19 April Friday
സ‌്കോർ ഉയർത്താം

ജെ ഇ ഇ മെയിൻ രണ്ടാംഘട്ടത്തിന‌് ഫെബ്രുവരി 8 മുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

തിരുവനന്തപുരം
ജെഇഇ മെയിൻ ഒന്നാംഘട്ട പരീക്ഷയിലെ സ‌്കോർ ഉയർത്തണമെന്ന‌് ആഗ്രഹിക്കുന്നവർക്കും നന്നായി എഴുതിയില്ലെന്ന‌് തോന്നിയവർക്കും പുതുതായി എഴുതണമെന്ന‌് ആഗ്രഹിക്കുന്നവർക്കും‌ ഏപ്രിൽ ആറു മുതൽ മുതൽ 20 വരെ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ‌്ക്ക‌് ഫെബ്രുവരി എട്ടു മുതൽ  മാർച്ച‌് ഏഴുവരെ അപേക്ഷിക്കാം. സിബിഎസ‌്ഇയിൽനിന്ന‌് നാഷണൽ ടെസ‌്റ്റിങ് ഏജൻസി (എൻടിഎ) ഏറ്റെടുത്ത ജെഇഇ പരീക്ഷയ‌്ക്ക‌് ആദ്യമായാണ‌് രണ്ട‌് അവസരം നൽകുന്നത‌്.  തമ്മിൽ മികച്ച സ‌്കോറായിരിക്കും പരിഗണിക്കുക. എൻടിഎ ആദ്യമായി നടത്തുന്ന ജെഇഇ പരീക്ഷയാണെങ്കിലും മുൻവർഷങ്ങളിൽ നിന്നു ചോദ്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ല. ആദ്യഘട്ടം എഴുതിയപ്പോഴുണ്ടായ പോരായ്മകൾ മനസ്സിലാക്കി ഏപ്രിലിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ മികച്ച റാങ്ക് നേടാൻ വിദ്യാർഥികൾക്കു സാധിക്കും. ആദ്യഘട്ട പരീക്ഷ അത്ര എളുപ്പമായിരുന്നില്ല.  നന്നായി പരിശ്രമിച്ചവരെ ബുദ്ധിമുട്ടിച്ചുമില്ല.  ഫിസിക്സ് ചോദ്യങ്ങളായിരുന്നു കഠിനം. മാത്‌സ് ചോദ്യങ്ങളും ബുദ്ധിമുട്ടായിരുന്നു. കെമിസ്ട്രി  എളുപ്പമായി. എൻസിഇആർടി പുസ്തകങ്ങളിൽനിന്നു നേരിട്ടുള്ള ചോദ്യങ്ങളുണ്ടായിരുന്നു.  അടുത്ത ഘട്ടത്തിലും ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിക്കാം.  

രാജ്യത്തെ എൻഐടികൾ, ഐഐടികൾ, മുപ്പതോളം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കുള്ള ബിഇ, ബിടെക്, ബിആർക് പ്രവേശനം ജെഇഇ മെയിൻ പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ്. രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനം, ഐസാറ്റ്, ഐസർ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള മാനദണ്ഡം ജെഇഇ മെയിൻ ആണ‌്.

നാഷണൽ ടെസ്റ്റിങ് ഏജൻസി കംപ്യൂട്ടറധിഷ്ഠിത പരീക്ഷയാണ് ജെഇഇമെയിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ 75 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും 75 ശതമാനം മാർക്ക് പ്രതീക്ഷിക്കുന്നവർക്കും ജെഇഇ മെയിനിന‌് അപേക്ഷിക്കാം. പട്ടികജാതി‐വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് 65 ശതമാനം മാർക്ക് മതിയാകും.ഒരാൾക്ക് മൂന്നുവർഷംവരെ തുടർച്ചയായി എഴുതാം. 2017 ലോ 2018ലോ പ്ലസ്ടു പരീക്ഷ പാസായവർക്കും 2019ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും ജെഇഇ മെയിൻ ഇത്തവണ എഴുതാം.

രണ്ട് പേപ്പറുകളാണ‌് ജെഇഇ മെയിനിന‌് ഉള്ളത‌്. പേപ്പർ‐1 ബി ടെക്, ബി ഇ എന്നിവയും  പേപ്പർ‐2 ബിആർക്, ബി പ്ലാനിങ‌് എന്നിവയാണിത്.  ജെഇഇ മെയിൻ പരീക്ഷാസമയം മൂന്നു മണിക്കൂറാണ്. മൊത്തം 90 ചോദ്യങ്ങളുണ്ടാകും.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽനിന്നും 30 വീതം ചോദ്യങ്ങളുണ്ടാകും. 360 ആണ‌് മൊത്തം മാർക്ക്. പേപ്പർ രണ്ടിന് മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ്, ഡ്രോയിങ‌് ടെസ്റ്റ് എന്നിവയിൽനിന്ന‌് 82 ചോദ്യങ്ങളുണ്ടാകും. 390 ആണ് മൊത്തം മാർക്ക്.  വിജ്ഞാപനം വന്നശേഷം ഓൺലൈനായി അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും  എൻടിഎയുടെ www.jeemain.nic.in വെബ‌്സൈറ്റ‌് സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top