28 March Thursday

എ‌‌സ‌്എസ‌്എൽസിക്കുശേഷം പഠനവഴികൾ

സ്വന്തം ലേഖകൻUpdated: Tuesday May 7, 2019

തിരുവനന്തപുരം
പത്താം ക്ലാസ‌് ജയിച്ച ശേഷം പ്ലസ‌്ടുവിന‌് ഏത‌് ഗ്രൂപ്പ‌് തെരഞ്ഞെടുക്കണം. അതോ തൊഴിൽ സാധ്യതയുള്ള വിഎച്ച‌്എസ‌്ഇ, ഐടിഐ എന്നിവയിൽ ചേരണോ. കൂടുതൽ ഉപരിപഠന , തൊഴിൽ സാധ്യതയുള്ള കോഴ‌്സ‌് ഏതാണ‌്. വിദ്യാർഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിലാകുന്ന സമയമാണിത‌്. എണ്ണമില്ലാത്ത കോഴ‌്സുകളെക്കുറിച്ചും അത‌ിന്റെ തൊഴിൽ സാധ്യതകളെക്കുറിച്ചും പലതരത്തിലുള്ള അഭിപ്രായങ്ങളാണ‌് എസ‌്എസ‌്എൽസി ജയിച്ചവരെയും
രക്ഷിതാക്കളെയും തേടിയെത്തുക.

സയൻസ്, കൊമേഴ്‌സ്, ആർട്‌സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഹയർസെക്കൻഡറിക്ക് പ്രധാനമായി തിരഞ്ഞെടുക്കാനുള്ളത്. പെട്ടെന്ന് തൊഴിൽനേടാൻ
വി എച്ച് എസ്  ഇ, ഐടിഐ വഴികളും തേടാം. ഒന്നോർക്കുക മാറിയലോകത്ത് എന്ത്പഠിച്ചാലും ഉപരിപഠനതൊഴിൽ സാധ്യത ഏറെയാണ്.  എസ‌്എസ‌്എൽസി വിജയശതമാനം ഉയരുമ്പോൾ ഉപരിപഠന സാധ്യതകളിൽ കഠുത്തമത്സരം ഉണ്ടാകുക സ്വാഭാവികം. വിദ്യാർഥികളുടെ മാർക്കനുസരിച്ച‌് കോഴ‌്സുകൾ ലഭിക്കുമെങ്കിലും വിദ്യാർഥികളുടെ അഭിരുചിക്ക‌് തന്നെയാകണം രക്ഷിതാക്കൾ പ്രാമുഖ്യം നൽകേണ്ടത‌്.  

ഉപരിപഠനത്തിൽ പ്രധാനം ഹയർ സെക്കൻഡറി തന്നെ  എസ‌്എസ‌്എൽസിക്ക‌് ശേഷം ഹയർ സെക്കൻഡറി തന്നെയാണ‌് പ്രധാന ഉപരിപഠനമേഖല. രാജ്യത്തും വിദേശത്തും ഏത‌് പ്രൊഫഷണൽ കോഴ‌്സുകളിലേക്കും പ്ലസ‌് ടു പഠനം നിർബന്ധമാക്കിയിരിക്കുകയാണ‌്. പബ്ലിക‌് സർവീസ‌് കമീഷന്റെ പൊതുപരീക്ഷകളിൽ പൊതുവെ അടിസ്ഥാനം ഇതുവരെ എസ‌്എസ‌്എൽസിയായിരുന്നത‌് പ്ലസ‌് ടു ആക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട‌്. പൊലീസ‌് സേനയിലെ സിവിൽ പൊലിസ‌് ഓഫീസർ (കോൺസറ്റബിൾ) തസ‌്തികയിലേക്കുള്ള പ്രവേശനത്തിന‌് അടിസ്ഥാന യോഗ്യത പ്ലസ‌്ടുവാക്കുകയും ചെയ‌്തു.

സയൻസ്, കൊമേഴ്‌സ്, ആർട്‌സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഹയർസെക്കൻഡറിക്ക് പ്രധാനമായി  തെരഞ്ഞെടുക്കാനുള്ളത്. മാറിയകാലത്ത‌് അഭിരുചിക്ക‌് അനുസരിച്ച‌് ഏത‌് പഠനമേഖല തെരഞ്ഞെടുത്താലും തൊഴിലവസരങ്ങൾ ഉണ്ടെന്നതും ഓർക്കണം.  പ്ലസ് വണ്ണിനു അപേക്ഷിക്കുമ്പോൾ ഗ്രൂപ്പ് തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഭാവിയിൽ ആഗ്രഹിക്കുന്ന തൊഴിൽ മേഖല തിരിച്ചറിയണം. ആ തൊഴിൽ മേഖലയെ ലക്ഷ്യമാക്കി വേണം കോഴ്സ്  തീരുമാനിക്കേണ്ടത്. 

സയൻസ‌്
 പ്ലസ‌് ടുവിന‌് സയൻസ‌് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക‌്  സയൻസ് ഗ്രൂപ്പിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളിൽ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തെരഞ്ഞെടുത്ത് പഠിക്കണം. ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്.

എല്ലാ സ്‌കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ് പരീക്ഷകൾ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവർ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷൻ തെരഞ്ഞെടുക്കണം.

കണക്കിനോട് അത്ര താത്പര്യമില്ലാത്തവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയൻസ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എൻട്രൻസ് പരീക്ഷയിലൂടെ മെഡിസിന്‌ ചേരാം.എം ബി ബി എസിന് പുറമേ ബി ഡി എസ്., ഹോമിയോപ്പതി, ആയുർവേദ, യുനാനി, നാച്ചുറോപ്പതി, ബി ഫാം, ആഗ്രിക്കൾച്ചറൽ എൻജിനിയറിങ്, വെറ്ററിനറി സയൻസ്, ഡെയറി, അഗ്രിക്കൾച്ചറൽ സയൻസ്, ബയോടെക്‌നോളജി ആൻഡ് ജനിറ്റിക്‌സ്, ബി എസ്‌സി. നഴ്‌സിങ് എന്നിവയിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. അല്ലെങ്കിൽ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദത്തിന് ചേരാം.
പാരാമെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ലാബ് ടെക്‌നോളജി, ജനറൽ നഴ്‌സിങ്, ഒപ്‌ടോമെട്രി, ഫാർമസി ഡിപ്ലോമ തുടങ്ങി ബയോളജിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മേഖലകൾ വേറേയുമുണ്ട്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയൻസ്/ജിയോളജി/കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾ പഠിച്ചവർക്ക് എൻട്രൻസ് പരീക്ഷയെഴുതി എൻജിനിയറിങ്ങിന് ചേരാം. ഇവർക്ക‌് എൻജിനിയറിങ്ങിന് കിട്ടിയില്ലെങ്കിലും നിരാശരാകേണ്ടതില്ല.മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ചവർക്ക് പോളി ടെക്‌നിക്കുകളിൽ എൻജിനിയറിങ് ഡിപ്ലോമയുണ്ട്. പെയിന്റ് ആൻഡ് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂൾ ആൻഡ് ഡൈ, ഇന്റീരിയർ ഡിസൈൻ, പ്ലാസ്റ്റിക് ടെക്‌നോളജി അങ്ങനെ ബി ടെകിനോളം  ഗ്ലാമറുള്ള ഒട്ടേറെ എൻജിനിയറിങ് ഡിപ്ലോമ  കോഴ്‌സുകളിൽ എതെങ്കിലും തെരഞ്ഞെടുക്കാം.
അതുമല്ലെങ്കിൽ ബിഎസ്‌സി ക്കുശേഷം ഉപരിപഠനത്തിലൂടെ കരിയറിന്റെ വിവിധ വഴികൾ കണ്ടെത്താം. ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസും (ബിസിഎ) ഏറെ സാധ്യതയുള്ളതാണ്. താൽപര്യമുള്ളവർക്ക് ഇക്കണോമിക്‌സ് അടക്കമുള്ള ആർട്‌സ് വിഷയങ്ങളിലും ഡിഗ്രിക്ക് ചേരാം.

കൊമേഴ‌്സ‌് 
പ്ലസ‌് ടുവിന‌് ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/പൊളിറ്റിക്‌സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന നാല് സബ്ജക്ട് കോമ്പിനേഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. പ്ലസ്ടു കഴിഞ്ഞാൽ കൊമേഴ്‌സ്, ആർട്‌സ് വിഷയങ്ങളിൽ മൂന്നുവർഷ ഡിഗ്രിക്കോ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോ ചേരാം. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിങ്, കമ്പനി സെക്രട്ടറി കോഴ്‌സുകൾക്ക് അഡ്മിഷൻ നേടാം. മാനേജ്‌മെന്റ് കോഴ്‌സുകൾ, കംപ്യൂട്ടർ കോഴ്‌സുകൾ, സെക്രട്ടറിയൽ കോഴ്‌സുകൾ എന്നിവയും തെരഞ്ഞെടുക്കാം. ബാങ്കിങ്, ഇൻഷുറൻസ്, ഐ ടി., മാനേജ്‌മെന്റ്, ഫിനാൻസ് മേഖലകളിലെല്ലാം കൊമേഴ്‌സുകാർക്ക് ഇഷ്ടംപോലെ അവസരങ്ങ
ളുണ്ട്.

ആർട്‌സ്
ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യൽവർക്ക്, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്‌കൃതസാഹിത്യം, സംസ്‌കൃതശാസ്ത്രം, കമ്യൂണിക്കേഷൻ ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, സൈക്കോളജി, മ്യൂസിക്,  എന്നിവയിൽ ഏതെങ്കിലും നാല് വിഷയവും  രണ്ട് ഭാഷാവിഷയങ്ങളുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിക്കാനുണ്ടാകുക. ഉപരിപഠനസാധ്യകൾ ഏറെയുണ്ടെങ്കിലും തൊഴിൽവിപണിയിൽ പ്രിയം കുറവാണ‌്. ആർട്‌സ് വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചവർക്ക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലോ
ഭാഷാവിഷയങ്ങളിലോ ഡിഗ്രിക്ക് ചേരാം. ബിരുദത്തിനുശേഷം ബി എഡ് കൂടിയെടുത്ത് അധ്യാപനവഴിയിലേക്ക് തിരിയാം. അല്ലെങ്കിൽ തൊഴിലധിഷ്ഠിത പഠന
മേഖലകളായ കമ്പ്യൂട്ടർ, ജേണലിസം സെക്രട്ടേറിയൽ കോഴ്‌സുകൾ തെരഞ്ഞെടുക്കാം. സിവിൽ സർവീസിന് ചേരാൻ ആഗ്ര
ഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.

തൊഴിലധിഷ‌്ഠിത  സാങ്കേതിക പഠനം
ഹയർ സെക്കൻഡറി പഠനവും തൊഴിൽ പരിശീലനവും സമന്വയിപ്പിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയും വലിയ തൊഴിൽസാധ്യത തുറന്നിടുന്നുണ്ട‌്. ഗ്രാഫിക‌് ഡിസൈനിങ‌്, ഓട്ടോമൊബൈൽസ‌്, ഫുഡ‌്ടെക‌്നോളജി, ടൈലറിങ്‌ തുടങ്ങി നാൽപതോളം വ്യത്യസ‌്ത മേഖലകളിലുള്ള തൊഴിൽ പരിശീലന കോഴ‌്സുകളാണ‌് വൊക്കേഷണൽ ഹയർ സെക്കൻഡറികളിലുള്ളത‌്. ഫുഡ‌് ക്രാഫ‌്റ്റ‌് ഇൻസ‌്റ്റിറ്റ്യൂട്ടുകളിലെ വിവിധ കോഴ‌്സുകളും തൊഴിൽ ഉറപ്പ‌് തരുന്ന കോഴ‌്സുകളാണുള്ളത‌്. സാങ്കേതിക പഠനത്തിലൂടെ മികച്ച കരിയർ പാതകൾ ഒരുക്കുന്ന പോളി ടെക‌്നിക്കുളും ഐടിഐകളും ഉപരിപഠന മേഖലയിൽ നല്ല വഴികളാണ‌്. പോളിടെക‌്നിക‌് ഡിപ്ലോമകൾക്കും ഐടിഐ ട്രേഡ‌് സർട്ടിഫിക്കറ്റുകൾക്കും വലിയ തൊഴിൽ സാധ്യതകളാണുള്ളത‌്.

പൊതുസാധ്യതകൾ
ഏത്‌ പ്ലസ്‌ടു ഗ്രൂപ്പുകാർക്കും എഴുതാവുന്ന പൊതുവായ ചില എൻട്രൻസ് പരീക്ഷകളുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, ബാച്ചിലർ ഓഫ് ബിസിനസ് സ്റ്റഡീസ്, നിയമം, ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ്, ഇന്റീരിയർ ഡെക്കറേഷൻ, ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയാണത്. ഈ എൻട്രൻസ‌് പരീക്ഷകൾ എഴുതി അത‌് മേഖലയിലേക്ക‌് തിരിയാൻ ആഗ്രഹിക്കുന്ന എസ‌്എസ‌്എൽസിക്കാർ പ്ലസ‌്ടു കോഴ‌്സുകൾ തിരഞ്ഞെടുക്കുമ്പോൾ ഇഷ്ടവിഷയങ്ങൾക്ക‌് പ്രധാന്യം നൽകുന്നതായിരിക്കും ഉചിതം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top