20 April Saturday

കീം -2020: അപേക്ഷിക്കാൻ 10 ദിവസംകൂടി

സ്വന്തം ലേഖകൻUpdated: Sunday Feb 16, 2020

തിരുവനന്തപുരം
സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് 2020–-21 അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷിക്കാൻ അവശേഷിക്കുന്നത്‌ 10 ദിവസംമാത്രം. എൻജിനിയറിങ്‌, ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക്‌ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ, പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതി  25. അപേക്ഷകർ നേറ്റിവിറ്റി, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ  ഫെബ്രുവരി 25-നകം നിർബന്ധമായും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. നേറ്റിവിറ്റി, ജനനത്തീയതി എന്നിവ ഒഴികെയുള്ള മറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിന് 29, വൈകിട്ട്‌ അഞ്ചുവരെ സമയം ഉണ്ട്‌. അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ സമർപ്പിക്കു ന്നതിനുമുള്ള സമയം നീട്ടില്ല. 

ആകെ അപേക്ഷ 81,000 ആയി; 6000 അപേക്ഷയിൽ പിശക്‌


പ്രൊഫഷണൽ കോഴ്‌സ്‌ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ 81000 ആയി. ഇനിയുള്ള 10 ദിവസംകൂടിയാകുമ്പോൾ അപേക്ഷകരുടെ ആകെ എണ്ണം ഒരു ലക്ഷം കവിയുമെന്നാണ്‌ പ്രാഥമിക നിഗമനം. നിലവിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച 81000 വിദ്യാർഥികളുടെ അപേക്ഷാ രേഖകളുടെ സൂക്ഷ്‌മപരിശോധന പ്രവേശന പരീക്ഷാ കമീഷണറേറ്റിൽ ആരംഭിച്ചു. പകുതി അപേക്ഷകൾ സൂക്ഷമപരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോൾത്തന്നെ 6,000 അപേക്ഷയിൽ പിശക്‌ കണ്ടെത്തി. മിക്ക അപേക്ഷകരും വിജ്ഞാപനത്തിൽ വ്യക്തമാക്കിയ രേഖകളല്ല അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ളത്‌. പലരും നീറ്റിന്‌ അപേക്ഷിക്കാൻ വാങ്ങിവച്ച സമയപരിധി കഴിഞ്ഞ രേഖകളാണ്‌ അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ളത്‌. തെറ്റായി അപേക്ഷ സമർപ്പിച്ചവർക്ക്‌ അത്‌ മാറ്റി നൽകാൻ ഒരു അവസരംകൂടി നൽകും. അപേക്ഷ സമർപ്പിച്ചവർ വിജ്ഞാപനം ഒരിക്കൽക്കൂടി വായിച്ച്‌ കൃത്യമായ വിവരങ്ങളടങ്ങിയ രേഖകളാണ്‌ അപ്‌ലോഡ്‌ ചെയ്‌തതെന്ന്‌ ഉറപ്പാക്കണം. അല്ലെന്ന്‌ ബോധ്യപ്പെട്ടാൻ ആവശ്യമായ പുതിയ രേഖകൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന്‌ വാങ്ങിസൂക്ഷിക്കണം. അപേക്ഷ തിരുത്താൻ അവസരം അനുവദിക്കുന്ന സമയത്ത്‌ അവ അപ്‌ലോഡ്‌ ചെയ്യണം. 

നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്‌; കൂടുതൽ ശ്രദ്ധിക്കണം


നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുന്ന വിദ്യാർഥികൾ ഇവ അപ്‌ലോഡ്‌ ചെയ്യുമ്പോൾ അതത്‌  വില്ലേജ് ഓഫീസർമാർ കേരളത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സമർപ്പിക്കാവൂ. കേരളത്തിലെ ജോലി ആവശ്യങ്ങൾക്കായോ കേന്ദ്ര ആവശ്യങ്ങൾക്കായോ നൽകുന്ന നോൺ-ക്രിമിലെയർ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. അപൂർണവും അവ്യക്തവും നിശ്ചിത മാതൃകയിലല്ലാത്തതുമായ സർട്ടിഫിക്കറ്റുകളും യാതൊരു കാരണവശാലും സംവരണം/ആനുകൂല്യം എന്നിവ അനുവദിക്കുന്നതിന് പരിഗണിക്കില്ല. നിശ്ചിത തീയതിക്കുശേഷം പ്രവേശന പരീക്ഷാ കമീഷണർക്ക് നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിഗണിക്കില്ല. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴ്സുകളിലേക്കുമോ ഉളള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാവൂ.  2020-ലെ സംസ്ഥാന പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രോസ്പെക്ടസ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുംമുമ്പ് പ്രോസ്പെക്ടസിലെ വിവിധ വ്യവസ്ഥകൾ അപേക്ഷകർ വായിച്ച് മനസ്സിലാക്കണം.

ഹെൽപ്പ് ലൈൻ നമ്പർ

ഹെൽപ്പ് ലൈൻ നമ്പർ: 0471- 2525300(ദിവസവും രാവിലെ 8  മുതൽ രാത്രി 8 വരെ). സിറ്റിസൺസ് കോൾ സെന്റർ നമ്പർ: 155300, 0471-2335523.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top