19 April Friday

നൈപുണ്യ വികസന കോഴ്‌സുകൾക്ക്‌ ഇനി ഏകീകൃത പ്ലാറ്റ്‌ഫോം ‘കെ സാപ്‌’

എം വി പ്രദീപ്‌Updated: Friday Sep 30, 2022



തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ഏജൻസികളുടെ നൈപുണ്യ വികസന കോഴ്‌സുകൾക്ക്‌ ഏകീകൃത പ്ലാറ്റ്‌ഫോം ആയി.  അസാപ്‌ കേരളയുടെ കീഴിലാണ്‌ കേരള സ്‌കിൽ അക്രഡിറ്റേഷൻ പ്ലാറ്റ്ഫോം (കെ -സാപ്) തയ്യാറാക്കിയിരിക്കുന്നത്‌. കേരളത്തിലെ സ്‌കിൽ പരിശീലന ഏജൻസികൾക്ക് അക്രഡറ്റേഷൻ നൽകാനുള്ള ചുമതലയും കെ സാപ്പിനായിരിക്കും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൈപുണ്യപരിശീലനം നൽകുന്ന പൊതു സ്വകാര്യ ഏജൻസികളുടെ കോഴ്‌സുകൾ ദേശീയനിലവാരത്തിൽ ഉയർത്തി കേന്ദ്ര സർക്കാർ അംഗീകൃത കോഴ്‌സാക്കി മാറ്റുക, വ്യാവസായിക ആവശ്യങ്ങൾക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് പരിശീലനത്തെ ഉയർത്തുക, കാലാനുസൃതമായി  കരിക്കുലം പരിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌  അസാപ്‌ കേരളയ്‌ക്ക്‌ കീഴിൽ കെ സാപ്‌ തുടങ്ങുന്നത്‌. ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ കേരളത്തിൽ വിവിധ ഏജൻസികൾ നടത്തുന്ന എല്ലാ  തൊഴിലധിഷ്‌ഠിത കോഴ്‌സുകൾക്കും ദേശീയതലത്തിൽ അംഗീകാരം ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശാനുസരണമാണ്‌ കെ സാപ്‌  പദ്ധതി അസാപ്‌  തയ്യാറാക്കിയത്‌. 

നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ആൻഡ്  എഡ്യൂക്കേഷണൽ  ട്രെയിനിങ്‌ (എൻസിവിഇടി)യുടെ അംഗീകൃത ഏജൻസിയും അവാർഡിങ്‌ ബോഡിയുമായി അസാപ് കേരള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്ന നൈപുണ്യ പരിശീലന കോഴ്‌സുകൾ  എൻഎസ്‌ക്യുഎഫ്  നിലവാരത്തിൽ കൊണ്ടുവരികയെന്ന ദൗത്യമാണ് അസാപ് രൂപീകരിച്ച കെ സാപ്‌  നിർവഹിക്കുക. അക്രഡിറ്റേഷന്റെ ഭാഗമായി  സംസ്ഥാനത്തെ മുഴുവൻ ഏജൻസികളുടെയും നൈപുണ്യവികസന കോഴ്‌സുകളുടെ കരിക്കുലം തയ്യാറാക്കുന്നതും പരീക്ഷാ നടത്തിപ്പും കെ സാപ്പിന്റെ ചുമതലയിലായിരിക്കും. ദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റും കെ സാപ്‌ നൽകും. സംസ്ഥാനത്ത്‌ നൈപുണ്യപരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്കെല്ലം മാർഗനിർദേശവും ഗുണനിലവാരവും പാലിച്ച്‌ കെ സാപ്പിന്റെ അക്രഡിറ്റേഷനും സ്വന്തമാക്കാൻ അവസരം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top