28 March Thursday

കീം 2020 അപേക്ഷ: 4 ദിവസംകൂടി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


തിരുവനന്തപുരം
2020–-21 അധ്യയനവർഷത്തെ എൻജിനിയറിങ്‌ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക്‌ പ്രവേശനത്തിനുള്ള  ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇനി നാലുദിവസം കൂടി.

പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25 ആണ്.  അപേക്ഷകർ  നേറ്റിവിറ്റി, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ ഫെബ്രുവരി 25-നകം ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. നേറ്റിവിറ്റി, ജനനത്തീയതി എന്നിവ ഒഴികെയുള്ള മറ്റ് രേഖകൾ അപ്‌ലോഡ്‌  ചെയ്യുന്നതിന്  ഫെബ്രുവരി 29ന്‌ വൈകിട്ട്‌ അഞ്ചുവരെ സമയം ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിനുമുള്ള സമയം  നീട്ടി നൽകില്ല. 

നീറ്റ്‌ 2020 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നെങ്കിൽ നിർബന്ധമായും കീംവഴി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിരിക്കണം. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ ആവശ്യമായിവരുന്ന വിദ്യാർഥികൾ അതത് വില്ലേജ് ഓഫീസർമാർ കേരളത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾമാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. കേരളത്തിലെ ജോലി ആവശ്യങ്ങൾക്കായോ കേന്ദ്ര ആവശ്യങ്ങൾക്കായോ നൽകുന്ന നോൺ -ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല.

ജാതി, ഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾ ആവശ്യമായ വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയോടൊപ്പം അവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾകൂടി നിർബന്ധമായും അപ് ലോഡ് ചെയ്യണം. അപൂർണവും അവ്യക്തവും നിശ്ചിത മാതൃകയിലല്ലാത്തതുമായ സർട്ടിഫിക്കറ്റുകൾ സംവരണം/ ആനുകൂല്യം എന്നിവ അനുവദിക്കുന്നതിന് പരിഗണിക്കില്ല. നിശ്ചിത തീയതിക്കുശേഷം പ്രവേശന പരീക്ഷാ കമീഷണർക്ക് നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകളും സർട്ടിഫിക്കറ്റുകളും പ്രവേശനത്തിനായി പരിഗണിക്കില്ല. പ്രോസ്‌പെക്ടസ്‌ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഹെൽപ്പ് ലൈൻ നമ്പർ: 0471- 2525300: സിറ്റിസൺസ് കോൾ സെന്റർ നമ്പർ: 155300, 0471-2335523.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top