26 April Friday

ഓട്ടോമൊബൈല്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍

ഡോ. ടി പി സേതുമാധവന്‍Updated: Thursday Oct 6, 2016

ഓട്ടോമൊബൈല്‍ വ്യവസായമേഖലയില്‍ 2026 ഓടുകൂടി രാജ്യത്ത് 65 ദശലക്ഷം തൊഴിലവസരങ്ങള്‍ രൂപപ്പെടുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രസ്തുത കാലയളവില്‍ ഈ മേഖല 300 ബില്യന്‍ ഡോളറിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു. ലോകത്ത് ഏറ്റവും മത്സരാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായമാണ് ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമേഖലയുടെ ഏഴുശതമാനം ഇതില്‍നിന്നു മാത്രമാണ്.  2026–ഓടെ ഇത് 12 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.ഇതോടെ ഓട്ടോമൊബൈല്‍ വ്യവസായമേഖലയില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തും.  2020 ഓടെ യാത്രാവാഹനങ്ങളുടെ എണ്ണം 1.97 ദശലക്ഷത്തില്‍നിന്ന് നാല് ദശലക്ഷമായി ഉയരും. 

ഓട്ടോമൊബൈല്‍ വ്യവസായമേഖലയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ കൈവരിക്കുന്ന വളര്‍ച്ച സാങ്കേതിക കോഴ്സുകള്‍ക്ക് കരുത്തേകും. എന്‍ജിനിയറിങ്, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ്, സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകള്‍ക്ക് തൊഴില്‍സാധ്യത ഏറും. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഐടി, മെക്കാട്രോണിക്സ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും.

ഓട്ടോമൊബൈല്‍ ഡിസൈന്‍രംഗത്തും ഇന്ത്യ ലോകവിപണിയില്‍ മുന്നേറും. ഗ്രാമീണമേഖലയില്‍ യാത്രാവാഹനങ്ങളുടെ എണ്ണം ഇപ്പോഴുള്ള 13 ശതമാനത്തില്‍നിന്ന് വര്‍ധിക്കും.

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്രംഗത്ത് എംടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും മികച്ച അവസരങ്ങള്‍ ലഭിക്കും. 
തൊഴില്‍നൈപുണ്യവികസനത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത് ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കൂടുതല്‍ തൊഴിലവസരം ഉറപ്പുവരുത്തും.

സാധ്യതകളുമായി കാലാവസ്ഥാ പഠനം
വരുംകാലങ്ങളില്‍ ലോകത്ത് ഏറെ സാധ്യതകളുള്ള ഗവേഷണമേഖലയായി കാലാവസ്ഥാ പഠനം മാറും!   സുസ്ഥിരവികസനം, ആഗോളതാപനം, സുസ്ഥിര റഫ്രിജെറന്റ് സാങ്കേതികവിദ്യ എന്നിവയില്‍ കൂടുതല്‍ ഗവേഷണസാധ്യതകള്‍ സമീപഭാവിയിലുണ്ടാകും.

ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുമായി ഇന്ത്യ കാലാവസ്ഥാവ്യതിയാനത്തില്‍  ധാരണപത്രത്തില്‍ ഒപ്പുവച്ചത് മലിനീകരണം, മാലിന്യസംസ്കരണം, കാലാവസ്ഥാ വ്യതിയാനം, പരിരക്ഷ, ആവാസവ്യവസ്ഥ എന്നിവയില്‍ പരസ്പരം കൂടുതല്‍ ഗവേഷണപദ്ധതികള്‍ തുടങ്ങാനിടവരുത്തും. കൌണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഗവേഷണസ്ഥാപനങ്ങള്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് ആന്‍ഡ് ഓഷ്യാനിക് സ്റ്റഡീസ് എന്നീ ഗവേഷണസ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായി കാലാവസ്ഥാ സഹകരണ റിസര്‍ച്ച് പ്രോജക്ടുകള്‍ നടപ്പാക്കും. ഇത് ജൈവശാസ്ത്ര, പാരിസ്ഥിതിക കോഴ്സ് കഴിഞ്ഞവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും.

tpsethu2000@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top