26 April Friday
പ്രൊഫഷണല്‍ കോഴ‌്‌സുകൾക്കായുള്ള പരക്കംപാച്ചിൽ

രക്ഷിതാക്കളുടെ പൊങ്ങച്ചത്തിന്‌ കുട്ടികൾക്ക‌് വഴങ്ങേണ്ടിവരുന്നു: ഹൈക്കോടതി

നിയമകാര്യ ലേഖകൻUpdated: Friday May 3, 2019

കൊച്ചി
മാതാപിതാക്കളുടെ താൽപ്പര്യപ്രകാരം പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടാൻ കുട്ടികൾ ഭ്രാന്തുപിടിച്ചോടുന്ന പ്രവണത കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ലെന്ന് ഹൈക്കോടതി. കലാ, കായിക മേഖലകളിൽ അഭിരുചിയുള്ള കുട്ടികൾ സ്വന്തം താൽപ്പര്യം ബലികഴിച്ച‌് രക്ഷിതാക്കളുടെ പൊങ്ങച്ചത്തിനു വഴങ്ങി പ്രൊഫഷണൽ കോളേജുകളിലേക്ക് പോകുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എൻജിനിയറിങ‌് പ്രവേശന പരീക്ഷയിലെ നെഗറ്റീവ് മാർക്ക് സമ്പ്രദായത്തിനെതിരെ കോതമംഗലം സ്വദേശി എബിൻ പയസ് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ കെ വിനോദ്ചന്ദ്രൻ, വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഓരോ വിഷയത്തിനും പത്ത് മാർക്കാണ് മിനിമം യോഗ്യതാ മാർക്കായി  നിശ്ചയിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ യോഗ്യതാ മാർക്ക് നിശ്ചയിച്ചതിൽ അത്ഭുതമുണ്ടെന്നും പ്രൊഫഷണൽ കോഴ്‌സിനു ചേർന്നിട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്നും കോടതി പറഞ്ഞു.

നാലു മാർക്ക‌് വീതമുള്ള 120 ചോദ്യങ്ങളാണ് ഓരോ വിഷയത്തിലുമുള്ളത്. തെറ്റായ ഓരോ ഉത്തരത്തിനും ഒരു നെഗറ്റീവ് മാർക്കുണ്ട്. ആകെയുള്ള 120 ചോദ്യങ്ങളിൽ 80 എണ്ണത്തിന് ഉത്തരമെഴുതിയ കുട്ടിയുടെ 62 ഉത്തരങ്ങൾ തെറ്റായാലും മിനിമം യോഗ്യതാ മാർക്ക് നേടാനാവും. 18 ചോദ്യങ്ങൾക്ക് ശരിയുത്തരമെഴുതുന്നതുവഴി 72 മാർക്ക് ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്കുള്ള 62 നെഗറ്റീവ് മാർക്ക് കുറച്ചാൽ പത്ത് മാർക്ക് ബാക്കിയുണ്ടാകും. മിനിമം യോഗ്യതയായ പത്ത് മാർക്ക് നേടിയ കുട്ടികൾ പിന്നീട‌് സിലബസിനനുസരിച്ച് പഠിക്കാനാവാതെ വരുന്നതോടെയാണ് പഠനം പാതിവഴിയിലുപേക്ഷിക്കുന്നത്.

പ്രവേശനപരീക്ഷ സീറ്റ‌് നിറയ‌്ക്കാനുള്ള നടപടിയല്ല. പ്രൊഫഷണൽ വിഷയങ്ങൾ തൃപ്തികരമായി പഠിക്കാൻ കഴിവുള്ളവരാണ് പ്രവേശനം നേടുന്നതെന്നും ഇവർ മികച്ച പ്രെഫഷണലുകളാവുമെന്ന് ഉറപ്പാക്കാനും കഴിയണം. വർഷങ്ങളായി മത്സരപ്പരീക്ഷകൾ നടത്തിയുള്ള പരിചയവും വിദഗ‌്ധ ഉപദേശവുമൊക്കെ കണക്കിലെടുത്താണ് എൻട്രൻസ് കമീഷണർ നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തിയത്. ഇതിൽ കോടതി ഇടപെടുന്നില്ലെന്ന് മാത്രമല്ല, നിലവിലെ സാമൂഹ്യ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിശ്ചയിച്ച കുറഞ്ഞ യോഗ്യതാ മാർക്കിലും ഇടപെടുന്നില്ല. ഈ നിരീക്ഷണങ്ങളെ വരാൻപോകുന്ന അശുഭ സാഹചര്യങ്ങളുടെ സൂചനയായി കണ്ടാൽ മതി. സാക്ഷരതയുടെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. ഇവിടെ പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെയുള്ള വിദ്യാഭ്യാസമേഖല ശക്തമാണ്. ഓരോ വിഷയത്തിനും മിനിമം വേണ്ട പത്തു മാർക്കുപോലും നേടാനാവാത്ത വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് മറ്റു വഴി തേടുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top