില്ല. രഹസ്യകോഡിലുള്ള ചോദ്യക്കടലാസ് കോളേജുകളിൽ ഡൗൺലോഡ് ചെയ്യുമ്പോൾ മാത്രമാണ് നിലവിലുള്ള ചോദ്യക്കടലാസിന്റെ രൂപത്തിൽ പിഡിഎഫ് രൂപത്തിൽ ലഭിക്കുക.

ചോദ്യക്കടലാസ് കൈമാറുന്നതിലും സുരക്ഷ

‘സെക്വർ സോക്കറ്റ്സ് ലെയർ' എന്ന സ്റ്റാൻഡേർഡ് സെക്യൂരിറ്റി പ്രോട്ടോക്കോൾ വഴിയാണ് ഓൺലൈൻ ഇടപാടുകൾ നടത്തുന്നത്. കോളേജ് പ്രിൻസിപ്പലിന് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പ്രത്യേക ഐഡിയും പാസ‌്‌വേഡും നൽകിയിട്ടുണ്ട്. ഇതുപയോഗിച്ചേ വെബ്സൈറ്റിൽ കയറാനാകൂ. വെബ്സൈറ്റിൽ കയറിയാലും ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യാൻ പാസ‌്‌വേഡ‌് വേണം. ഇതുപയോഗിച്ചേ ഡൗൺലോഡിങ് നടക്കൂ. പാസ‌്‌വേഡ‌് നൽകി അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ‌്‌വേഡ‌് നൽകണം. ഇത് നൽകിയാൽ മാത്രമെ പരീക്ഷയുടെ ലിങ്ക് ആക്ടിവേറ്റ് ആകൂ. ഡിജിറ്റലായി ഒപ്പിട്ട ചോദ്യപേപ്പറാണ് ലഭിക്കുക. ചോദ്യപേപ്പറിൽ രണ്ടു ബാർ കോഡുകൾ ഉണ്ടാവും. വൺ, ടു ഡയമെൻഷൻ ബാർകോഡുകളാണിവ. ഈ സുരക്ഷാ വഴികളിലൂടെയാണ് കോളജുകളിലേക്ക് ചോദ്യപേപ്പർ എത്തുന്നത്.

എല്ലാം സിസിടിവി കാണും

കോളേജിൽ ചോദ്യക്കടലാസുകൾ പ്രിന്റ് എടുക്കുന്ന മുറി സിസിടിവി നിരീക്ഷണത്തിലാകും. രണ്ട് വീതം ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, പ്രിന്റർ, വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ദ്വിതലസംവിധാനം എന്നിവ ഉറപ്പാക്കിയാണ് ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. ചോദ്യക്കടലാസ് പ്രിന്റ് എടുക്കാനുള്ള സമയം ട്രയലിലൂടെ കണക്കാക്കി ഇതിനുള്ള സമയമനുസരിച്ചാണ് ചോദ്യക്കടലാസ് ഡൗൺലോഡിങ്ങിന് ലഭ്യമാക്കുകയെന്ന് വിസി പറഞ്ഞു.
വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സിൻഡിക്കറ്റംഗങ്ങളായ ഡോ. ആർ പ്രഗാഷ്, പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ ജോസ്, ഡോ. പി കെ പത്മകുമാർ, പരീക്ഷ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

|പിജി മൂല്യനിർണയവും ഓൺലൈനിലേക്ക‌്; ചോദ്യപേപ്പർ ചോർന്നിട്ടില്ല

കോട്ടയം

എംജി സർവകലാശാലയിലെ പിജി പരീക്ഷാ മൂല്യനിർണയത്തിന് ഉടനെ ഓൺലൈൻ സംവിധാനം സജ്ജമാകുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ആദ്യഘട്ടമായി പിജി ഫിസിക‌്സ‌്, കെമിസ‌്ട്രി, മാത‌്സ‌് വിഷയങ്ങളിലെ മൂല്യനിർണയത്തിലാണ് ഇത് നടപ്പാക്കുക.
ബിരുദ പരീക്ഷയുടെ ഓൺലൈൻ ചോദ്യപേപ്പർ ചോർത്തിയെന്ന ഒരു വിദ്യാർഥിയുടെ അവകാശവാദം അദ്ദേഹം തള്ളി. ഒരിക്കലും അത‌് സാധ്യമല്ല. മാതൃകാ ചോദ്യപേപ്പർ ഓൺലൈനിൽ നൽകിയിരുന്നു. ഇതും രഹസ്യകോഡ‌് മാതൃകയിലേ ലഭിക്കൂ. ചോദ്യപേപ്പർ ഉത്തരവാദപ്പെട്ട വ്യക്തിക്കല്ലാതെ മറ്റാർക്കും ഡൗൺലോഡ‌് ചെയ്യാൻ കഴിയില്ല. ഇക്കാര്യത്തിൽ ഉറപ്പുള്ളതുകൊണ്ടാണ‌് ഇപ്പോഴും ഓൺലൈൻ ചോദ്യപ്പേപ്പർ സംവിധാനത്തിലൂടെ പരീക്ഷ തുടരുന്നത‌്. ചോർത്തിയെന്ന അവകാശവുമായി വിദ്യാർഥി രംഗത്തെത്തിയ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും വിസി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top