24 April Wednesday
കണക്കും ഊർജതന്ത്രവും പഠിക്കാത്തവർക്കും എൻജിനിയറിങ്‌ പ്രവേശനമെന്നത്‌ വിമർശിക്കപ്പെട്ടിരുന്നു

എൻജിനിയറിങ്‌ പ്രവേശനം: എഐസിടിഇ തീരുമാനം പുനഃപരിശോധിക്കുന്നു

സ്വന്തം ലേഖകൻUpdated: Friday Jun 25, 2021

ന്യൂഡൽഹി > പ്ലസ്‌ ടു തലത്തിൽ കണക്കും ഊർജതന്ത്രവും പഠിക്കാത്തവർക്കും എൻജിനിയറിങ്‌ പ്രവേശനത്തിനു അനുമതി നൽകിയ തീരുമാനം എഐസിടിഇ(അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ) പുനഃപരിശോധിക്കുന്നു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിൽ എഐസിടിഇ തീരുമാനത്തിൽ നിതി ആയോഗ്‌ പ്രതിനിധി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്‌. തെറ്റായ ദിശയിലുള്ള തീരുമാനമാണ്‌ ഇതെന്ന്‌ ശാസ്‌ത്രജ്ഞനും നിതി ആയോഗ്‌ അംഗവുമായ വി കെ സാരസ്വത്‌ യോഗത്തിൽ ചൂണ്ടിക്കാട്ടി.

കണക്ക്‌, ഊർജതന്ത്രം, രസതന്ത്രം, കംപ്യൂട്ടർ സയൻസ്‌, ഇലക്‌ട്രോണിക്‌സ്‌, വിവരസാങ്കേതിക വിദ്യ, ജീവശാസ്‌ത്രം, ജൈവസാങ്കേതിക വിദ്യ, ഇൻഫോമാറ്റിക്‌സ്‌ പ്രാക്ടീസസ്‌, എൻജിനിയറിങ്‌ ഗ്രാഫിക്‌സ്‌, ബിസിനസ്‌ സ്‌റ്റഡീസ്‌, സംരംഭകത്വം, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയം, അഗ്രികൾച്ചർ എന്നിവയിൽ ഏതെങ്കിലും മൂന്ന്‌ എണ്ണത്തിൽ 45 ശതമാനം മാർക്ക്‌  നേടിയവർക്ക്‌ എൻജിനിയറിങ്‌ പ്രവേശനം നേടാമെന്ന പരിഷ്‌കാരമാണ്‌ എഐസിടിഇ കൊണ്ടുവന്നത്‌. എന്നാൽ, കണക്കും ഊർജതന്ത്രവും പഠിക്കാത്തവർ നാല്‌ വർഷ ബിടെക് കോഴ്‌സിനിടെ ഇവ ബ്രിഡ്‌ജ്‌ കോഴ്‌സായി പൂർത്തീകരിക്കണം. ഈ പരിഷ്‌കാരത്തെ ഒട്ടേറെ വിദഗ്‌ധർ എതിർത്തു.

തീരുമാനത്തിൽ എഐസിടിഇ ഉറച്ചുനിൽക്കുകയാണെങ്കിലും ഭാഗികമായി ഭേദഗതി വരുത്താനാണ്‌ നീക്കം. പ്ലസ്‌ ടു തലത്തിൽ കണക്കും ഊർജതന്ത്രവും പഠിക്കാത്തവർക്ക്‌ ചേരാൻ കഴിയുന്ന എൻജിനിയറിങ്‌ കോഴ്‌സുകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും. ഇതിനായി കെ കെ അഗർവാളിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top