24 April Wednesday

സാങ്കേതിക സർവകലാശാല; ബി ടെക് പരീക്ഷയിൽ 50.47 ശതമാനം വിജയം

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

തിരുവനന്തപുരം> എപിജെ  അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2015ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയിലെ നാലാം ബി ടെക് ബാച്ചാണിത്. 2018  ആഗസ്റ്റ് 1 നാണ് വിദ്യാർഥിപ്രവേശനം പൂർത്തിയാക്കി ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചത്.

എട്ടാം സെമസ്റ്റർ പരീക്ഷകൾക്കൊപ്പം ഏഴും ആറും സെമെസ്റ്ററുകളുടെ സപ്പ്ളിമെന്റരി പരീക്ഷകളുടെ മൂല്യനിർണ്ണയവും പൂർത്തിയാക്കികൊണ്ടാണ്, കോഴ്‌സ് കാലാവധിയായ നാല് വർഷത്തിനകം തന്നെ, ബി ടെക് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 28നു അവസാനിച്ച എട്ടാം സെമെസ്റെർ പരീക്ഷകളുടെ ഒന്നേകാൽ ലക്ഷത്തിലേറെ ഉത്തരക്കടലാസുകൾ 24 ദിവസം കൊണ്ടും, ജൂലൈ 11നു അവസാനിച്ച ഏഴാം സെമെസ്റ്ററിന്റെ അരലക്ഷത്തിലധികം പേപ്പറുകൾ 18 ദിവസം കൊണ്ടും മൂല്യനിർണ്ണയം നടത്തി.

പരീക്ഷാഫലം

24 വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 28328 വിദ്യാർത്ഥികളാണ് 2018 ൽ ഒന്നാം സെമെസ്റ്ററിൽ ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ 144  എഞ്ചിനീയറിംഗ് കോളേജുകളിലായി 25851 വിദ്യാർത്ഥികളാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. എട്ട് സെമെസ്റ്ററുകൾക്കിടെ 2477  വിദ്യാർത്ഥികൾ താഴ്ന്ന സെമെസ്റ്ററുകളിലേക്ക് മാറ്റപ്പെടുകയോ മറ്റ് കോഴ്സുകളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പരീക്ഷയെഴുതിയ 25808  വിദ്യാർത്ഥികളിൽ 13025 വിദ്യാർത്ഥികൾ വിജയിച്ചു; വിജയശതമാനം 50.47.

2019, 2020, 2021 വർഷങ്ങളിൽ യഥാക്രമം 36.5, 46.5, 51.86 ശതമാനമായിരുന്നു വിജയം. ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 65.18, 69.34, 53.87, 44.40 ആണ്. പ്രധാന ബ്രാഞ്ചുകളിൽ കമ്പ്യൂട്ടർ സയൻസിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം 50.39. പ്രധാന ശാഖകളായ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ യഥാക്രമം 49.09, 38.83, 50.01, 36.55 ആണ് വിജയശതമാനം. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ.

9828 പേരിൽ 6398 പേരും വിജയിച്ചു; ശതമാനം 65.13.  എന്നാൽ പരീക്ഷയെഴുതിയ 15980 ആൺകുട്ടികളുടെ വിജയശതമാനം 41.55 മാത്രം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ 984 വിദ്യാർത്ഥികളിൽ 242 പേരും (24.59%) ലാറ്ററൽ എൻട്രി വിഭാഗത്തിലെ 1795 വിദ്യാർത്ഥികളിൽ 787 പേരും (43.94%) വിജയികളായി. സർവ്വകലാശാലയുടെ കീഴിലുള്ള എൻ.ബി.എ. അക്രെഡിറ്റേഷൻ ലഭിച്ച കോളേജുകളിൽ നിന്നും പരീക്ഷയെഴുതിയ 9250 വിദ്യാർത്ഥികളിൽ 5533 പേർ വിജയിച്ചു. വിജയശതമാനം 59.85. ഇത് സംസ്ഥാന ശരാശരിയേക്കാൾ 9.37 ശതമാനം കൂടുതലാണ്.

ബി.ടെക് ഹോണേഴ്‌സ്

എട്ട് സെമെസ്റ്ററുകളിലായി 182 ക്രെഡിറ്റുകൾ നേടുന്നവർക്കാണ് ബി.ടെക് ബിരുദം ലഭിക്കുന്നത്. എന്നാൽ നാലാം സെമെസ്റ്റർവരെ എട്ടിനുമുകളിൽ ഗ്രേഡ് ലഭിക്കുകയും, രണ്ട് ഓൺലൈൻ കോഴ്സുകൾ ഉൾപ്പടെ നാല് വിഷയങ്ങൾ അധികമായി പഠിച്ച്  12 ക്രെഡിറ്റുകൾ കൂടി  നേടുന്ന വിദ്യാർത്ഥികൾക്കാണ് ബിടെക് ഹോണേഴ്സ് ബിരുദം ലഭിക്കുന്നത്. ഇത്തവണ വിജയിച്ച 13025 പേരിൽ 1321 വിദ്യാർത്ഥികൾ ബി ടെക് ഹോണോഴ്സ് ബിരുദത്തിന് അർഹരായി. ഏറ്റവും കൂടുതൽ ബിടെക് ഹോണോർസ് ബിരുദം നേടിയ കോളേജുകൾ: കോതമംഗലം എം എ  കോളേജ് (89), പാലക്കാട് എൻ.എസ്.എസ്. (85),  കോട്ടയം സെയിന്റ് ഗിറ്റ്സ് (77).

ഉയർന്ന സ്‌കോർ ലഭിച്ച വിദ്യാർഥികൾ

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ കാതെറിൻ സെബാസ്റ്റ്യനും, ആർ.എസ്.അരവിന്ദും ഏറ്റവും ഉയർന്ന ഗ്രെയ്‌ഡുകളായ 9.98, 9.97  ഉം നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ വിദ്യാർത്ഥിനി എസ്. ശ്രീലക്ഷ്‌മിയും, പാലക്കാട്‌ എൻ.എസ്.എസ്. കോളേജിലെ കംപ്യൂട്ടർ സയൻസിലെ സ്നേഹയും 9.95 ഗ്രേഡ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.


ഉയർന്ന വിജയശതമാനം ലഭിച്ച കോളേജുകൾ

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം ബാർട്ടൻഹിൽ കോളേജ് എന്നിവരാണ് വിജയശതമാനത്തിൽ മുന്നിൽ. വിജയശതമാനം യഥാക്രമം: 82.43, 80.00, 79.64. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ കോളേജുകളായ കൊല്ലം ടി.കെ.എം (798), എറണാകുളം രാജഗിരി (691), തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് (683) എന്നിവയ്ക്ക് 64.66, 70.48, 82.43 വീതം വിജയശതമാനമുണ്ട്.

അക്കാഡമിക് പെർഫോമൻസ് ഇൻഡക്‌സ്

വിജയശതമാനത്തിനപ്പുറം, വിദ്യാർത്ഥികളുടെ പഠനമികവിനെ ആധാരമാക്കിയുള്ള അക്കാഡമിക് പെർഫോമൻസ് ഇൻഡക്സും നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻറെ മാതൃകയിൽ കണക്കാക്കിയിട്ടുണ്ട്. ഓരോ കോളേജുകളിലെയും വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി ഗ്രേഡിൻറെയും വിജയശതമാനത്തിന്റെയും ഗുണന ഫലമാണിത്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (7.16), എഞ്ചിനീയറിംഗ്  കോളേജ്  ബാർട്ടൻഹിൽ (6.78) ,തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് (6.69), എന്നിവയാണ് ഏറ്റവും ഉയർന്ന അക്കാഡമിക് പെർഫോമൻസ് ഇൻഡക്സ് ലഭിച്ച കോളേജുകൾ.

സെർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി തത്സമയം

വിജയികളായ  വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും പരീക്ഷാഫലപ്രഖ്യാപനത്തോടൊപ്പം തന്നെ ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കോൺട്രോളറുടെ ഇ-ഒപ്പോടെ  വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമായി കഴിഞ്ഞു. സെർട്ടിഫിക്കറ്റുകൾക്കായി സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ പോകേണ്ടതില്ല. വിദ്യാർത്ഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സെർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യുവാൻ കഴിയും. കേരളത്തിൽ ആദ്യമായി  സെർട്ടിഫിക്കറ്റുകൾ  ഡിജിറ്റൽ സംവിധാനം വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത് സാങ്കേതിക സർവ്വകലാശാലയാണ്. വിവിധ സെമെസ്റ്ററുകളിലെ ഗ്രേഡ് കാർഡുകളും വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമാണ്. ട്രാൻസ്ക്രിപ്റ്റിന്റെ മാതൃകയിലാണ്  ഗ്രേഡ് കാർഡുകളുടെ ഡിസൈൻ.

ഡിഗ്രി സെർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലേക്ക്

ബിരുദ സെർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇന്നുമുതൽ തന്നെ  സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സെർട്ടിഫിക്കറ്റുകൾ  ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിൽ ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് ഡിജിലോക്കർ. ലോകത്തെവിടെയും തൊഴിലിനായും പഠനത്തിനായും പോകുന്ന  വിദ്യാർത്ഥികൾക്ക് അവരുടെ സർവ്വകലാശാല ബിരുദം സംബന്ധിച്ച ആധികാരികവും വസ്‌തുതാപരവുമായ  വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്. ലോകത്തെവിടെനിന്നും ഇവ പ്രാപ്യമാക്കുവാൻ കഴിയുമെന്നതിനാലും, ആധികാരികതയുള്ളതിനാലും, സാങ്കേതിക സർവ്വകലാശാലയുടെ ബിരുദ സെർട്ടിഫിക്കറ്റുകളുടെ സൂഷ്‌മ പരിശോധനകൾ ഭാവിയിൽ ഒഴിവാക്കുവാൻ കഴിയും. ഉന്നത പഠനത്തിനും ജോലിയ്ക്കുമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ അനുഗ്രഹമായിരിക്കും.

പ്രൊ വൈസ് ചാൻസലർ ഡോ എസ് അയൂബ്, സിൻഡിക്കേറ്റ് പരീക്ഷ സമിതി കൺവീനർ ഡോ സി സതീഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ എസ് ആനന്ദ രശ്മി, അക്കാദമിക് ഡീൻ ഡോ പി ആർ ഷാലിജ്, രജിസ്ട്രാർ ഡോ.എ.പ്രവീൺ  അസിസ്റ്റന്റ് ഡയറക്ടറന്മാരായ രാജേഷ് എ.വി., ബിജുമോൻ. ടി, അനൂജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top