19 April Friday

മാറ്റങ്ങളോടെ ക്ലാറ്റ്‌ 2020 ; ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 2, 2020


തിരുവനന്തപുരം
2020ലെ കോമൺ ലോ അഡ്മിഷൻ ടെസ്‌റ്റിന്‌(ക്ലാറ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ബുധനാഴ്‌ച ആരംഭിച്ചു. രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ എൽഎൽബി, എൽഎൽഎം നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന നിയമ പ്രവേശനപ്പരീക്ഷയായ ക്ലാറ്റ് മെയ്‌ 10 നാണ്‌ നടക്കുക.  മാർച്ച്‌ 31 വരെ അപേക്ഷിക്കാം.  മെയ്‌ 11-ന് ഉത്തരസൂചിക അപ്‌ലോഡ്‌ ചെയ്യും. 12 മുതൽ 15 വരെ പരാതികൾ അറിയിക്കാം. അന്തിമ ഉത്തരസൂചിക മെയ്‌ 18നും പരീക്ഷാഫലം  24നും  പ്രസിദ്ധീകരിക്കും.

ഇത്തവണ ക്ലാറ്റ്‌ പരീക്ഷാ പാറ്റേണിൽ മാറ്റം വരുത്തിയിട്ടുണ്ട്‌. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്‌ക്കാനാണ്‌ ഈ മാറ്റമെന്നാണ്‌ വിശദീകരണം. ചോദ്യങ്ങൾ 150 ആക്കി കുറച്ചു. രണ്ട്‌ മണിക്കൂറായിരിക്കും പരീക്ഷാ സമയം. ഇംഗ്ലീഷ് , ജനറൽ നോളജ് ആൻഡ് കറന്റ്‌ അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കൽ എബിലിറ്റി), ലീഗൽ ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽനിന്ന്‌ ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. തെറ്റായ ഉത്തരങ്ങൾക്ക്‌  0.25 നെഗറ്റീവ്‌ മാർക്കുമുണ്ട്‌.  കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ 10+2 ആണ് യോഗ്യത. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് എൽഎൽബി ബിരുദമാണ് യോഗ്യത.


 

വിവിധ ദേശീയ നിയമ സർവകലാശാലകളിലായി ബിഎ എൽഎൽബി , ബിഎസ്‌സി എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി, ബിഎസ്ഡബ്ല്യു എൽഎൽബി എന്നീ ബിരുദതല ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ ലഭ്യമാണ്. പിജി തലത്തിൽ, എൽഎൽഎം കോഴ്‌സാണുള്ളത്.ബിരുദതലത്തിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിൽ പ്രവേശനം തേടുന്നവർ പ്ലസ് ടു തല പരീക്ഷ ജനറൽ/ഒബിസി /പിഡബ്ല്യുഡി/എൻആർഐ തുടങ്ങിയ വിഭാഗക്കാരെങ്കിൽ 45 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് 40 ശതമാനം /തത്തുല്യ ഗ്രേഡ് മതി. ഒരുവർഷം ദൈർഘ്യമുള്ള എൽഎൽഎം  പ്രോഗ്രാം പ്രവേശനത്തിന് എൽഎൽ ബി/തത്തുല്യ ബിരുദം വേണം. ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ തുടങ്ങിയ വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് ബിരുദതലത്തിൽ ഉണ്ടായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം /തത്തുല്യ ഗ്രേഡ് മതി. 2020 ഏപ്രിൽ മെയ്‌ മാസങ്ങളിൽ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും ക്ലാറ്റിന്‌ അപേക്ഷിക്കാം. ജനറൽ വിഭാഗങ്ങൾക്ക്‌ 4000 രൂപയും എസ്‌സി/എസ്‌ടി/ ബിപിഎൽ വിഭാഗങ്ങൾക്ക്‌ 3,500 രൂപയുമാണ്‌ എൽഎൽബി, എൽഎൽഎം വിഭാഗങ്ങളിൽ അപേക്ഷാ ഫീസ്‌. സിലബസ്‌, മാതൃകാചോദ്യം,  അപേക്ഷകർക്കുള്ള മാർഗനിർദേശങ്ങൾ  എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും.

അവസരങ്ങളേറെ
രാജ്യത്തെ പ്രധാന നിയമ പഠന പ്രവേശന കവാടമാണ് കോമൺ ലോ അഡ്മിഷൻ ടെസ്‌റ്റ്‌ അഥവാ ‘ക്ലാറ്റ് എക്‌സാം’. മുമ്പ്‌ നിയമ ബിരുദധാരിക്ക്‌ വളരെ കുറച്ച്  തൊഴിൽ അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ.  ഇന്ന് കാലത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയോടെ ഒരു നിയമ ബിരുദധാരിയുടെ തൊഴിൽ അവസരങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു.  കോർപറേറ്റ് ലോകത്ത് ലോ ബിരുദധാരിക്ക്‌ ആകർഷകമായ ശമ്പള പാക്കേജുകളുള്ള നിരവധി തൊഴിൽ അവസരങ്ങളുണ്ട്. എല്ലാ തൊഴിലുകളെയും പോലെ ഇവിടെയും മത്സരം കടുത്തതാണ്‌. ലോ സർവകലാശാലകളുടെയും വിദ്യാർഥികളുടെയും എണ്ണവും വളരെയധികം വർധിച്ചു. വിദേശ നിയമ സർവകലാശാലകളോട് കിടപിടിക്കും വിധം ഉയർന്ന അക്കാദമിക്‌  നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളാണ് രാജ്യത്തെ  21 ദേശീയ നിയമ  സർവകലാശാലകൾ .

കോഴ്സിന്റെ അവസാന വർഷങ്ങളിൽ തന്നെ  ആകർഷകമായ വേതനത്തോടുകൂടിയ ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌  ഇത്തരം സർവകലാശാലകളുടെ പ്രത്യേകതയാണ്‌. ഇവിടേക്കുള്ള പ്രവേശനം ദേശീയതലത്തിലുള്ള  കോമൺ ലോ അഡ്മിഷൻ ടെസ്‌റ്റ്‌(ക്ലാറ്റ്) മുഖേനയായതിനാൽ തികഞ്ഞ നിശ്ചയ ദാർഢ്യത്തോടെയും അച്ചടക്കത്തോടെയുമുള്ള പരിശീലനം അനിവാര്യമാണ്‌.

കേരളത്തിൽ നുവാൽസ്
ക്ലാറ്റ്  സ്കോർ അടിസ്ഥാനമാക്കി പ്രവേശനം നൽകുന്ന ദേശീയ സർവകലാശാലകളിൽ ഒന്നു കേരളത്തിലുമുണ്ട്‌.  കൊച്ചി കളമശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് .  ഇവിടെ ഗ്രാജുവേറ്റ് ലെവൽ കോഴ്സ് 5 വർഷത്തെ ഇരട്ട ഡിഗ്രി പ്രോഗ്രാം ആണ്. നുവാൽസിലെ പഞ്ചവത്സര ബിഎ  എൽഎൽ ബി  ഓണേഴ്‌സ്, ഒരുവർഷത്തെ എൽഎൽഎം എന്നീ കോഴ്‌സുകളിലെ പ്രവേശനം ക്ലാറ്റിന്റെ പരിധിയിൽ വരുന്നവയാണ്. ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോദ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്‌നൗ, പട്യാല, പട്‌ന, കട്ടക്, റാഞ്ചി, ഗുവാഹത്തി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഷിംല, ഔറംഗാബാദ്, ജബൽപുർ എന്നിവിടങ്ങളിലാണ് മറ്റ് ദേശീയ നിയമ സർവകലാശാലകൾ. വിശദ വിജ്‌ഞാപനത്തിനായി   www.clatconsortiumofnlu.ac.in വെബ്‌സൈറ്റ്‌ പരിശോധിക്കുക. അതേ സമയം www.clatconsoritumofnlu.in എന്ന ഒരു വ്യാജ വെബ്‌സൈറ്റ്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യഥാർഥ വെബ്‌വിലാസത്തിൽ  പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top