18 April Thursday

21 എൻജിനിയറിങ്‌ കോളേജുകളിൽ 40 നൂതന കോഴ്സുകൾ

സ്വന്തം ലേഖകൻUpdated: Friday Jun 19, 2020

തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയിലെ 21 അഫിലിയേറ്റഡ്‌  കോളേജുകളിലായി 27 ബിടെക്കും 13 എംടെക്കും കോഴ്സുകൾ ഈ അധ്യയന വർഷം ആരംഭിക്കും. വ്യാഴാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗം ഇതിനുള്ള അനുമതി നൽകി.  സർക്കാർ മേഖലയിലുള്ള മൂന്ന് കോളേജുകൾ, രണ്ട് എയ്ഡഡ് കോളേജുകൾ,  മൂന്ന്  സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ, 13 സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയ്‌ക്കാണ്  അനുമതി. എ ഐ സി ടി ഇ യുടെയും സംസ്ഥാന  സർക്കാരിന്റെയും അന്തിമ അനുമതിക്ക്  വിധേയമായിട്ടായിരിക്കും കോഴ്സുകൾ ആരംഭിക്കുക.

തിരുവനന്തപുരം ഗവ. എൻജിനിയറിങ്‌ കോളേജിൽ ബിടെക്  കംപ്യൂട്ടർ സയൻസിന്‌ അറുപത്‌ സീറ്റുകൾ കൂടി അനുവദിക്കും. ഇതിനൊപ്പം  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പവർ ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എംടെക് കോഴ്സുകൾക്ക് 18 സീറ്റ് വീതവും  അനുവദിച്ചിട്ടുണ്ട്. തൃശൂർ ഗവ. എൻജിനിയറിങ് കോളേജിൽ 18 സീറ്റുകൾ വീതമുള്ള 5 എംടെക് പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഇൻഡസ്ട്രിയൽ എൻജിനിയറിങ്, വി എൽ എസ് ഐ, ഇൻസ്ട്രുമെന്റേഷൻ, ഹെൽത്ത് സേഫ്റ്റി, ജിയോടെക്നിക്കൽ എന്നിവയാണ് കോഴ്സുകൾ.  പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ്‌ കോളേജിൽ 60 സീറ്റോടെ ബിടെക് സിവിൽ എൻജിനിയറിങ്ങും 18 സീറ്റുകൾ വീതമുള്ള എംടെക് റോബോട്ടിക്സ്, ഐ ഒ ടി എന്നിവയ്‌ക്കും അനുമതി നൽകി.

എയ്ഡഡ് മേഖലയിൽ കൊല്ലം ടി കെ എം എൻജിനിയറിങ് കോളേജിൽ ബിടെക്‌ കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനിയറിങ്‌ എന്നിവയിൽ പുതുതായി 60 സീറ്റുകളും 18 സീറ്റോടു കൂടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എംടെക് കോഴ്സും അനുവദിച്ചു.  കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബിടെക് റോബോട്ടിക്സ്, ഡാറ്റ സയൻസ് എന്നിവയിൽ 60 സീറ്റ് വീതം അനുവദിച്ചു. ഐ എച്ച്‌ ആർ ഡി യുടെ തൃക്കാക്കര മോഡൽ എൻജിനിയറിങ്‌ കോളേജിൽ 60 സീറ്റോടെ ബി ടെക് മെക്കാനിക്കൽ എൻജിനിയറിങ്‌  അനുവദിച്ചു.

തിരുവനന്തപുരം പാപ്പനംകോട് എസ് സി ടി കോളേജിൽ ബിടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 60 സീറ്റ് അനുവദിച്ചു. കേപ്പിന്റെ നിയന്ത്രണത്തിലുള്ള തലശേരി കോളേജ് ഓഫ് എൻജിനിയറിങ്ങിൽ  60 സീറ്റൊടെ എം ബി എ പ്രോഗ്രാം അനുവദിച്ചു.  നവീന ശാസ്ത്ര വിഭാഗങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റ സയൻസ്, മെഷീൻ ലേർണിങ്‌ തുടങ്ങിയ ബിടെക് കോഴ്സുകൾ 13 സ്വാശ്രയ കോളേജുകൾക്കും അനുവദിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top