28 March Thursday

ജെഇഇ-മെയിന്‍ വിജ്ഞാപനം വ്യാഴാഴ്ച

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2016

എന്‍ഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെയും കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍) 2017 ഏപ്രില്‍ രണ്ടിന് നടത്തും.  അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍ഓണ്‍ലൈനായി അപേക്ഷിക്കാം. 2017 ജനുവരി രണ്ടുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

റാങ്ക് ലിസ്റ്റ്  തയ്യാറാക്കാന്‍ പ്ളസ്ടു മാര്‍ക്ക് പരിഗണിക്കില്ല
ജെഇഇ-മെയിന്‍  റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് പ്രവേശനപരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാവുമെന്നും ഇതിന് പ്ളസ്ടു മാര്‍ക്ക് പരിഗണിക്കില്ലെന്നും ജെഇഇ-മെയിന്‍ വെബ്സൈറ്റില്‍ അറിയിച്ചു.   എന്നാല്‍ ജെഇഇ-മെയിന്‍ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ ബിടെക് പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കു വേണമെന്ന നിബന്ധനയും അടുത്തഅധ്യയനവര്‍ഷംമുതല്‍ നടപ്പാക്കും. എസ്സി/എസ്ടി വിഭാഗത്തിന് 65 ശതമാനം മാര്‍ക്കും വേണം.
 
ആധാര്‍കാര്‍ഡിന് പ്രത്യേക സംവിധാനം
ഇത്തവണമുതല്‍ ജെഇഇ-മെയിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥിക്ക് ആധാര്‍കാര്‍ഡും വേണം. കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കണം. ജെഇഇ-മെയിന്‍ 2017നുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ ആധാര്‍കാര്‍ഡ് നമ്പറും ജനനതീയതിയും നിര്‍ബന്ധമാക്കുന്നത് കൂടുതല്‍ കാര്യക്ഷമതക്കുവേണ്ടിയാണെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ഥികള്‍ ആധാര്‍ എടുത്തിട്ടില്ലെങ്കില്‍ ഏറ്റവുമടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്ററില്‍ ആധാറിന് അപേക്ഷിക്കുക.

ആധാറിന് എന്‍റോള്‍ ചെയ്യാത്തവര്‍ക്കുവേണ്ടി സിബിഎസ്ഇയും ഓരോ നഗരത്തിലും ആധാര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഈ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ലിസ്റ്റ് www.jeemain.nic.in വെബ്സൈറ്റിലുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഈ സെന്ററുകളില്‍ ആധാര്‍ എന്‍റോള്‍മെന്റ് നടത്താന്‍കഴിഞ്ഞില്ലെങ്കില്‍ അവിടെ അപേക്ഷിക്കുന്നവര്‍ക്ക് സെന്റര്‍ നല്‍കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ അപേക്ഷയില്‍ പൂരിപ്പിച്ചാലും മതിയാകും.

ആധാറിന് അപേക്ഷിച്ചിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റ് സ്ളിപ്പിലുള്ള 28 അക്ക ആധാര്‍ എന്‍റോള്‍മെന്റ് ഐഡി, ജെഇഇ മെയിന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ പൂരിപ്പിക്കാമെന്നും സിബിഎസ്ഇ അറിയിച്ചു.

ജെഇഇ അഡ്വാന്‍സ്ഡ് മെയ് 21ന്

ഐഐടികളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍  ജെഇഇ-മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടിയ ശേഷം ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷയും എഴുതണം .ജെഇഇ അഡ്വാന്‍സ്ഡ് 2017 മെയ് 21ന് നടത്തും. അതിന് അപേക്ഷിക്കാനുള്ള അവസരം 2017 ഏപ്രില്‍ 28മുതല്‍ മെയ് രണ്ടുവരെയാകും.  ജെഇഇ മെയിന്‍ പരീക്ഷയെക്കുറിച്ചുള്ള വിവരം ഡിസംബറില്‍  www.jeemain.nic.in വെബ്സൈറ്റിലും ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷയെക്കുറിച്ചുള്ള  വിവര www.jeeadv.ac  വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top