25 April Thursday
നീറ്റ് എഴുതുന്നവരും അപേക്ഷിക്കണം

കീം 2020; അപേക്ഷ ജാഗ്രതയോടെ വേണം

സ്വന്തം ലേഖകൻUpdated: Saturday Feb 1, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 2020ലെ പ്രൊഫഷണൽ കോഴ്‌സ്‌ (കീം)പ്രവേശന നടപടികൾ പ്രവേശന പരീക്ഷാ കമീഷണർ ആരംഭിച്ചു. www.cee.kerala.gov.in  വെബ്‌സൈറ്റ്‌ മുഖേനെ ഓൺലൈനായി ശനിയാഴ്‌ചമുതൽ അപേക്ഷിക്കാം. നിശ്‌ചിത സമയത്തിനകം അപേക്ഷിക്കാനും അപേക്ഷാഫീസ്‌ അടയ്‌ക്കാനും രേഖകൾ അപ്‌ലോ ഡ്‌ ചെയ്യാനും വിദ്യാർഥികൾ ശ്രദ്ധിക്കണം. രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.

പ്രവേശനം 5 സ്‌ട്രീമിൽ, അപേക്ഷ ഒന്നുമതി
അഞ്ച്‌ സ്‌ട്രീമിലാണ്‌ പ്രവേശനമെങ്കിലും അപേക്ഷ ഒന്നുമതി. എൻജിനിയറിങ്‌, മെഡിക്കൽ, ഫാർമസി, ആർകിടെക്‌ചർ, മെഡിക്കൽ  അനുബന്ധം എന്നീ അഞ്ച്‌ സ്ട്രീമിലാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. അർഹതയ്‌ക്ക്‌ വിധേയമായി ഒരു വിദ്യാർഥിക്ക്‌ എത്ര സ്‌ട്രീമിലേക്കും അപേക്ഷിക്കാം. പക്ഷേ, അപേക്ഷ ഒന്നേ നൽകാവൂ. താൽപ്പര്യമുള്ള സ്‌ട്രീമുകൾ തെരഞ്ഞെടുത്ത്‌ അപേക്ഷയിൽ രേഖപ്പെടുത്തണം.

പരീക്ഷ രണ്ട്‌ സ്‌ട്രീമിൽ മാത്രം
അഞ്ച്‌ സ്‌ട്രീമിലേക്കാണ്‌ എൻട്രൻസ്‌ കമീഷണർ അപേക്ഷ വിളിച്ചിരിക്കുന്നതെങ്കിലും രണ്ട്‌ സ്‌ട്രീമിലേക്ക്‌ മാത്രമാണ്‌ പ്രവേശന പരീക്ഷ നടത്തുക. എൻജിനിയറിങ്ങിനും ഫാർമസിക്കുമാണ്‌ പ്രവേശന പരീക്ഷ. ഇതിൽ ഫാർമസി പരീക്ഷ എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്‌സ്‌ ആൻഡ്‌ കെമിസ്‌ട്രിയാണ്‌. എൻജിനിയറിങ്‌ പ്രവേശനത്തിന്‌ അപേക്ഷിച്ചതുകൊണ്ടുമാത്രം ഫാർമസി പ്രവേശനത്തിന്‌ പരിഗണിക്കില്ല. ഫാർമസി സ്‌ട്രീം കൂടി അപേക്ഷിക്കുമ്പോൾ തെരഞ്ഞെടുത്താൽ മാത്രമേ എൻജിനിയറിങ്‌ പേപ്പർ ഒന്ന്‌ എഴുതിയാലും ഫാർമസിയിലേക്ക്‌ പരിഗണിക്കൂ.

അവസാന തീയതികൾ
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25ന്‌ വൈകിട്ട്‌ അഞ്ചുവരെയാണ്. ഈ തീയതിക്കകം അപേക്ഷിക്കുന്ന വിദ്യാർഥിയുടെ ഫോട്ടോ (ആറു മാസത്തിനുള്ളിലെടുത്തത്), ഒപ്പ്, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്ന രേഖ എന്നിവ 25ന്‌ വൈകിട്ട്‌ അഞ്ചിനകംതന്നെ അപ്‌ലോഡ് ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് 29 വൈകിട്ട്‌  അഞ്ചുവരെ അവസരം ഉണ്ട്‌. കൺഫർമേഷൻ പേജിന്റെ പകർപ്പോ രേഖകളോ തപാൽ മുഖേനെയോ, നേരിട്ടോ പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസിലേക്ക്‌ അയക്കേണ്ടതില്ല.

അപേക്ഷാ ഫീസ്‌,  അടയ്‌ക്കുന്നതെങ്ങനെ
എൻജിനിയറിങ്‌ മാത്രം, ബി ഫാം മാത്രം, രണ്ടിനും കൂടി ജനറൽ വിഭാഗത്തിന്‌ 700 രൂപയും എസ്‌സി വിഭാഗത്തിന്‌ 300 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌, ആർകിടെക്‌ചർ മാത്രം, മെഡിക്കൽ ആൻഡ്‌ അനുബന്ധംമാത്രം, രണ്ടിനും കൂടി ജനറൽ വിഭാഗത്തിൽ 500 ഉം എസ്‌‌സി വിഭാഗത്തിൽ 200 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌. എല്ലാ വിഭാഗത്തിലും അപേക്ഷിക്കുന്നവർക്ക്‌ ഫീസ്‌ ജനറലിൽ 900 രൂപയും എസ്‌‌സി വിഭാഗത്തിൽ 400 രൂപയുമാണ്‌. എസ്‌സി വിഭാഗത്തിന്‌ ഒരു കാറ്റഗറിയിലും അപേക്ഷാ ഫീസ്‌ ഇല്ല. 

ഓൺലൈൻ പേമെന്റ്‌, ഇ ചെലാൻ എന്നീ മാർഗങ്ങളിലൂടെ അപേക്ഷാ ഫീസ്‌ ഒടുക്കാം.  ഓൺലൈൻ അപേക്ഷിക്കുമ്പോൾ ലഭ്യമാകുന്ന ഇ-ചെലാൻ പ്രിന്റൗട്ട് ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിൽ പണമായി അപേക്ഷാ ഫീസ് ഒടുക്കാം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ദുബായ് പരീക്ഷാസെന്ററായി തെരഞ്ഞെടുത്തിട്ടുള്ളവർ:  അപേക്ഷാ ഫീസിനു പുറമെ അധിക ഫീസായി 12,000 രൂപ കൂടി ഓൺലൈനായി ഒടുക്കണം. കേരളത്തിലാണ് തുക അടയ്‌ക്കുന്നതെങ്കിൽ ഇ-ചെലാൻ മുഖേനയും സെന്റർ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.

ആർകിടെക്‌ചറിന്‌ നാറ്റ
ആർകിടെക്‌ചർ കോഴ്‌സിന്‌ ആർകിടെക്‌ചർ കൗൺസിലിന്റെ നാറ്റ സ്‌കോറാണ്‌ പരിഗണിക്കുക. എങ്കിലും കോഴ്‌സ്‌ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കണം.

പിശകുകൾ വരാതെ ജാഗ്രതവേണം
അപേക്ഷയിലെ പിശകുകൾ/ തെറ്റുകൾ സംബന്ധിച്ചൊന്നും തപാൽ വഴി അറിയിക്കില്ല. അപാകതയുണ്ടെങ്കിൽ അഡ്‌മിറ്റ്‌ കാർഡ്‌ ഡൗൺലോഡ്‌ ചെയ്യാൻ ശ്രമിക്കുമ്പോൾ വെബ്‌സൈറ്റിൽ ദൃശ്യമാകും. അവ യഥാസമയം ഓൺലൈനായി പരിഹരിക്കണം. പിശകുകൾ വരുത്താതെ അപേക്ഷ നൽകുക.

ഇവർ സഹായിക്കും
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ ജില്ലകൾ തോറും സജ്ജമാണ്. ഇവയുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭിക്കും. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഹെൽപ്പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് സഹായമാകുന്ന മാർഗ നിർദേശങ്ങൾ വെബ്സൈറ്റിലും ലഭ്യമാണ്.

ഇന്റർനെറ്റ്‌ കഫേയിൽ പോകുമ്പോൾ
ഇന്റർനെറ്റ്‌ കഫേ വഴി അപേക്ഷ നൽകാൻ പോകുമ്പോൾ വിദ്യാർഥിയും രക്ഷിതാവും പോകുക. അവിടെ ചെന്ന്‌ അവർ നൽകുന്ന സിസ്റ്റം ഉപയോഗിച്ച്‌ നേരിട്ട്‌ അപേക്ഷിക്കാൻ ശ്രമിക്കുക. ഒരു കാരണവശാലും തനിക്ക്‌ വേണ്ടി അപേക്ഷ നൽകാൻ മറ്റൊരാളെ ചുമതലപ്പെടുത്തരുത്‌.

പാസ്‌വേഡ്‌ കൈമാറരുത്‌. ഇടയ്‌ക്കിടെ പാസ്‌വേഡ്‌ മാറ്റുക. ഓരോ തവണയും ഹോംപേജിൽ വിവരങ്ങൾ നൽകിയശേഷം നിർബന്ധമായും ലോഗ്‌ ഔട്ട്‌ ചെയ്യുക.
അപേക്ഷ നൽകാൻ സഹായം വേണ്ടവർ സർക്കാർ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുക. 


 

 

സാമ്പത്തിക സംവരണം
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്‌ സർക്കാർ, എയ്‌ഡഡ്‌, സർക്കാർ നിയന്ത്രിത സ്വാശ്രയം എന്നീ എൻജിനിയറിങ്‌ കോളേജുകളിൽ 10 ശതമാനം സീറ്റ്‌ അധികമായി വർധിപ്പിച്ച്‌ പ്രവേശനം നൽകും.

ഈ സീറ്റുകളിൽ പ്രവേശനത്തിന്‌ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌ വില്ലേജ്‌ ഓഫീസറിൽനിന്ന്‌ വാങ്ങി അപ്‌ലോഡ്‌ ചെയ്യണം. ഇത്‌ സംബന്ധിച്ച വിശദ വിജ്ഞാപനം പിന്നീട്‌ ഉണ്ടാകും.

അപേക്ഷകന്റെ പ്രായപരിധി
അപേക്ഷകന് 2020 ഡിസംബർ 31ന്‌  17  വയസ്സ് പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയിൽ ഇളവ് ഇല്ല. എൻജിനിയറിങ്‌, ആർക്കിടെക്ചർ/ബി ഫാം കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധി ഇല്ല.

മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലെ ഉയർന്ന പ്രായപരിധി നീറ്റ്‌ യുജി  -2020 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. അപേക്ഷകന്റെ ജനനതീയതി തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം ഓൺലൈനായി അപ്‌ ലോഡ്‌ ചെയ്യണം.

നിരന്തരം വെബ്‌സൈറ്റ്‌ സന്ദർശിക്കുക
അപേക്ഷ സമർപ്പിച്ചവർ നിരന്തരം പ്രവേശന കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in  സന്ദർശിക്കണം. പ്രവേശന പരീക്ഷ സംബന്ധിച്ച തുടർ വിവരങ്ങൾ  അതത് സമയങ്ങളിൽ ഈ സൈറ്റിൽ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top