തിരുവനന്തപുരം
സംസ്ഥാനത്ത് എൻജിനിയറിങ് കോളേജുകളിലെ ബി ടെക് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ ഫീസ് ആഗസ്‌ത് നാലിന് പകൽ മൂന്നിനകം അടയ്‌ക്കണം. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഹെഡ് പോസ്‌റ്റ് ഓഫീസുകൾ മുഖേനയോ ഓൺലൈൻ പെയ്‌മെന്റായോ നൽകാം. ഫീസ് ഒടുക്കിയില്ലെങ്കിൽ ഓപ്‌ഷനുകൾ റദ്ദാകും. തുടർന്നുള്ള അലോട്ടുമെന്റുകളിൽ പരിഗണിക്കില്ല. ആദ്യഘട്ടത്തിൽ അലോട്ടുമെന്റ് ലഭിക്കുന്നവർ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗവ. എൻജിനിയറിങ് കോളേജുകളിലേക്ക് പ്രവേശനം ലഭിച്ചവർ (എസ്‌സി, എസ്‌ടി, ഒഇസി ഒഴികെ) 1000 രൂപ കോഷൻ ഡിപ്പോസിറ്റായി ഒടുക്കണം.
രണ്ടാംഘട്ട അലോട്ട്മെന്റ് പ്രക്രിയ ഇന്ന് തുടങ്ങും
എൻജിനിയറിങ് പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ടുമെന്റിന് ഓപ്‌ഷൻ പുനക്രമീകരിക്കുന്നതിനും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്ക് ഓപ്‌ഷൻ നൽകുന്നതിനുമുള്ള സൗകര്യം തിങ്കൾ മുതൽ ആഗസ്‌ത് നാലിന് വൈകിട്ട് നാലുവരെ ലഭ്യമാകും. രണ്ടാംഘട്ട താൽക്കാലിക അലോട്ടുമെന്റ് ഏഴിനും രണ്ടാം അന്തിമ അലോട്ടുമെന്റ് എട്ടിനും പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിൽ അലോട്ടുമെന്റ് ലഭിച്ചവർക്ക് 16 വരെ ഫീസ് അടയ്‌ക്കാം. ഹെൽപ് ലൈൻ: 0471252530 രണ്ടാം ഘട്ടം ഉൾപ്പെടുത്തിയ കോളേജുകൾ: മലപ്പുറം കുറ്റിപ്പുറം കെഎംസിടി, കോട്ടയം കങ്ങഴ ഗ്രിഗോറിയൻ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊല്ലം, ശാസ്‌താംകോട്ട ബസേിലയസ് മാത്യൂസ്.
ആർക്കിടെക്‌ചർ
കോഴ്‌സുകളിലും
അപേക്ഷിക്കാം
എൻജിനിയറിങ് ബിരുദ കോഴ്‌സുകളുടെ രണ്ടാംഘട്ട അലോട്ടുമെന്റ് ഘട്ടത്തിൽ ആർക്കിടെക്‌ചർ (ബി ആർക്) കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ടുമെന്റ് നടപടികളും ആരംഭിച്ചു. പ്രവേശന കമീഷണറുടെ ആർക്കിടെക്‌ചർ റാങ്ക് ലിസ്‌റ്റിലുള്ളവർക്ക് നാല് വരെ ഓപ്‌ഷൻ രജിസ്‌റ്റർ ചെയ്യാം. എട്ടിന് അലോട്ടുമെന്റ് പ്രസിദ്ധീകരിക്കും. സർക്കാർ, എയ്‌ഡഡ്, സ്വയംഭരണ കോളേജുകളിൽ വാർഷിക ഫീസ് 8650 രൂപയാണ്. സ്വാശ്രയ കോളേജുകളിൽ വ്യത്യസ്‌ത ഫീസ് നിരക്കാണ്. വിവരങ്ങൾക്ക്: https://www.cee.kerala.gov.in/keam2023/noti_view/69/Upload2
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..