28 March Thursday

കെഎഎസ്‌ തയ്യാറെടുപ്പ്‌; ഇനിയുള്ള ദിനങ്ങൾ കൂടുതൽ ജാഗ്രതയോടെ

അജയകുമാര്‍ കെ പിUpdated: Thursday Feb 13, 2020

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേ(കെഎഎസ്‌)ക്കുള്ള  പ്രാഥമിക പരീക്ഷയ്‌ക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്‌  ഉദ്യോഗാർഥികൾ. കെഎഎസിലേക്ക്‌ പിഎസ്‌സി ആദ്യമായി നടത്തുന്ന വിപുലമായ പരീക്ഷയാണിത്‌. 22 നാണ്‌ പരീക്ഷ. ഒഎംആർ രീതിയിൽ 100 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകളാണിവ. നെഗറ്റീവ് മാർക്കുണ്ട്. ഒന്നാം പേപ്പറിന് രാവിലെ 10 മണിക്കു മുമ്പും രണ്ടാം പേപ്പറിന് പകൽ 1.30ന് മുമ്പും പരീക്ഷാകേന്ദ്രത്തിൽ എത്തണം. തിരിച്ചറിയൽ രേഖ, ബാൾ പോയിന്റ് പേന (നീല അല്ലെങ്കിൽ കറുപ്പ്)എന്നിവ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കുകയുള്ളു. 

 

സമയക്രമീകരണം പ്രധാനം
സിലബസിന്‌ അതനുസരിച്ച് ഓരോ പേപ്പറിലും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ വേർതിരിച്ച് പഠനത്തിൽ ഉറപ്പുവരുത്തണം. പിഎസ്‌സി ആദ്യമായി നടത്തുന്നതായതിനാൽ  മുൻപരീക്ഷാ ചോദ്യപേപ്പറുകൾ ലഭ്യമല്ല. സമാന പരീക്ഷകളിൽ വിവിധ സംസ്ഥാന പബ്ലിക് സർവീസ് കമീഷനുകൾ നടത്തിയ പരീക്ഷകളിലെയും സിവിൽ സർവീസ് പരീക്ഷകളിലെയും ചോദ്യങ്ങൾ ലഭ്യമാണ്‌. പരീക്ഷയ്‌ക്കായുള്ള സമയം ക്രമീകരിച്ച്‌ എഴുത്ത് പരിശീലനം അനിവാര്യമാണ്‌. സമയപരിധിയായ ഒന്നര മണിക്കൂറിനുള്ളിൽ പരമാവധി ഉത്തരം എഴുതാനാവണം. കടന്നുപോയ പാഠഭാഗങ്ങൾ ഒരുവട്ടം കൂടി ഓടിച്ചുനോക്കി വ്യക്തത വരുത്തി മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.

സിലബസ് ശ്രദ്ധവേണം
ജനറൽ സ്റ്റഡീസ് പേപ്പർ ഒന്നിൽ പൊതുവിജ്ഞാനം, കേരള ചരിത്രം, ഇന്ത്യാ ചരിത്രം, ലോകചരിത്രം, ഇന്ത്യൻ കലാരൂപങ്ങൾ, കേരളത്തിലെ കലയും സാംസ്കാരിക പാരമ്പര്യവും, സംഗീതം, സാഹിത്യം ഇവയുടെ വികാസം, ഇന്ത്യൻ ഭരണഘടന, ജിയോഗ്രഫി, പൊതുവിജ്ഞാനം, റീസണിങ്‌, മെന്റൽ എബിലിറ്റി തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.

പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ട്‌ ആദ്യഘട്ടംവരെയുള്ള സാമൂഹ്യ മത സാംസ്കാരിക പരിവർത്തന പ്രക്രിയകൾ,  വിവിധ രാജവംശങ്ങളും പരിഷ്കാരങ്ങളും, നാട്ടുരാജ്യങ്ങൾ തമ്മിൽ വിവിധ ഘട്ടങ്ങളിലുണ്ടായിട്ടുള്ള സംഘട്ടനങ്ങൾ എന്നിവ വളരെ വിശദമായി പരിശോധിക്കേണ്ടതാണ്. ഇന്ത്യയിലേക്ക്‌ വിദേശശക്തികളുടെ കടന്നുകയറ്റം പ്രത്യേകിച്ച് യൂറോപ്യന്മാരുടെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും വരവ്, ഇന്ത്യയിലെ സ്വാതന്ത്ര്യ സമരകാലത്തിനു മുമ്പും ശേഷവുമുണ്ടായിട്ടുള്ള ജനമുന്നേറ്റങ്ങൾ, ഇന്ത്യൻ ജനതയെ വർഗീയമായി ചേരിതിരിച്ച് വിഘടിപ്പിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ, സാമ്രാജ്യവൽക്കരണം, സാമൂഹ്യ, മത വിശ്വാസങ്ങൾക്ക് പുനരുജ്ജീവനം വരുത്തിയ വിവിധ ചിന്താധാരകൾ, ദേശീയപ്രസ്ഥാനങ്ങളുടെ ഉത്ഭവം,  ഗാന്ധിജിയുടെ നേതൃത്വം തുടങ്ങി ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഭാഗങ്ങൾ മനസ്സിലാക്കാൻ ശ്രദ്ധിക്കണം. രണ്ടു ലോക മഹായുദ്ധങ്ങൾ അതിനെ തുടർന്ന് ലോകരാജ്യങ്ങളിലുണ്ടായ ഭരണമാറ്റം, വ്യവസായ വിപ്ലവം, പരിണിത ഫലമായുണ്ടായ ലോകരാഷ്ട്രങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ വ്യതിയാനങ്ങൾ തുടങ്ങിയവയും പ്രാധാന്യമർഹിക്കുന്നു.

കേരളവും പ്രധാനം
കേരളത്തിന്റെ ഉത്ഭവ ചരിത്രം, നാടോടിക്കഥകളും വ്യാഖ്യനങ്ങളും തുടങ്ങി വിവിധ രാജവംശങ്ങൾ, ആയി രാജവംശം, സാമൂതിരി, കോലത്തിരി, വേണാട് ഭരണകർത്താക്കളും വിഭാഗങ്ങളും മലനാട്, ഇടനാട്, തീരപ്രദേശങ്ങൾ, പിന്നീട് കൊച്ചി, തിരുവിതാംകൂർ   മാർത്താണ്ഡവർമ മുതൽ ചിത്തിര തിരുനാൾവരെയുള്ളവരുടെ ഭരണകാലം ഇവയും പ്രധാനപ്പെട്ടതാണ്‌.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരള ദേശീയ പ്രസ്ഥാനത്തിന്റെ രൂപീകരണം, കൊച്ചി, തിരുവിതാകൂർ രാജാക്കന്മാരുടെ  നിലപാടുകൾ, ശ്രീമൂലം പ്രജാസഭ രൂപീകരണം, ക്ഷേത്ര പ്രവേശന വിളംബരം തുടങ്ങിയവയും വൈക്കം സത്യഗ്രഹം തുടങ്ങിയ ജനകീയ സാംസ്കാരിക സമരമുന്നേറ്റങ്ങളും അവയ്ക്ക് നേതൃത്വം നൽകിയ ജനനായകരും ഉൾപ്പെടെ വിശാലമായ ഒരു മേഖലയാണ് ഉൾപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന വിവിധ പരിഷ്കാരങ്ങൾ ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം തുടങ്ങിയവയും കേരള രൂപീകരണംമുതലുള്ള വിവിധ പദ്ധതികൾ, സർക്കാരുകളുടെ സമീപനം, കേരള വികസനത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക്‌, അതിൽ കേരളത്തിന്റെ സംഭാവനകൾ തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നു.

കേരളത്തിന്റെ തനതായ പാരമ്പര്യ സാംസ്കാരിക രീതികൾ, സാഹിത്യം, ആദിവാസി കലാസാംസ്കാരിക വിഭാഗങ്ങൾ, സിനിമ, മലയാള ഭാഷാ സാഹിത്യം ഉത്ഭവം തുടങ്ങിയവയും അറിഞ്ഞിരിക്കണം. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് വിവിധ ഭരണഘടനാ ഭേദഗതികൾ അവ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളും അടുത്തിടെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിക്ഷേധങ്ങളും ഉൾപ്പെടെ വിശദമായി മനസ്സിലാക്കിവേണം മുന്നോട്ടുപോകാൻ. പൊതുവിജ്ഞാനത്തിൽ ഇന്നു ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും ആരോഗ്യ രംഗത്ത് അടുത്തിടെയുണ്ടായ വെല്ലുവിളികളും ഉൾപ്പെടാം.

ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഭൂമിശാസ്ത്രപരമായി ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ ഘടനാപരമായ പ്രത്യാഘാതങ്ങൾ, പ്രകൃതിയിൽ ഉണ്ടായ മാറ്റം,  കേരളത്തിൽ അടുത്തിടെയുണ്ടായ കാലാവസ്ഥാവ്യതിയാനം പ്രാധാന്യം നൽകി ശ്രദ്ധിക്കേണ്ടതുണ്ട്. റീസണിങ്‌, മെന്റൽ എബിലിറ്റി എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ജനറൽ സ്റ്റഡീസ് പേപ്പർ രണ്ടിൽ സാമ്പത്തിക ശാസ്ത്രം, ആസൂത്രണം, സയൻസ് ആൻഡ്‌ ടെക്നോളജി, കറന്റ് അഫയേഴ്സ് തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.
സാമ്പത്തിക മേഖലയിലെ വിവിധങ്ങളായ ഘടകങ്ങൾ, രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ വിവിധ ബജറ്റുകൾ, സാമ്പത്തിക രേഖകൾ, അവലോകനങ്ങൾ, വികേന്ദ്രീകൃതമായ ആസൂത്രണത്തിൽ പഞ്ചായത്തീരാജ് സംവിധാനങ്ങളുടെ പങ്ക്, ഇടപെടൽ, കേരള മോഡൽ വികസനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി മനസ്സിലാക്കിയിരിക്കണം.

ശാസ്ത്രവും നോക്കണം
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രത്യേകിച്ച് ശൂന്യാകാശ ഗവേഷണത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ സൈനിക മേഖലയിലെ വിവിധ പദ്ധതികൾ, വിവര സാങ്കേതികവിദ്യാ രംഗത്തുള്ള  മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ധാരണവേണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും അവയ്ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമരങ്ങളും പഠനവിഷയമാണ്.

ഭാഷയെ മറക്കരുത്
മലയാള ഭാഷയിൽനിന്ന്‌ 30 മാർക്കിനും ഇംഗ്ലീഷിൽനിന്ന്‌ 20 മാർക്കിനുമുള്ള ചോദ്യങ്ങളാണുണ്ടാകുക. ഒരു ഖണ്ഡിക നൽകി അതിൽനിന്ന്‌ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും വിവർത്തനവും തെറ്റുകൾ തിരുത്താനും വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top