23 April Tuesday

കീം നടപടിക്രമങ്ങളും സാധ്യതകളും

ഡോ. ടി പി സേതുമാധവൻUpdated: Tuesday Sep 6, 2022


പ്രവേശന പരീക്ഷാ കമീഷണർ നടത്തിയ എൻജിനിയറിങ്‌ പ്രവേശന പരീക്ഷയായ കീം 2022(KEAM 2022) ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കുകയാണ്‌ (ഫാർമസി, ആർകിടെക്‌ചർ കോഴ്‌സുകളുടെ റാങ്ക്‌ പട്ടിക ഒരാഴ്‌ചകൂടി കഴിഞ്ഞേ പ്രസിദ്ധീകരിക്കു). സംസ്ഥാനത്തെ എൻജിനിയറിങ്‌, ഫാർമസി, കാർഷിക, വെറ്ററിനറി, ഫിഷറീസ് കോളേജുകളിലെ ബിടെക്‌ കോഴ്സുകളിലേക്കുള്ള ബി ഫാം, ബി ടെക് അഗ്രികൾച്ചർ എൻജിനിയറിങ്‌, ഫുഡ് എൻജിനിയറിങ്‌, ഡയറി സയൻസ് & ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി കോഴ്സുകൾക്കുള്ള പ്രവേശനം കീം റാങ്ക്  ലിസ്റ്റിൽ  നിന്നാണ്. സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി ഫാം പ്രോഗ്രാമിന് പ്രവേശന പരീക്ഷാ കമീഷണർ കീം പരീക്ഷയുടെ ആദ്യ പേപ്പർ പരീക്ഷ എഴുതിയവരിൽനിന്ന്‌ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. നാറ്റാ(NATA)  സ്കോറിന്റെ അടിസ്ഥാനത്തിലാണ് ബി ആർക്ക് (ആർക്കിടെക്ചർ) കോഴ്സുകളിലേക്കുള്ള പ്രവേശനം. ബി ടെക് 4 വർഷവും ബി ആർക്ക് 5 വർഷവുമാണ് കോഴ്സ് ദൈർഘ്യം.

കൗൺസിലിംങ്‌ വിജ്‌ഞാപനം വരുംമുമ്പ്‌ താൽപ്പര്യമുള്ള ബ്രാഞ്ചുകൾ, കോളേജുകൾ എന്നിവയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകണം. വിദ്യാർഥി ഇഷ്ടപ്പെടുന്നതും പഠിക്കാൻ പ്രാപ്തിയുള്ളതും പ്രസക്തിയുള്ളതുമായ മേഖല ലക്ഷ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കണം. കോർ എൻജിനിയറിങ്‌ ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാം. കംപ്യൂട്ടർ സയൻസ്, ഐടി. എൻജിനിയറിങ്‌ ബ്രാഞ്ചുകൾക്കാണ് വിദ്യാർഥികൾ കൂടുതലായി താൽപ്പര്യപ്പെടുന്നത്. കോവിഡിനുശേഷം കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്‌ മേഖലയിൽ പ്ലേസ്മെന്റ് വർധിച്ചു വരുന്നു. കൂടാതെ ആർട്ടിഫിഷ്യ ഇന്റലിജൻസ്, മെഷീൻ ലേർണിങ്‌, ഡാറ്റാ സയൻസ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഓട്ടമേഷൻ തുടങ്ങിയ കോഴ്സുകൾക്കും സാധ്യതയേറെയുണ്ട്. ഇവ കംപ്യൂട്ടർ സയൻസ്, എൻജിനിയറിങ്ങിനോടൊപ്പമുള്ള ബ്രാഞ്ചുകളുമുണ്ട്.

ഭൗതിക സൗകര്യ വികസനം, ക്രിയേറ്റിവിറ്റി, രൂപകൽപ്പന എന്നിവയിൽ സിവിൽ, ആർക്കിടെക്ചർ കോഴ്സുകൾക്ക് സാധ്യതയുണ്ട്. എനർജി, ഓട്ടമേഷൻ, ഡിസൈൻ ഹൈബ്രിഡ് വാഹനങ്ങൾ, നിർമാണം എന്നിവയിൽ  മെക്കാനിക്കൽ എൻജിനിയറിങ്ങിനും കണക്ടിവിറ്റി, കമ്യൂണിക്കേഷൻ രംഗത്ത് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷനും സാധ്യതയുണ്ട്. ഇലക്ട്രിക്‌ വാഹനങ്ങളുടെ വരവ് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിനു കരുത്തേകുന്നുണ്ട്‌. കെമിസ്ട്രിയിൽ താൽപ്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിയറിങ്ങും ബയോളജിയി  താൽപ്പര്യമുള്ളവർക്ക് ബയോടെക്നോളജി, ബയോമെഡിക്കൽ, ഡയറി സയൻസ് & ടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ എൻജിനിയറിങ്‌ കോഴ്സുകൾ തെരഞ്ഞെടുക്കാം.

സർക്കാർ, സ്വാശ്രയ, സഹകരണ മേഖലയിൽ എൻജിനിയറിങ്‌ കോളേജുകളുണ്ട്.  ഏത് എൻജിനിയറിങ്‌ ബ്രാഞ്ച് കഴിഞ്ഞവർക്കും 75 ശതമാനത്തോളം പ്ലേയ്‌സ്‌മെന്റ് ഐടി മേഖലയിലായതിനാൽ പഠനത്തോടൊപ്പം സി++, ജാവ ഔട്ട്‌റീച്ച്‌, Java പൈതൺ കംപ്യൂട്ടർ ലാംഗ്വേജുകൾ പഠിക്കുന്നത് നല്ലതാണ്. പഠനത്തോടൊപ്പം ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയ ശേഷി എന്നിവ മെച്ചപ്പെടുത്താനും തൊഴിൽ നൈപുണ്യത്തിൽ  വൈദഗ്‌ധ്യം കൈവരിക്കാനും ശ്രമിക്കണം.

കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ പ്രവേശനപരീക്ഷാ കമീഷണർ ഓൺലൈൻ കൗൺസലിങ്ങിനുള്ള വിജ്ഞാപനം പുറത്തിറക്കും. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. ഓപ്ഷൻ നൽകുന്നതിനുമുമ്പ് താൽപ്പര്യമുള്ള കോഴ്സ് കോഡ്, കോളേജുകളുടെ കോഡ് എന്നിവ എ 4 പേപ്പറിൽ തയ്യാറാക്കുന്നത് നല്ലതാണ്. വളരെ ശ്രദ്ധയോടെ ഓപ്ഷൻ നൽകാൻ രക്ഷിതാക്കളും വിദ്യാർഥികളും ശ്രദ്ധിക്കണം. ഇനിയുള്ള ദിവസങ്ങളിൽ പ്രവേശന പരീക്ഷാ കമീഷണറുടെ അറിയിപ്പുകളും വെബ്സെെറ്റും വിദ്യാർഥികളും രക്ഷിതാക്കളും കൃത്യമായി പരിശോധിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top