വിദ്യാര്‍ഥികള്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ താല്‍പര്യം, ഉപരിപഠന, തൊഴില്‍സാധ്യതകള്‍ എന്നിവ വിലയിരുത്തണം. എന്നാല്‍ എല്ലാവര്‍ക്കും താല്‍പര്യമുള്ള കോഴ്സിന് പ്രവേശനം ലഭിയ്ക്കണമെന്നില്ല. ശുഭാപ്തി വിശ്വാസത്തോടെ ചിട്ടയോടെയുള്ള പഠനം ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ സഹായിക്കും എന്നാല്‍ താല്‍പര്യമുള്ള കോഴ്സിന് അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ അവ ലഭിയ്ക്കാനായി തുടരെ തുടരെ പ്രയത്നിക്കുന്ന വിദ്യാര്‍ഥികളുണ്ട്. മെഡിക്കല്‍, ജോയിന്റ് എന്‍ജിനിയറിങ്് പരീക്ഷകളില്‍ ഈ പ്രവണത ദൃശ്യമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിയ്ക്കാന്‍ പ്രവേശന പരീക്ഷകള്‍ കൂടുതലായി എഴുതേണ്ടിവരും.
മെഡിക്കല്‍ പ്രവേശന പരീക്ഷ രണ്ടും മൂന്നും തവണ റിപ്പീറ്റ് ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കേരളത്തിലുണ്ട്. റിപ്പീറ്റ് ചെയ്യുന്നതിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നവരും അല്ലാത്തവരുമുണ്ട്. കോഴ്സുകളെ കുറിച്ച് മനസ്സിലാക്കാതെ ലഭിച്ച കോഴ്സിന് ചേരാത്തവരുമുണ്ട്. ഉദാഹരണമായി ആദ്യ വര്‍ഷം മെഡിക്കല്‍ പ്രവേശനപരീക്ഷ മികച്ച റാങ്കോടെ പൂര്‍ത്തിയാക്കി ബിഡിഎസിന് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥി മറ്റുള്ളവരുടെ താല്‍പ്പര്യമനുസരിച്ച് ബിഡിഎസിന് ചേരാതെ വീണ്ടും മെഡിക്കല്‍ പരീക്ഷ റിപ്പീറ്റ് ചെയ്തപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഏറെ പിന്നില്‍. തുടര്‍ന്ന് ബിഡിഎസ്സിന് കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ ലഭിച്ചു. ഇതുപോലെ ചിലര്‍ നഷ്ടബോധവുമായി മറ്റു കോഴ്സുകള്‍ക്ക് ചേരാന്‍ നിര്‍ബന്ധിതമാകുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മികച്ച കോഴ്സിന് അഡ്മിഷന്‍ ലഭിച്ചാല്‍ എംബിബിഎസ്സും, ഐഐടിയിലെ ബിടെകും മതിയെന്ന നിശ്ചയദാര്‍ഢ്യത്തില്‍ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന വിദ്യാര്‍ഥികളേറെയുണ്ട്. രക്ഷിതാക്കള്‍, പരിശീലനകേന്ദ്രങ്ങള്‍ മുതലായവര്‍ നല്ലൊരളവുവരെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
മേല്‍സൂചിപ്പിച്ച അനിശ്ചിതത്വം ഒഴിവാക്കാന്‍ വിദ്യാര്‍ഥിയുടെ കഴിവ്, കഴിവുകേട്, എന്നിവയ്ക്കിണങ്ങിയ മറ്റു കോഴ്സുകള്‍ കൂടി കണ്ടെത്താന്‍ ശ്രമിക്കണം. കേരളത്തില്‍ 40ശതമാനത്തോളം മെഡിക്കല്‍, എന്‍ജിനിയറിങ്, പ്രവേശനപരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്സിന് പ്രവേശനം ലഭിയ്ക്കുന്നില്ല. ഉദാഹരണമായി ബിഡിഎസ്, കാര്‍ഷിക, വെറ്ററിനറി, ആയുര്‍വേദ, ഹോമിയോ കോഴ്സുകള്‍ക്കോ, മറ്റു ഡിഗ്രി പ്രോഗ്രാമുകള്‍ക്കോ അഡ്മിഷന്‍ ലഭിച്ചു വരുന്നു. എന്‍ജിനിയറിങ്ങില്‍ ഐഐടി, എന്‍ഐടിക്കപ്പുറം സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളില്‍ അഡ്മിഷന്‍ ലഭിയ്ക്കുന്നു. മാത്രമല്ല താല്‍പര്യമുള്ള ബ്രാഞ്ച് ലഭിച്ചില്ലെങ്കില്‍ മറ്റു ബ്രാഞ്ചുകള്‍ക്ക് ചേരേണ്ടി വരുന്നു.
ഒരു പരിധിവരെ ഈ മാറ്റം വിദ്യാര്‍ഥികളും രക്ഷിതാക്കളും അംഗീകരിച്ചേ മതിയാകൂ! ജീവിതകാലം മുഴുവന്‍ ആദ്യ ചോയ്സിനെക്കുറിച്ചാലോചിച്ച് സമയം കളയരുത്. എല്ലാ കോഴ്സുകള്‍ക്കും മികച്ച ഉപരിപഠന, തൊഴില്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍ക്കണം. അതിനാല്‍ ഉപരിപഠന മേഖല തെരഞ്ഞെടുക്കുമ്പോള്‍ മികച്ച 3–4 കോഴ്സുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. എല്ലായ്പ്പോഴും മറ്റൊരു വഴി കണ്ടെത്തിയിരിക്കണം. ബിരുദവിദ്യാര്‍ഥികളും ബിരുദാനന്തര മേഖല തെരഞ്ഞെടുക്കുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്.
ഡിഗ്രിയ്ക്കുശേഷം സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും മറ്റൊരു വഴ്ിക്ക മുന്‍ഗണന നല്‍കണം. ഈ കാലയളവില്‍ മറ്റൊരു പ്രൊഫഷണനും പ്രാമുഖ്യം നല്‍കണം. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ നെറ്റ് പരീക്ഷ എഴുതണം. ഐബിപിഎസ്, ക്യാറ്റ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, ഇന്ത്യന്‍ എക്കണോമിക് സര്‍വീസ് എന്നീ പരീക്ഷകളും എഴുതണം.
വിദേശ പഠനത്തിന്റെ സാധ്യതകളാരായണം. യൂറോപ്പ്യന്‍ രാജ്യങ്ങള്‍, കാനഡ, ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഉപരിപഠന സാധ്യതകളേറെയുണ്ട്. പ്ളസ്ടു വിന് ശേഷം SAT ഉം IELTS/TOEFL എഴുതിയും ഡിഗ്രിക്കുശേഷം GRE, IELTS/TOEFL എന്നിവ എഴുതിയും അഡ്മിഷന് ശ്രമിക്കാം. താല്‍പര്യമുള്ള വിഷയങ്ങളില്‍ ഉപരിപഠനത്തിന് ശ്രമിക്കാം.
സയന്‍സ്, ഡിസൈന്‍, ഫാഷന്‍ടെക്നോളജി, ഫുടവെയര്‍ ഡിസൈന്‍, ഡെവലപ്മെന്റല്‍ സയന്‍സ്, അക്കൌണ്ടിങ്, ഇ–കൊമേഴ്സ്, ആക്ച്വറിയല്‍ സയന്‍സ്, നെറ്റ് വര്‍ക്ക് സിസ്റ്റംസ്, നാനോസയന്‍സ് മുതലായവ വന്‍ സാധ്യതകളുള്ള കോഴ്സുകളാണ്.
tpsethu2000@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..