25 April Thursday

സ്വകാര്യ സ്കൂളുകള്‍ വര്‍ധിച്ചിട്ടും കൂടുതല്‍ സ്കൂളുകള്‍ പൊതുമേഖലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 10, 2017

കഴിഞ്ഞ ഒന്നരദശകത്തിനിടെ കേരളത്തിലെ സ്വകാര്യ സ്കൂളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2001 മുതല്‍ 2016 വരെ 1655 സ്വകാര്യ സ്കൂളുകളാണ് കേരളത്തില്‍ പുതുതായി ആരംഭിച്ചത്. 2001ല്‍ ആകെ സ്വകാര്യ വിദ്യാലയങ്ങള്‍ 902 ആയിരുന്നുവെങ്കില്‍ 2016ല്‍ ഇത് 2557 ആയി. 2001ല്‍ ആകെ വിദ്യാലയങ്ങളുടെ എട്ടു ശതമാനം മാത്രമായിരുന്നു സ്വകാര്യ വിദ്യാലയങ്ങള്‍ (സിബിഎസ്ഇ, ഐസിഎസ്ഇ, സിലബസുകള്‍ അനുസരിച്ച് പഠനം നടത്തുന്ന സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍). എന്നാല്‍, 2016ല്‍ ഇത് 18 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ധന ഉണ്ടായിട്ടും കേരളത്തിലെ വിദ്യാലയങ്ങളില്‍ 82 ശതമാനവും പൊതുമേഖലയിലാണെന്നത് ഈ മേഖലയിലുള്ള ഇടപെടലുകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

കേരള സിലബസ് അനുസരിച്ച് പഠനം നടത്തുന്ന സ്വകാര്യ മേഖലയിലും, പൊതുമേഖലയിലുമുള്ള സ്കൂളുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, സിലബസിലുള്ള സ്വകാര്യ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ കണക്കാണ് ഇവിടെ പരിശോധിച്ചത്. സ്വകാര്യ മേഖലയിലുള്ള, എണ്ണത്തില്‍ കുറച്ചുമാത്രമുള്ള, ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.

 

ഇന്ന് നിലവിലുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ പകുതി (50%) സിബിഎസ്ഇ സിലബസിലാണ്. 44 ശതമാനം കേരള സിലബസിലും ബാക്കിയുള്ള ആറു ശതമാനം ഐസിഎസ്ഇ സിലബസിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നരദശകത്തിനിടെ സ്വകാര്യ വിദ്യാലയങ്ങളില്‍, ഐസിഎസ്ഇ, കേരള സിലബസുകളിലുള്ള വിദ്യാലയങ്ങള്‍ ഇരട്ടിയിലധികമായും സിബിഎസ്ഇ സിലബസിലുള്ള വിദ്യാലയങ്ങള്‍ നാലിരട്ടിയിലധികമായും വര്‍ധിച്ചു.

ഇതേ കാലയളവില്‍ കേരള സിലബസ് അനുസരിച്ച് പഠനം നടത്തുന്ന പൊതുവിദ്യാലയങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവു വന്നതായി കാണുന്നു. 2001ല്‍ ഇത് 11,869 ആയിരുന്നുവെങ്കില്‍, 2016 ആയപ്പോഴേക്കും ഇത് 11811 ആയി കുറഞ്ഞു. ഇപ്പോഴുള്ള ആകെ പൊതുവിദ്യാലയങ്ങളില്‍ 39.1 ശതമാനം സര്‍ക്കാര്‍ വിദ്യാലയങ്ങളും, 60.5 ശതമാനം സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുമാണ്. കേന്ദ്രീയ വിദ്യാലയങ്ങളും ജവഹര്‍ നവോദയ വിദ്യാലയങ്ങളും ചേര്‍ന്ന് 0.4 ശതമാനമാണ് (കേന്ദ്രീയ വിദ്യാലയങ്ങള്‍ 38ഉം, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 14ഉം).

 

കേരളത്തിന്റെ പ്രത്യേകമായ ജനസംഖ്യാ മാറ്റംമൂലം കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കുറവുവരുന്നുണ്ടെന്ന വസ്തുത ഇതിനോട് ചേര്‍ക്കേണ്ടതുണ്ട്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസം നേടേണ്ട കുട്ടികളുടെ പ്രായം ആറുമുതല്‍ 18 വയസ്സുവരെയാണ്. ഈ പ്രായത്തിനിടയ്ക്കുള്ള കുട്ടികളുടെ എണ്ണം 2001ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 74,42,000 ആയിരുന്നു. എന്നാല്‍ 2011ലെ സെന്‍സസ് അനുസരിച്ച് ഇത് 69,66,977 ആയി കുറഞ്ഞിട്ടുണ്ട് (6.4 ശതമാനം കുറവ്).
 ഇത് അര്‍ഥമാക്കുന്നത് ഈ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ശരാശരി 47,502 കുട്ടികളുടെ കുറവ് സംഭവിക്കുന്നുവെന്നാണ്. എണ്ണത്തില്‍ വരുന്ന കുറവ് ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിന് കൂടുതല്‍ പണം ചെലവാക്കി ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സഹായകരമാണ്. കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കുറവ് സ്കൂള്‍, കോളേജ്, ടെക്നിക്കല്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലകളില്‍ ഏതുവിധത്തിലൊക്കെ ബാധിക്കുമെന്നത് വിശദമായ പഠനം അര്‍ഹിക്കുന്നു.

തയ്യാറാക്കിയത്:
റംഷാദ് എം
സെന്റര്‍ ഫോര്‍
സോഷ്യോ-ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍
സ്റ്റഡീസ്, കൊച്ചി-24


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top