27 April Saturday

നാലുവര്‍ഷ ബിരുദം; കരട് പാഠ്യപദ്ധതി അന്തിമരൂപം അടുത്തയാഴ്ച

സ്വന്തം ലേഖികUpdated: Thursday Feb 2, 2023

തിരുവനന്തപുരം> നാലുവർഷത്തിൽ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം ഒരാഴ്ചക്കകം. നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷവും ബിരുദവും നാലാം വർഷം ഹോണററി ബിരുദവുമാണ് ലഭിക്കുക. യുജിസിയിൽ നിന്ന് വ്യത്യസ്തമായി  മൂന്നാം വർഷം മാത്രമാണ് എക്സിറ്റ് ഓപ്ഷനുള്ളത്. യുജിസിയിൽ ഒരുവർ‌ഷത്തിൽ സർട്ടിഫിക്കറ്റും രണ്ടുവർഷത്തിൽ ഡിപ്ലോമയും ലഭിക്കുന്ന ഓപ്ഷനുമുണ്ട്. എന്നാലിതിൽ തൊഴിൽമേഖലയിലേക്കുള്ള പഠനം മാത്രമാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പാഠ്യപദ്ധതിയിൽ അറിവും നൈപുണ്യവും ഒരേപോലെ ലഭിക്കുന്ന തരത്തിലുള്ളതാകും.

പാഠ്യപദ്ധതി ചട്ടക്കൂടിൽ ആവശ്യമായ ഭേ​ദ​ഗതികൾ ചർച്ചയിലൂടെ ക്രോഡീകരിച്ച് സമർപ്പിച്ചതിന് ശേഷം അന്തിമരേഖയിൽ വിദ്യാർഥി, അധ്യാപക പ്രതിനിധികൾ വീണ്ടും ചർച്ചയാകും. തുടർന്നിത് സർവകലാശാലകൾക്ക് കൈമാറും. ബോർഡ് ഓഫ് സ്റ്റഡീസിന്റെ പഠനത്തിന് ശേഷം സിലബസ് പരിഷ്കരണവും നടത്തും. കോളേജുകളുടെ അടിസ്ഥാന സൗകര്യവികസനമടക്കമുള്ളവയും ചർച്ചയാകും.

ക്രെഡിറ്റിന് പ്രാധാന്യം

യുജിസി മാർ​ഗരേഖ പ്രകാരമുള്ള ക്രെ‍‍ഡിറ്റ് സംവിധാനത്തിൽ നിന്ന് മാറ്റമുണ്ടാകില്ല. 120 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്ക് മൂന്നുവർഷ ബിരുദവും 160 ക്രെഡിറ്റുള്ളവർക്ക് നാലുവർഷ ഹോണററി ബിരുദവും നൽകും. പൊതുചട്ടക്കൂടിനെ പൊളിക്കാതെ അതിൽ അക്കാദമിക പ്രവർത്തനങ്ങളിൽ ഭേദ​ഗതി വരുത്തുകയാണ് ചെയ്യുന്നത്. ഇലക്ടീവ് കോഴ്സുകളിലൂടെയും പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെയും മൂന്നുവർഷക്കാർക്ക് 132 ക്രെഡിറ്റ് വരെയെടുക്കാൻ കഴിയുന്ന രീതിയിലാകും ഭേദ​ഗതി ചെയ്യുക.

എല്ലാ സർവകലാശാലകൾക്കും ഒരേരീതി പിന്തുടരാൻ കഴിയുന്ന തരത്തിലാണ് ക്രെഡിറ്റ് ക്രമീകരിക്കുക. ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ മറ്റ് സർവകലാശാലകളിലേക്ക് മാറ്റം ലഭിക്കുന്നതിന് ഇത് സഹായകമാകും. എൻസിസി, എൻഎസ്എസ്, സ്പോർട്സ് എന്നിവയ്ക്ക് പ്രത്യേക കരിക്കുലം വരും. ഇവ അധിക ക്രെഡിറ്റാകും.

അധ്യാപകർക്ക് പ്രത്യേക പരിശീലനം

കരിക്കുലം ചട്ടക്കൂടിന്റെ മാതൃക പൂർത്തിയാകുന്നതോടെ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃ-ത്വത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിലായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വിദ്യാർഥികൾക്ക് പ്രത്യേക മെന്റർമാരായി അധ്യാപകർക്ക് പ്രവർത്തിക്കാൻ കഴിയും. അതിനുവേണ്ട മാർ​ഗനിർദേശങ്ങളും നൽ‌കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top