29 March Friday

അനന്തസാധ്യതകള്‍ അനിമേഷന്‍

കെ എന്‍ ശ്രീകുമാര്‍Updated: Thursday Nov 17, 2016

ലോകം മുഴുവന്‍ നൂതന സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് മാറുകയാണ്. യുവജനതയുടെ വൈഭവം പുതിയ സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് ദൈനംദിനം മാറുന്നു. പുതിയ കാലത്തിന്റെ സാങ്കേതികവും സര്‍ഗാത്മകവുമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടു മാത്രമേ നമുക്ക് മുന്നേറാനാകൂ.

കാലങ്ങളായി അനിമേഷന്‍ ആന്റ് ഗെയിമിങ് രംഗത്ത് ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. അനിമേഷന്‍ ആന്‍ഡ് ഗെയിമിങ് രംഗത്ത് ഇന്ത്യയുടെ സ്ഥാനം മുന്‍പന്തിയിലാണ്. ലോകത്തിലെ വിനോദ വ്യവസായ രംഗത്തെ പ്രമുഖരെല്ലാം ഇന്ന് അനിമേഷനും മറ്റുമായി ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ അനിമേഷന്‍ ആന്‍ഡ്  ഗെയിമിങ് മേഖലകളില്‍ ഒരു കുതിച്ചുചാട്ടത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷിക്കുന്നു.

കാര്‍ട്ടൂണുകള്‍ കണ്‍കുളിര്‍ക്കെ കാണാത്തവര്‍ വിരളമായിരിക്കും. കുട്ടികള്‍ എല്ലാവരും തന്നെ കാര്‍ട്ടൂണ്‍ ചാനലുകളുടെ മുന്നിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. കംപ്യൂട്ടര്‍ ഗെയിംസ്, മൊബൈല്‍ ഫോണ്‍ ഗെയിംസ്, വീഡിയോ ഗെയിംസ് തുടങ്ങിയവ കളിക്കാന്‍ ഇഷ്ടപ്പെടാത്തവരുമുണ്ടാവില്ല. പുരാണ കഥാപാത്രങ്ങള്‍ എല്ലാംതന്നെ അനിമേഷന്‍ ചിത്രങ്ങളിലൂടെ വീട്ടിലെ സ്വീകരണ മുറിയിലെത്തിക്കഴിഞ്ഞു. ഹനുമാന്‍, ചോട്ടാഭീം, രാമായണം, തെന്നാലിരാമന്‍ അങ്ങിനെപോകുന്നു അനിമേഷന്‍ ചിത്രങ്ങളുടെ നിര. കൂടാതെ മൈടി രാജു, റിയോ കോളിങ്, മോട്ടു പത്ലു, കൊച്ചടയാന്‍, ചാര്‍ സാഹിബ് സാദെ ഇവ ആസ്വദിക്കാത്ത കുട്ടികള്‍ വിരളമായിരിക്കും. ജുറാസിക് പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ്, അവതാര്‍ തുടങ്ങിയ അനിമേഷന്‍ ചലച്ചിത്രങ്ങളും 3ഡി ഇഫക്ടില്‍ പ്രദര്‍ശിപ്പിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പരസ്യ ചിത്രങ്ങളിലെല്ലാം തന്നെ അനിമേഷന്റെ സ്പര്‍ശം ശ്രദ്ധേയമാണ്. പ്രസിദ്ധങ്ങളായ ചലച്ചിത്രങ്ങളിലും അനിമേഷന്റെ സാന്നിധ്യം പ്രകടമായി കാണാം.

രാജ്യത്തിന്റെ ഭാവി വളര്‍ച്ചാമേഖലയിലെ അനിമേഷന്‍ ആന്‍ഡ് ് ഗെയിമിങ് വ്യവസായരംഗത്ത് സമീപഭാവിയില്‍ വന്‍ കുതിപ്പാണ് അനുഭവപ്പെടുവാന്‍ പോകുന്നത്. വാള്‍ട്ട് ഡിസ്നി, ഐമാക്സ് സോണി, വാര്‍ണര്‍ ബ്രദേഴ്സ്, പാരമൌണ്ട്, സെഞ്ച്വറി ഫോക്സ് എന്നീ ലോകത്തിലെ വന്‍കിട നിര്‍മാണ വ്യവസായികള്‍ ഇപ്പോള്‍തന്നെ അനിമേഷന്‍ ഗെയിമിങ് വ്യവസായത്തിനുവേണ്ടി ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഏറെ തൊഴില്‍ സാധ്യതകളുള്ള അനിമേഷന്‍ മേഖലയുടെ വളര്‍ച്ച കേരളത്തെപോലുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെ ഗുണകരമാണ്.

2006മുതല്‍ പ്രശസ്തങ്ങളായ പല വിദേശ ചിത്രങ്ങളിലും ഇന്ത്യന്‍ അനിമേഷന്റെ സംഭാവന കാണാം. നാസ്കോം റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് 45% അമേരിക്കയിലേക്കും 42% യൂറോപ്പിലേക്കും ബാക്കി 13% മറ്റു രാജ്യങ്ങളിലേക്കുമാണ് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ അനിമേഷന്‍ കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യന്‍ അനിമേഷന്‍ രംഗത്ത് 13% വര്‍ധനയാണ് 2014ല്‍ ഉണ്ടായിട്ടുള്ളത്. 2013ല്‍ 39.7 ബില്യന്‍ ആയിരുന്നത് 2014 ആയപ്പോഴേക്കും 44.9 ബില്യന്‍ ആയി (1 ബില്യന്‍ = 100 കോടി) ഇന്ത്യന്‍ അനിമേഷന്‍ ചലച്ചിത്രരംഗത്ത് വന്‍നേട്ടങ്ങളാണ് 2014ല്‍ ഉണ്ടായിട്ടുള്ളത്. ചാര്‍ സാഹിബ് സാദെ ഏകദേശം 332 മില്യന്‍ കളക്ട് ചെയ്തു. 10 ഓസ്കാര്‍ നോമിനേഷനുകളില്‍ 6 എണ്ണത്തിന്റെ ഢഎത ചെയ്തത് ഇന്ത്യയിലാണ്.

മാധ്യമ വിനോദ വ്യവസായ മേഖലയിലും വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിട്ടുള്ളത്. 2013ല്‍ 224 മില്യന്‍ അമേരിക്കന്‍ ഡോളറായിരുന്നത് 2014 ആയപ്പോഴേക്കും 380 മില്യന്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. 2015ലും ക്രമാനുഗതമായ വളര്‍ച്ചയാണ്.

ഡിജിറ്റല്‍ രംഗത്തും നവമാധ്യമരംഗത്തും 2014ലും 15ലും വന്‍നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തില്‍ രണ്ടാംസ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യയുടേത്. സ്മാര്‍ട്ട് ഫോണുകളുപയോഗിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ വിപണി.

ഗെയിമിങ് വിഭാഗത്തിലും ഇന്ത്യയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കണ്‍സോള്‍ ഗെയിമിലും മൊബൈല്‍ ഗെയിമിലുമെല്ലാം വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മൊബൈല്‍ ഗെയിമിങ്ങില്‍ 25 ബില്ല്യന്‍ അമേരിക്കന്‍ ഡോളറാണ് ഏകദേശം 42% വര്‍ധനയാണ് ഈ മേഖലയിലുണ്ടായ വളര്‍ച്ചാനിരക്ക്. സബ്വേ സര്‍ഫസ് ക്ളാഷ് ഓഫ് ക്ളാന്‍സ് മൈ ടോക്കിങ് ടോം എന്നിവയാണ് മൊബൈല്‍ ഗെയിമിങ്ങില്‍ പ്രധാനപ്പെട്ടവ.

ദേശീയ വിപണിയിലും അനിമേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാനിരക്ക് വളരെ കൂടുതലാണ്. ടെലിവിഷന്‍ ചാനലുകളുടെ എണ്ണക്കൂടുതലും വിനോദ വ്യവസായരംഗത്തെ വളര്‍ച്ചയും അനിമേഷന്‍ വ്യവസായത്തെ ദേശീയ വിപണിയില്‍ മുഖ്യധാരയിലെത്തിക്കുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അനിമേഷന്‍ പ്രധാനമായും 3 പ്രധാന ഘട്ടങ്ങളിലാണ് നിലകൊള്ളുന്നത്. വെബ്ബ് ഡിസൈനിങ്, വിനോദ വ്യവസായ ടെലിവിഷന്‍, ബ്രോഡ്കാസ്റ്റ് ചിത്രങ്ങള്‍ ഢഎത ഢഇഉ കണ്ടന്റ് ഡവലപ്മെന്റ് എന്നിങ്ങനെയായി തരംതിരിച്ചിരിക്കുന്നു. ഗെയിമിങ് വ്യവസായം ഓണ്‍ലൈന്‍ ഗെയിമിങ്, കണ്‍സോള്‍ ഗെയിമിങ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 3ഡി അനിമേഷന്‍, മോഷന്‍ പിക്ചര്‍ ക്യാപ്ച്ചറിങ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യയിലൂടെ അനിമേഷന്റെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. വിനോദ വ്യവസായ മേഖലയിലാണ് 70% അനിമേഷന്‍ വ്യവസായവും നടക്കുന്നത്. ഇന്ത്യന്‍ അനിമേഷന്‍ വ്യവസായത്തില്‍ ഏകദേശം 300 സ്റ്റുഡിയോകളിലായി ഏകദേശം 20000 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. പരിശീലനം സിദ്ധിച്ച ചിത്രകാരന്മാരുടെ അഭാവമാണ് ഈ വ്യവസായത്തെ അലട്ടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അനിമേഷന്‍ പരിശീലന കേന്ദ്രങ്ങള്‍ ഈ വ്യവസായത്തിന് അത്യന്താപേക്ഷിതമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top