24 April Wednesday

പഠിക്കാം ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ; സാധ്യതകളേറെ

എം വി പ്രദീപ്‌Updated: Sunday Jan 26, 2020


തിരുവനന്തപുരം
എബിസിഡി എന്ന്‌ ചുരുക്കപ്പേരിലറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക്‌ചെയിൻ കോംപീറ്റൻസി ഡെവലപ്‌മെന്റ് കോഴ്‌സിന്‌ പ്രാധാന്യം കൂടുകയാണ്. അനുദിനം വികസിക്കുന്ന ഈ മേഖലയിൽ കഴിവുതെളിയിക്കുന്നവരെ കാത്തിരിക്കുന്നത് ഉയർന്ന ശമ്പളത്തിലുള്ള തൊഴിലവസരങ്ങളാണ്. കോഴ്‌സിന്റെ സാധ്യതകൾ മുന്നിൽക്കണ്ട്‌ സംസ്ഥാന സർക്കാർതന്നെ  കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നോവേഷൻ സ്‌ട്രാറ്റെജിസ്‌ കൗൺസിൽ (കെ ഡിസ്‌ക്‌) മുഖേന കോഴ്‌സ്‌ അവതരിപ്പിക്കുന്നു. ഐഎസിടി അക്കാദമിയുടെയും ഐഐഐടിഎംകെയുടെയും സഹകരണത്തോടെയാണ്‌ പഠനം.

തിരുവന്തപുരം, തൃശൂർ, എറണാകുളം,  കോഴിക്കോട്  എന്നിവിടങ്ങളിലുള്ള ഐസിടി അക്കാദമിയിൽ കോഴ്‌സ്‌ പഠിക്കാം. ലോകമാകെ വർധിച്ച തൊഴിൽ സാധ്യതയുള്ള ഈ മേഖലയിൽ കുറഞ്ഞത്‌ 25000 മലയാളികളെയെങ്കിലും  വിദഗ്‌ധരാക്കിയെടുക്കുകയാണ്‌ ഐസിടി അക്കാദമിയുടെ ലക്ഷ്യമെന്ന്‌ നോളജ്‌ ഓഫീസർ ഡോ. എസ്‌ പ്രദീപ്‌ പറഞ്ഞു.  നിലവിൽ ഇൻഡസ്ട്രി ആവശ്യപ്പെടുന്ന അത്രയും വിദഗ്‌ധരെ ഇപ്പോഴും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്.  ഉയർന്ന തൊഴിൽ സാധ്യതയാണ് കോഴ്‌സ് ഉറപ്പുനൽകുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ സർക്കാർതലത്തിൽ ബ്ലോക്‌ചെയിൻ കോഴ്‌സ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ബ്ലോക്ക് ചെയിൻ?
ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റെക്കോർഡിനെ ബ്ലോക്ക് എന്നു പറയാം. ഇത്തരത്തിലുള്ള പല ബ്ലോക്കുകൾ ചേർന്ന്‌ രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങൾ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റൽ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.

ആഗോളതലത്തിൽത്തന്നെ ബ്ലോക്ക് ചെയിൻവഴി ആയിരക്കണക്കിന്‌ സെർവറുകളിൽ ഡേറ്റ ശേഖരിച്ചു വയ്ക്കാം. ഏത്‌ പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാനും കഴിയും. കൃഷി മുതൽ ആരോഗ്യമേഖലയിൽവരെ ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക വിദ്യയാണിത്.

എന്തിന് പഠിക്കണം?
വരും വർഷങ്ങളിൽ ബ്ലോക്ക്‌ചെയിൻ, ഫുൾസ്റ്റാക് തൊഴിൽ രംഗത്തെ അവസരം ഇരട്ടിയായി വർധിക്കുകയാണെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ വിദഗ്ധരെ തേടിയെത്തുന്നത് നിരവധി തൊഴിലവസരങ്ങളാകും. ഇപ്പോൾ ലഭിക്കുന്നതിനെ  അപേക്ഷിച്ച് നാൽപ്പത് ശതമാനം അധികം ശമ്പളവർധനയും തൊഴിൽരംഗം വാഗ്ദാനം ചെയ്യുന്നുവെന്നതും പ്രത്യേകതയാണ്.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഡസ്ട്രി കൺസോർഷ്യത്തിന്റെയും സർക്കാരിന്റെയും അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. അതിനാൽതന്നെ ഇവിടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തൊഴിൽ വിപണിയിൽ മൂല്യം കൂടും.

ഇപ്പോൾ ബാങ്കുകൾ, ലോജിസ്റ്റിക് കമ്പനികൾ, ആരോഗ്യപരിപാലന സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെല്ലാംതന്നെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ബ്ലോക്ക്‌ചെയിനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വ്യത്യസ്ത മേഖലകളിൽ തൊഴിൽ തേടാനാകും. മാത്രമല്ല, വിദേശരാജ്യങ്ങളിലും  സാധ്യതകളേറെ.

രണ്ട് ഭാഗമായുള്ള സർട്ടിഫിക്കേഷൻ
ബിരുദധാരികൾക്കും തൊഴിൽ ചെയ്യുന്നവർക്കുമായി ഉപകാരപ്രദമായ രീതിയിലുള്ള പരിശീലനമാണ്‌ ഒരുക്കിയിരിക്കുന്നത്. എബിസിഡിയിൽ രണ്ടു ഭാഗമായുള്ള  പരിശീലനമാണ്‌ നൽകുന്നത്. ഫുൾ-സ്റ്റാക് ഡെവലപ്പർ സർട്ടിഫിക്കറ്റും 3  ലെവൽ  ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യാ സർട്ടിഫിക്കറ്റും. ഫുൾസ്റ്റാക്കിന് 160 മണിക്കൂറാണ് സമയം. സംസ്ഥാന സർക്കാരിനുകീഴിലുള്ള ഐസിടി അക്കാദമിയും കേരള ബ്ലോക്ക് ചെയിൻ അക്കാദമിയുമാണ്  കോഴ്‌സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ഫുൾ സ്റ്റാക്കിൽ രണ്ടുവർഷത്തെ പരിചയമുള്ള തൊഴിൽ ചെയ്യുന്നവർക്ക് കേരള ബ്ലോക്ക്‌ചെയിൻ അക്കാദമിയിൽ നേരിട്ട് അപേക്ഷിക്കാം.
പ്രവേശന രീതി

കംപ്യൂട്ടർ സയൻസ് ബേസിക്‌സ്, ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷൻ സ്‌കിൽ ട്രെയിനിങ് പ്രോഗ്രാമിലേക്ക്‌  വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. എൻജിനിയറിങ്‌ ആൻഡ് സയൻസിൽ ബിരുദമുള്ള വിദ്യാർഥികൾക്കും വർക്കിങ്‌ പ്രൊഫഷണലുകൾക്കും ഫെബ്രുവരി 15ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ്- 500 രൂപ. (പ്രവേശന പരീക്ഷയിൽ 60 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഫീസിനത്തിൽ 50 ശതമാനം ഇളവും സ്ത്രീകൾക്ക് സൗജന്യമായി ഫുൾ സ്റ്റാകും ബ്ലോക്ക് ചെയിൻ കോഴ്സും പഠിക്കാം). ഇതുകൂടാതെ, ഫുൾ  സ്റ്റാക്കിൽ പ്രാവീണ്യം നേടിയവർക്ക്  ഐസിടി അക്കാദമിയുടെ യോഗ്യതാ  പരീക്ഷയിൽ പങ്കെടുക്കാം. ജയിക്കുന്നവർക്ക്‌ നേരിട്ട് ബ്ലോക്ക് ചെയിൻ കോഴ്സിലേക്ക്‌ പ്രവേശനം ലഭിക്കും.

ഫൗണ്ടേഷൻ സ്‌കിൽ ട്രെയിനിങ്‌
എച്ച്ടിഎംഎൽ 5, സിഎസ്എസ് 3, ജാവാ സ്‌ക്രിപ്റ്റ്, ആൻഗുലാർ ജെഎസ്, എക്‌സ്പ്രസ് ജെഎസ്, നോഡ് ജെഎസ്, മോങ്കോ ഡിബി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഫൗണ്ടേഷൻ സ്‌കിൽ പ്രോഗാം. 160 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം( 30 ദിവസം).  വർക്കിങ്‌ പ്രൊഫഷണലുകൾക്കായി വാരാന്ത്യ  സെഷനുമുണ്ട്. 84 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം(എട്ട് ആഴ്ചവരെ).

ഫീസ്-
ബിരുദ വിദ്യാർഥികൾക്ക് 14,400 രൂപയാണ് കോഴ്‌സ് ഫീ. ഡിസ്‌കൗണ്ട്- 4,500 രൂപ. വർക്കിങ്‌ പ്രൊഫഷണലുകൾക്ക് 18,000 രൂപ.

ബ്ലോക്ക്‌ചെയിൻ അസോസിയറ്റ് ട്രെയിനിങ്‌
ബിരുദധാരികൾക്ക് 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 6000 രൂപയാണ് ഫീസ്. വർക്കിങ്‌ പ്രൊഫഷണലുകൾക്ക് 15,000 രൂപയും(ക്ലാസുകൾ ശനിയാഴ്ചയാകും നടത്തുക).

ബ്ലോക്ക്‌ചെയിൻ ഡെവലപ്പർ ട്രെയിനിങ്‌
ബരുദധാരികൾക്ക് ഫീസ്- 20,000 രൂപ. 8,500 രൂപ ഫീസിനത്തിൽ ഇളവും ലഭിക്കും. കോഴ്‌സ് ദൈർഘ്യം- 90 മണിക്കൂർ. വർക്കിങ്‌ പ്രൊഫഷണലുകൾ: ഫീസ്- 35,000. കോഴ്‌സ് ദൈർഘ്യം- 90 മണിക്കൂർ.

ബ്ലോക്ക്‌ചെയിൻ ആർക്കിടെക്ട് ട്രെയിനിങ്‌
റെഗുലർ ഫീസ്- 24,000.(വർക്കിങ്‌ പ്രൊഫഷണലുകൾക്ക്- 50000). കോഴ്‌സ് ദൈർഘ്യം -330 മണിക്കൂർ(30 ആഴ്ച മുഴുവൻ സമയ ക്ലാസ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top