25 April Thursday

കേരളയിൽ ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


തിരുവനന്തപുരം
കേരള സർവകലാശാലയിൽ  അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലും യുഐറ്റി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (2018‐19) പ്രവേശനത്തിന് ഓൺലൈൻ http://admissions.keralauniversity.ac.in  രജിസ്ട്രേഷൻ ആരംഭിച്ചു.  കേരള സർവകലാശാലയിൽ  അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലും 2018‐19ലെ ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും. എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ് ടി/ എസ്ഇബിസി സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ  ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനംവഴി അപേക്ഷ സമർപ്പിച്ചിരിക്കണം.

   മാനേജ്മെന്റ്, കമ്യൂണിറ്റി, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷാ ന്യൂനപക്ഷവിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്പോർട്സ് ക്വാട്ട എന്നിവയിൽ  പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ചിരിക്കണം.

 പരാതിരഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ  വിദ്യാർഥികൾ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ  ഫോൺ നമ്പരുകൾ പ്രവേശന നടപടികൾ അവസാനിക്കുംവരെ ഒരു കാരണവശാലും മാറ്റരുത്.
ഓൺലൈൻ അപേക്ഷയിലെ തെറ്റ‌് തിരുത്താൻ

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകൾ രജിസ്ട്രേഷൻ കാലയളവിൽ  വിദ്യാർഥികൾക്ക് അവരവരുടെ ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു പരിഹരിക്കാവുന്നതാണ്. രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്  
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴിയോ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന പ്രത്യേക ചെലാൻ ഉപയോഗിച്ച് എസ്ബിഐ വഴിയോ മാത്രം അടയ്ക്കണം. ഡിഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.

 എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ  വൈകിട്ട‌് അഞ്ചുവരെ 8281883052, 8281883053 എന്നീ ഹെൽപ്പ്ലൈൻ നമ്പരുകളിൽ  ബന്ധപ്പെടാം. ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്മെന്റുകളുടെയും തീയതി എന്നിവ സിബിഎസ്ഇ തുടങ്ങി മറ്റ് ബോർഡുകളുടെ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം വിജ്ഞാപനം ചെയ്യുന്നതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേക്ക് അയക്കേണ്ടതില്ല. ആയത് പ്രവേശനസമയത്ത് അതത് കോളേജുകളിൽ  ഹാജരാക്കിയാൽ  മതിയാകും.

  കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ  ഹയർ സെക്കൻഡറി 2018ലെ പരീക്ഷ പാസായ വിദ്യാർഥികൾ അവരുടെ പേരും രജിസ്റ്റർ നമ്പരും ഓൺലൈൻ അപേക്ഷയിൽ  ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് വിവിധ വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ സ്വമേധയാ രേഖപ്പെടുത്തപ്പെടും. അത്തരത്തിൽ  രേഖപ്പെടുത്തിയ മാർക്കുകൾ തിരുത്താൻ വിദ്യാർഥികൾക്ക് സാധിക്കുകയില്ല. പുനർമൂല്യനിർണയം വഴിയോ മറ്റോ മാർക്കുകൾക്ക് മാറ്റം വന്നാൽ  സർവകലാശാലയുടെ അറിവോടെ മാത്രമേ തിരുത്തുകൾ വരുത്താൻ സാധിക്കുകയുള്ളൂ.  കൂടുതൽ  വിവരങ്ങൾക്ക്  http://admissions.keralauniversity.ac.in  വെബ്സൈറ്റിലെ pressrelease  എന്ന ലിങ്ക് സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top