29 March Friday

തിളങ്ങും "ഫസ്റ്റ്‌ബെൽ 2.0' ഡിജിറ്റൽ പ്രവേശനോത്സവം ; പുതുമകളോടെ കൈറ്റ് വിക്ടേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021


തിരുവനന്തപുരം
"ഫസ്റ്റ്‌ബെൽ 2.0' -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ.  രാവിലെ എട്ടു മുതലാകും സംപ്രേഷണം. രാവിലെ 10.30-ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ "കിളിക്കൊഞ്ചൽ ക്ലാസുകൾ' ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയവർ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.

പകൽ 11 മുതൽ യുഎൻ ദുരന്തനിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചകഴിഞ്ഞ്‌  രണ്ടുമുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും  ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനാണിത്‌. ഈ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ.

ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽതന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ക്ലാസും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലിൽത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലിൽ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകൾ തയ്യാറാക്കുന്നത് അവലോകനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top