20 April Saturday

ഫസ്റ്റ്ബെൽ ക്ലാസുകളിൽ 10നും 12നും കൂടുതല്‍ ക്ലാസുകൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


തിരുവനന്തപുരം
ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട്  ക്ലാസുകൾക്ക് കൂടുതൽ സമയം നൽകി തിങ്കളാഴ്ചമുതലുള്ള ടൈംടേബിൽ പുനഃക്രമീകരിച്ചു. തിങ്കൾമുതൽ വെള്ളിവരെ പ്ലസ്ടുവിന് ദിവസം ഏഴു ക്ലാസും പത്തിന് അഞ്ചു ക്ലാസും ഉണ്ടാകും. പ്ലസ്ടുവിന് വൈകിട്ട്‌ നാലുമുതൽ ആറുവരെ നാലു ക്ലാസാണ് അധികമായി സംപ്രേഷണം ചെയ്യുക. എന്നാൽ, വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസിൽ കൂടുതൽ കാണേണ്ടി വരില്ല. 

പത്താം ക്ലാസിന് പകൽ മൂന്നുമുതൽ നാലുവരെ രണ്ടു ക്ലാസ്‌ അധികമായി സംപ്രേഷണം ചെയ്യും.എട്ട്, ഒമ്പത് ക്ലാസുകൾക്ക് പകൽ രണ്ടിനും 2.30-നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പകൽ 1.30നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധൻ (ഒന്നിന്‌), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒന്നിനും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കൾ (ഒന്നിന്‌), ബുധൻ (12.30), വെള്ളി (12) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 12.30-നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും പകൽ 12നാകും ക്ലാസുകൾ.

പ്രത്യേക റിവിഷൻ ക്ലാസുകൾ
ജനുവരിയോടെ 10നും 12നും റിവിഷൻ ക്ലാസുകൾ സംപ്രേഷണം ചെയ്ത്‌ ക്ലാസുകൾ പൂ‍‍ത്തിയാക്കും. ശേഷം മറ്റ് ക്ലാസുകൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്ത് തീർക്കാനും‍ ക്രമീകരണം ഏർപ്പെടുത്തിയതായി കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.  നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വർധിപ്പിക്കും. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകൾക്കും ഏർപ്പെടുത്തി.

പാഠഭാഗങ്ങൾ സമയബന്ധിതമായി തീർക്കാൻ 25 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.  ശനി, ഞായർ ദിവസങ്ങളിൽ 10, 12 ക്ലാസുകൾ സംപ്രേഷണം ചെയ്യും.  പ്ലസ്‍ടുക്കാർക്ക് പരമാവധി നാലു ക്ലാസും പത്താം ക്ലാസുകാർക്ക് വൈകിട്ട്‌ നാലുമുതൽ ആറുവരെ  ഓപ്ഷനുകളോടുകൂടിയ ഒരു ക്ലാസുമുണ്ടാകും (ഭാഷാ ക്ലാസുകൾ).  
തിങ്കൾമുതൽ വെള്ളിവരെ വൈകിട്ട്‌ ആറു മുതൽ 7.30 വരെയും ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ എട്ടുവരെയും പത്താം ക്ലാസുകാർക്കും  ദിവസവും രാത്രി 7.30 മുതൽ 11 വരെ പ്ലസ്‍ടുക്കാർക്കും ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top