04 October Wednesday

പാഠപുസ്‌തകങ്ങളിലും സ്‌ത്രീ കാണാമറയത്ത്‌: മാറ്റം വേണമെന്ന്‌ പഠനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 5, 2023

കൊച്ചി> സ്‌‌കൂൾ പാഠപുസ്‌തകങ്ങളിൽ സ്‌ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്ന്‌ പഠനം. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമെന്റൽ സ്‌റ്റഡീസിലെ (സിഎസ്‌ഇഎസ്‌) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്‌ ഈ നിരീക്ഷണം. പഠനത്തിന്റെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്‌തകത്തിന്റെ ജെൻഡർ ഓഡിറ്റും നടത്തിയിരുന്നു.

സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ സ്‌ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്ന്‌ വിശകലനം സൂചിപ്പിക്കുന്നു. ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ തുടങ്ങിയ  (LGBTQI ) ലിംഗഭേദ ന്യൂനപക്ഷ വിഭാഗങ്ങളെ  ലൈംഗികവിഭാഗങ്ങളെ ഏതാണ്ട് പൂർണ്ണമായും അവഗണിച്ചിരിക്കുന്നു.  ലിംഗഭേദത്തിന്റെ പ്രാതിനിധ്യവും ലിംഗഭേദം ഉൾക്കൊള്ളുന്ന വാക്കുകളുടെയും ഭാഷയുടെയും ഉപയോഗവും  സന്തുലിതമാക്കാൻ പാഠപുസ്‌തകങ്ങൾ

പരിഷ്‌കരിക്കണമെന്നും പഠനം നിർദേശിക്കുന്നു.

8, 9, 10 ക്ലാസുകളിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങളിലെ സ്‌‌ത്രീ പുരുഷ പ്രതിനിധാനങ്ങൾ പഠനം വിലയിരുത്തിയപ്പോൾ നാമങ്ങളായും സർവ്വനാമങ്ങളായും കഥാപാത്രങ്ങളായും ചിത്രങ്ങളായും സ്‌ത്രീകളെക്കാൾ വളരെ കൂടുതലാണ്‌ പുരുഷൻമാർ എന്നാണ് കണ്ടെത്തിയത്.

ചിത്രങ്ങൾ പരിശോധിച്ചാൽ പുരുഷ– സ്‌ത്രീ അനുപാതം എട്ടാം ക്ലാസിൽ 84–53, ഒമ്പതിൽ 144– 53, പത്തിൽ 171–59 എന്നിങ്ങനെയാണ്‌. പാഠഭാഗങ്ങളിലെ പരാമർശങ്ങൾ പരിശോധിച്ചാൽ 175–16, 266–56, 386–66 എന്നിങ്ങനെയാണ്‌ പുരുഷ – സ്‌ത്രീ അനുപാതം.

പ്രമുഖരും അറിയപ്പെടാത്തവരുമായ വ്യക്തികളെകുറിച്ചുള്ള കണക്ക്‌ പരിശോധിച്ചാലും ഈ വിടവ്‌ ദൃശ്യമാണെന്ന്‌ പഠനം പറയുന്നു. പ്രമുഖരെ പറ്റിയുള്ള പരാമർശങ്ങളിൽ എട്ടാം ക്ലാസിൽ 14–8, ഒമ്പതിൽ 167 –14, പത്തിൽ 322–22 എന്നിങ്ങനെയാണ്‌ പുരുഷ – സ്‌ത്രീ അനുപാതം. ‘നമ്മുടെ സർക്കാർ’ എന്ന അധ്യായത്തിൽ ഒട്ടേറെ പുരുഷ രാഷ്‌ട്രീയ നേതാക്കളെ പരാമർശിക്കുന്നുണ്ട്‌. എന്നാൽ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെയോ
ഇന്ദിരഗാന്ധി  പ്രതിഭാ പാട്ടീൽ

ഇന്ദിരഗാന്ധി പ്രതിഭാ പാട്ടീൽ

വനിതാ രാഷ്‌ട്രപതിയായ പ്രതിഭാ പാട്ടീലിന്റെയോ പോലും പേരില്ല. സാമ്പത്തിക ശാസ്‌ത്ര മേഖലയിലെ സംഭാവനകൾ പരാമർശിക്കുമ്പോഴും സ്‌ത്രീ പേരുകൾ അവഗണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ചിത്രീകരണം കുട്ടികളിൽ ലിംഗപരമായ മുൻവിധികൾ ഊട്ടിയുറപ്പിക്കാൻ ഇടയാക്കുമെന്ന്‌ പഠനം പറയുന്നു. ചരിത്രത്തിലോ രാഷ്‌ട്ര നിർമിതിയിലോ പുരുഷന്മാർക്ക്‌ മാത്രമാണ്‌ പങ്ക്‌ എന്ന ധാരണ കുട്ടികളിലും ബലപ്പെടും.

ഓരോ പ്രയോഗത്തിലും ജൻഡർ ജാഗ്രത വേണം. ഇംഗ്ലീഷ്‌ പുസ്‌തകത്തിൽ പൊതുവെ മനുഷ്യരെപ്പറ്റി പരാമർശിക്കുമ്പോഴെല്ലാം Man എന്ന പ്രയോഗം കടന്നുവരുന്നു. അതുപോലെ ചെയർമാൻ പോലെയുള്ള പ്രയോഗവും ധാരാളം. He,His എന്നല്ലാതെ She, Her ഒരിടത്തും കാണുന്നില്ല. അതുപോലെ തൊഴിലുകളുടെ ചിത്രീകരണവും സ്‌ത്രീകൾക്ക്‌ കടുത്ത
ജോലിയൊന്നും പറ്റില്ല എന്ന പൊതുവായ മുൻവിധി ബലപ്പെടുത്തുന്ന വിധത്തിലാണ്‌. ഒരുകൂട്ടം വനിതാ ഡോക്‌ടർമാരെ ചിത്രീകരിക്കുമ്പോൾ പോലും അവർ ഒരു പുരുഷ ഡോക്‌ടർ ചികിത്സിക്കുന്നത്‌ നോക്കിനിൽക്കുന്നതായാണ്‌ ചിത്രീകരണം.

പൊതുസ്‌ഥിതി ഇതാണെങ്കിലും പത്താംക്ലാസിലെ പുസ്‌തകത്തിൽ ചില പരിശ്രമങ്ങൾ കാണാനുണ്ട്‌. പുസ്‌തകത്തിൽ ചേർത്തിരിക്കുന്ന ഗാന്ധിജിയുടെ ഉദ്ധരണിയിൽ ‘അവൻ’ വരുന്നിടത്തെല്ലാം ‘അവൾ’ കൂടി ചേർത്തു കാണുന്നു. അതുപോലെ ഒരധ്യായത്തിൽ സ്വാതന്ത്ര്യസമരസേനാനിയായ മാഡം ബിക്കാജി കാമയെപ്പറ്റി പ്രത്യേക പാഠം അധികവായനയ്‌ക്കായി ചേർത്തിട്ടുണ്ട്‌. ദേശീയ പ്രസ്‌ഥാനത്തിലെ സ്‌ത്രീകൾ എന്നൊരധ്യായവും ഉണ്ട്‌ – പഠനത്തിൽ പറയുന്നു.

സംസ്‌ഥാന സർക്കാർ ഈ രംഗത്ത്‌ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്‌ പഠനം ചൂണ്ടിക്കാട്ടി. അംഗൻവാടികളിലെ പാഠപുസ്‌തകങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പ്‌ നടത്തിയ ജൻഡർ ഓഡിറ്റ്‌ ഏറെ ഫലപ്രദമായിരുന്നു.

ലിംഗപക്ഷപാതം ഒഴിവാക്കാനും ലിംഗസമത്വബോധം ഉറപ്പാക്കാനും സ്കൂൾ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ അവലോകനം ചെയ്യണം. ലിംഗപദവി വെളിവാക്കാത്ത (Gender Neutral) പദങ്ങളും സർവ്വനാമങ്ങളും ഉപയോഗിക്കുന്നത്‌ ചെറുപ്പത്തിൽ തന്നെ  വിദ്യാർത്ഥികളിൽ ലിംഗപരമായ മുൻവിധികൾ ഇല്ലാതാക്കാൻ സഹായിക്കും.

ലൈബ്രറിയിലേക്ക്‌ പുസ്‌തകം തെരഞ്ഞെടുക്കുമ്പോൾ ജൻഡർ ഒരു ഘടകമായിരിക്കണം.
  അറിയപ്പെടുന്ന സ്‌ത്രീ പുരുഷ എഴുത്തുകാരുടെ കൃതികളും സ്ത്രീ സമൂഹത്തിന്‌ പ്രചോദനം നൽകുന്ന സ്‌ത്രീ സാമൂഹ്യ പ്രവർത്തകരുടെയും ശാസ്‌ത്രജ്ഞരുടെയും ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലിംഗസംബന്ധമായ വാർപ്പുമാതൃകകളെ ധിക്കരിക്കുന്ന കൃതികളും ബോധപൂർവം ഉൾപ്പെടുത്തണം.

പെൺകുട്ടികളും ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ പെട്ടവരും മറ്റ്‌ നിശ്‌ചിതമല്ലാത്ത ലിംഗവിഭാഗങ്ങളിൽ പെട്ടവരും അടക്കം എല്ലാവിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന വിധത്തിലാണ്‌ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും എന്ന്‌ ഉറപ്പുവരുത്തണം.

അധികാരത്തിന്റെ ലിംഗപദവിപരമായ പരമ്പരാഗത ശ്രേണിബന്ധങ്ങളെ  വെല്ലുവിളിക്കുന്നതിൽ പാഠപുസ്‌തകങ്ങളിലെ പാഠങ്ങൾക്കും ദൃശ്യങ്ങൾക്കും ഒരു പങ്കുണ്ട്. സമത്വകാഴ്‌ച്ചപ്പാടുള്ള അധ്യാപകരെ ഉൾപ്പെടുത്തി ലിംഗസമത്വബോധം ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയ്‌ക്കും ക്ലാസ്‌മുറിയിൽ അതിന്റെ പഠനക്രമീകരണത്തിനുമായി എസ്‌സിഇആർടി ഒരു പൈലറ്റ്‌ പ്രോജക്ട്‌ ആരംഭിക്കണമെന്നും പഠനം നിർദേശിക്കുന്നു. സമത്വബോധമുള്ള അധ്യാപകരെ പദ്ധതിനടത്തിപ്പിൽ സഹകരിപ്പിക്കാം‐  പഠനം നിർദേശിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top