09 May Thursday

ക്ലാറ്റ്‌ പരീക്ഷാ പാറ്റേൺ മാറും; അപേക്ഷ ജനുവരി 1 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019


തിരുവനന്തപുരം
2020 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്(ക്ലാറ്റ്) അപേക്ഷ ജനുവരി  ഒന്നു മുതൽ നൽകാം. മെയ്‌ പത്തിനാണ്‌ അടുത്ത ക്ലാറ്റ്‌ പരീക്ഷ.  രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന നിയമ പ്രവേശനപ്പരീക്ഷയാണ് ക്ലാറ്റ്. ഇത്തവണ ക്ലാറ്റ്‌ പരീക്ഷ പാറ്റേണിൽ മാറ്റം വരുത്തുമെന്ന്‌  ദേശീയ നിയമ സർവകലാശാല കൺസോർഷ്യം വ്യക്തമാക്കി. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ മാനസിക സമർദ്ദം കുറയ്‌ക്കാനാണ്‌ പരീക്ഷ പാറ്റേണിൽ മാറ്റം വരുത്തുന്നത്‌.  200 ചോദ്യങ്ങളുള്ള ക്ലാറ്റ്‌ പരീക്ഷയുടെ ചോദ്യങ്ങൾ 120 മുതൽ 150 വരെയാക്കി കുറയ്‌ക്കാനാണ്‌ തീരുമാനം.  ഇംഗ്ലീഷ് , ജനറൽ നോളജ് ആൻഡ് കറന്റ്‌ അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കൽ എബിലിറ്റി), ലീഗൽ ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽനിന്ന്‌ ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.

വിവിധ ദേശീയ നിയമ സർവകലാശാലകളിലായി ബിഎ എൽഎൽബി , ബിഎസ്‌സി എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി, ബിഎസ്ഡബ്ല്യു  എൽഎൽബി എന്നീ ബിരുദതല ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ ലഭ്യമാണ്. പിജി തലത്തിൽ, എൽഎൽഎം കോഴ്‌സാണുള്ളത്.

ബിരുദതലത്തിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിൽ പ്രവേശനം തേടുന്നവർ പ്ലസ് ടു തല പരീക്ഷ ജനറൽ/ഒബിസി /പിഡബ്ല്യുഡി/എൻആർഐ തുടങ്ങിയ വിഭാഗക്കാരെങ്കിൽ 45 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് 40 ശതമാനം /തത്തുല്യ ഗ്രേഡ് മതി.ഒരുവർഷം ദൈർഘ്യമുള്ള എൽഎൽഎം  പ്രോഗ്രാം പ്രവേശനത്തിന് എൽഎൽ ബി/തത്തുല്യ ബിരുദം വേണം. ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ തുടങ്ങിയ വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് ബിരുദതലത്തിൽ ഉണ്ടായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം /തത്തുല്യ ഗ്രേഡ് മതി.

കേരളത്തിൽ നുവാൽസ്
കളമശേരി നുവാൽസിലെ  പഞ്ചവത്സര ബി എ  എൽഎൽ ബി. ഓണേഴ്‌സ്, ഒരുവർഷത്തെ എൽഎൽ എം. എന്നീ കോഴ്‌സുകളിലെ പ്രവേശനം ക്ലാറ്റിന്റെ പരിധിയിൽ വരുന്നവയാണ്. ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോദ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്‌നൗ, പട്യാല, പട്‌ന, കട്ടക്, റാഞ്ചി, ഗുവാഹാട്ടി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഷിംല, ഔറംഗാബാദ്, ജബൽപുർ എന്നിവിടങ്ങളിലാണ് മറ്റ് ദേശീയ നിയമ സർവകലാശാലകൾ. വിശദവിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. 

വിജ്‌ഞാപനത്തിനായി    www.clatconsortiumofnlu.ac.in വെബ്‌സൈറ്റ്‌ പരിശോധിക്കുക. അതേ സമയം www.clatconsoritumofnlu.in എന്ന ഒരു ഫേക് വെബ്‌സൈറ്റ്‌ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിന്‌ കൺസോർഷ്യവുമായി ബന്ധമില്ലെന്നും വിദ്യാർഥികൾ യഥാർഥ വെബ്‌വിലാസത്തിൽ വിവരങ്ങൾ പരിശോധിക്കണമെന്നും ക്ലാറ്റ്‌ വെബ്‌സൈറ്റ്‌ ബുള്ളറ്റിനിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top