26 April Friday

മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


തിരുവനന്തപുരം
സംസ്ഥാനത്തെ എംബിബിഎസ്‌, ബിഡിഎസ്‌ ഉൾപ്പെടെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട‌്മെന്റ‌് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 11ന്‌ രാവിലെ പത്തുവരെ ഓൺലൈനായി ലഭിച്ച ഓപ്‌ഷനുകളുടെ അടിസ്ഥാനത്തിലാണ്‌ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയവരെ അലോട്ട്‌മെന്റിൽ പരിഗണിച്ചിട്ടില്ല.

വെബ്‌സൈറ്റിലെ ഹോം പേജിൽനിന്ന്‌ വിദ്യാർഥികൾക്ക്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ ലഭ്യമാകും. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്‌, റോൾ നമ്പർ, അലോട്ട്‌മെന്റ്‌ ലഭിച്ച കോഴ്‌സ്‌, കോളേജ്‌, അലോട്ട്‌മെന്റ്‌ ലഭിച്ച കാറ്റഗറി, ഫീസ്‌ സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്‌മെന്റ്‌ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. ഈ ഘട്ടത്തിൽ പുതുതായോ മുൻഘട്ടത്തിൽ ലഭിച്ച അലോട്ട്‌മെന്റിൽനിന്ന്‌ വ്യത്യസ്‌തമായോ അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്‌മെന്റ്‌ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക്‌ അടയ്‌ക്കേണ്ടതുമായ ഫീസ്‌/ബാക്കി തുക (ബാധകമെങ്കിൽ) 13 മുതൽ 17ന്‌ വൈകിട്ട്‌ അഞ്ചിനുമുമ്പായി ഓൺലൈൻ പേമെന്റ്‌ മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌ മുഖാന്തരമോ അടച്ച്‌ കോഴ്‌സിന്‌  ഈ സമയപരിധിക്കുമുമ്പ്‌ പ്രവേശനം നേടണം. ഫീസ്‌ ഒടുക്കാവുന്ന പോസ്റ്റ്‌ ഓഫീസുകളുടെ ലിസ്റ്റ്‌ വെബ്‌സൈറ്റിൽ ലഭ്യമാണ്‌.
ഫീസ്‌: എംബിബിഎസ്‌ കോഴ്‌സിന്‌ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടയിൽ അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ അഞ്ചുലക്ഷം രൂപ പ്രവേശനപരീക്ഷാ കമീഷണർക്കും ബാക്കി തുക കോളേജിലും അടയ്‌ക്കണം.

എംബിബിഎസ്‌ കോഴ്‌സിന്‌ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഗവ./മൈനോറിറ്റി ക്വാട്ടയിലും ബിഡിഎസ്‌ കോഴ്‌സിന്‌ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ഗവ./മൈനോറിറ്റി/എൻആർഐ ക്വാട്ടയിലും അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഒരുലക്ഷം രൂപ പ്രവേശന പരീക്ഷാ കമീഷണർക്കും ബാക്കി തുക കോളേജിലും അടയ്‌ക്കണം.സ്വകാര്യ സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളിൽ അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഒരുലക്ഷം രൂപ പ്രവേശനപരീക്ഷാ കമീഷണർക്കും ബാക്കി തുക കോളേജിലും അടയ്‌ക്കണം.

മെഡിക്കൽ/അനുബന്ധ കോഴ്‌സുകളിലെ സർക്കാർ/എയ്‌ഡഡ്‌ കോളേജുകളിലും അഗ്രികൾച്ചർ/വെറ്ററിനറി/ഫിഷറീസ്‌ യൂണിവേഴ്‌സിറ്റികൾക്കുകീഴിലുള്ള കോളേജുകളിലും അലോട്ട്‌മെന്റ്‌ ലഭിച്ചവർ മുഴുവൻ ഫീസ്‌ തുകയും പ്രവേശനപരീക്ഷാ കമീഷണർക്ക്‌ അടച്ച്‌ 17ന്‌ വൈകിട്ട്‌ അഞ്ചിനുമുമ്പ്‌ അതത്‌ കോളേജിൽ പ്രവേശനം നേടണം.

പുതുതായി അലോട്ട്‌മെന്റ്‌ ലഭിക്കുന്ന എസ്‌സി/എസ്‌ടി/ഒഇസി/രജിസ്‌ട്രേഡ്‌ മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവുകൾ അനുസരിച്ച്‌ ഫീസ്‌ ആനുകൂല്യത്തിന്‌ അർഹരായ വിദ്യാർഥികളും ടോക്കൺ ഡിപ്പോസിറ്റായി 1000 രൂപ അടച്ചശേഷം 17ന്‌ വൈകിട്ട്‌ അഞ്ചിനുമുമ്പ‌് അലോട്ട‌്മെന്റ‌് ലഭിച്ച കോഴ‌്സിൽ/കോളേജിൽ പ്രവേശനം നേടണം.

അലോട്ട‌്മെന്റ‌് ലഭിച്ച വിദ്യാർഥികൾ നിശ്ചിത സമയത്തിനകം ഫീസ‌്/ബാക്കി തുക (ബാധകമെങ്കിൽ) അടച്ച‌് കോളേജിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട‌്മെന്റും നിലവിലുള്ള ഹയർ ഓപ‌്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ‌്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല.

കോഴിക്കോട‌് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ ന്യൂനപക്ഷ ക്വാട്ട സീറ്റുകളുടെ എണ്ണം അമ്പതിൽനിന്ന‌് അറുപതായി ഉയർത്തിക്കൊണ്ട‌് സീറ്റ‌ുഘടന പരിഷ‌്കരിച്ചിട്ടുണ്ട‌്.

സർക്കാർ അംഗീകൃത സീറ്റ‌ുഘടന ലഭ്യമായിട്ടില്ലാത്തതിനാൽ കോഴിക്കോട‌് കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിലേക്ക‌് ഈ ഘട്ടത്തിൽ അലോട്ട‌്മെന്റ‌് നടത്തിയിട്ടില്ല.

മോപ്പ‌്‐അപ്പ‌് കൗൺസലിങ‌്
തിരുവനന്തപുരം
എംബിബിഎസ‌്/ബിഡിഎസ‌് കോഴ‌്സുകളിൽ 17നുശേഷം സീറ്റുകൾ ഒഴിവുള്ളപക്ഷം അവ 20നും 21നും തിരുവനന്തപുരത്ത‌് നടത്തുന്ന മോപ്പ‌്‐അപ്പ‌് കൗൺസലിങ് വഴി പ്രവേശനപരീക്ഷാ കമീഷണർ നികത്തും. മോപ്പ‌്‐അപ്പ‌് കൗൺസലിങ്ങ‌ിൽ ബിഡിഎസ‌് കോഴ‌്സിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളെ എംബിബിഎസ‌് കോഴ‌്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക‌് അലോട്ട‌്മെന്റിനായി പരിഗണിക്കും. എംബിബിഎസ‌്/ബിഡിഎസ‌് കോഴ‌്സുകളിൽ അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മോപ്പ‌്‐അപ്പ‌് കൗൺസലിങ്ങിൽ പങ്കെടുപ്പിക്കില്ല. മോപ്പ‌്‐അപ്പ‌് കൗൺസലിങ് സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട‌് പ്രസിദ്ധീകരിക്കും.

പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട‌്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും www.cee.kerala.gov.in വെബ‌്സൈറ്റുകളിൽ ലഭിക്കുന്നതാണ‌്. ഹെൽപ‌്‌ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top