20 April Saturday

ജെഇഇ മെയിൻ: കേരളത്തിൽ ഒന്നാമത്‌; ദൃഢനിശ്‌ചയമാണ്‌ അദ്വൈത്‌ ദീപക്കിന്റെ വിജയവഴി

എം വി പ്രദീപ‌്Updated: Sunday Jan 19, 2020

തിരുവനന്തപുരം > ദൃഢനിശ്‌ചയമാണ്‌ വിജയത്തിലേക്കുള്ള വഴി. ഒപ്പം ആത്മവിശ്വാസവും കഠിനാധ്വാനവുംകൂടി കൂട്ടിനുണ്ടെങ്കിൽ ലക്ഷ്യത്തിൽ എത്താനുള്ള യാത്ര സുഗമമാകുമെന്നാണ്‌ ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ അദ്വൈത്‌ ദീപക്കിന്റെ പ്രതികരണം. 99.97 പേഴ്‌സന്റൈൽ സ്‌കോറാണ്‌ ജെഇഇ മെയിൻ 2020ന്റെ ആദ്യ സെഷൻ പരീക്ഷയിൽ നേടിയത്‌.

ചങ്ങനാശേരി പ്ലെയിസ്‌ഡ്‌ വിദ്യാ വിഹാറിലെ 12–-ാം ക്ലാസ്‌ വിദ്യാർഥിയായ അദ്വൈത്‌ ആദ്യമായാണ്‌ ജെഇഇ മെയിൻ എഴുതുന്നത്‌. മാത്രമല്ല, ഈ മിടുക്കന്റെ ആദ്യ എൻട്രൻസ്‌ പരീക്ഷകൂടിയാണ്‌. കോഴിക്കോട്‌ ദേവഗിരി സിഎംഐ സ്‌കൂളിൽനിന്ന്‌ 10–-ാം ക്ലാസിൽ മികച്ച വിജയം നേടിയ അദ്വൈതിന്റെ ഏകലക്ഷ്യം രാജ്യത്തെ ഏതെങ്കിലും ഐഐടിയിൽ പ്രവേശനം നേടുകയെന്നതാണ്‌. സ്‌കോർ വർധിപ്പിച്ച്‌ നൂറുശതമാനത്തിൽ എത്താനാകുമോ എന്നറിയാൻ ഏപ്രിലിൽ നടക്കുന്ന ജെഇഇ മെയിൻ രണ്ടാംഘട്ടവും എഴുതാനാണ്‌ തീരുമാനം. എന്നാൽ, ഇതിനായി പ്രത്യേക പരിശീലനത്തിനൊന്നും പോകാനില്ല. ഐഐടിയിൽ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡിനും സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷയ്‌ക്കുമുള്ള ഒരുക്കത്തിലാണ്‌. രാവിലെയും വൈകിട്ടുമാണ്‌ പഠനം. സ്‌കൂൾ പഠനത്തോടൊപ്പമാണ്‌ ജെഇഇക്കും പരിശീലിക്കുന്നത്‌. എൻട്രൻസിന്‌ തയ്യാറെടുക്കാൻ ചേർന്ന പരിശീലന സെന്ററിൽനിന്നുള്ള പാഠങ്ങൾക്കൊപ്പം മോക്‌ ടെസ്‌റ്റുകൾ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും ചെയ്‌തത്‌ മികച്ച സ്‌കോർ നേടാനാകുമെന്ന വിശ്വാസം വർധിപ്പിച്ചു–-അദ്വൈത്‌ പറഞ്ഞു.

ഐഐടിയാണ്‌ ലക്ഷ്യമെങ്കിലും മറ്റ്‌ എൻട്രൻസ്‌ പരീക്ഷകളൊന്നും എഴുതുകയില്ലെന്ന്‌ കരുതരുത്‌. വരാനിരിക്കുന്ന എൻട്രൻസ്‌ പരീക്ഷകൾ പ്രത്യേക തയ്യാറെടുപ്പില്ലാതെ എഴുതിനോക്കാൻ തന്നെയാണ്‌ തീരുമാനം. നീറ്റും എഴുതുന്നുണ്ട്‌. കോഴിക്കോട്‌ ചേവായൂർ വൃന്ദാവൻ കോളനിക്ക്‌ സമീപം ഡോ. റിജിൽ ദീപക്കിന്റെയും (ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ) ഡോ. ദർശനയുടെയും (ഇഎസ്‌ഐ ഹോസ്‌പിറ്റൽ ചക്കോരത്തുകുളം) മകനാണ്‌. അമ്മയുടെ മാതാപിതാക്കളുടെ കൂടെ ചങ്ങനാശേരിയിൽനിന്നാണ്‌ ഇപ്പോൾ പഠനം. സഹോദരി അവന്തിക ദീപക്‌ (ദേവഗിരി സിഎംഐ പബ്ലിക്‌ സ്‌കൂളിലെ ആറാംക്ലാസ്‌ വിദ്യാർഥിനി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top